Image

കാണിക്ക (ലഘു നാടകം- രണ്ടാം ഭാഗം: ബെന്നി ന്യൂജേഴ്‌സി)

Published on 19 November, 2017
കാണിക്ക (ലഘു നാടകം- രണ്ടാം ഭാഗം: ബെന്നി ന്യൂജേഴ്‌സി)
(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒറിയ എഴുത്തുകാരന്‍ ഡാഷ് ബെന്‍ഹറിന്‍െറ ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അമേരിക്കന്‍ മലയാളീ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച വികാരസാന്ദ്രമായ നാടകം)

ആത്മഗതം (ബാക്ക് ഗ്രൗണ്ട്)

"ജോച്ചായന്‍. എനിക്ക് ഒരു വയസ്സുണ്ടാര്‍ന്നപ്പോള്‍ അച്ചായന്‍ പെട്ടെന്നു മരിച്ചു. ജോച്ചായനന്ന് 17 വയസ്. ജോച്ചായന്‍ അന്ന്
പഠിത്തം നിര്‍ത്തി....."

(ഫ്‌ളാഷ് ബാക്ക്)
ജോമ്മാമ്മ 40 വയസ്സ്. 18 വയസ്സുളള ഒരു പയ്യന്‍, സി.എം.എസ്. കോളേജില്‍ ബിഎയ്ക്കുളള അഡ്മിഷന്‍ കാര്‍ഡ് കയ്യിലിരിക്കുന്നു ...
വീടിന്‍റെ ഉമ്മറത്ത് നിരാശനായി ഈ കാര്‍ഡും നോക്കിയിരിക്കുന്നു. ജോയമ്മാമ്മ കയറിവരുന്നു..
.
ജോമ്മാമ്മ: തോമാകുഞ്ഞേ, ഏന്നാ മോനേ ഈ കാര്‍ഡ്? മോനിതിലോട്ടു നോക്കി കുറേ നേരായല്ലോ ഇരിക്കാന്‍ തുടങ്ങിയിട്ട്?!

തോമാച്ചന്‍: (വളരെ സങ്കടത്തോടെ).... സി.എം.എസ് കോളേജീന്നുള്ള ബി.എ. യ്ക്കുളള അഡ്മിഷന്‍ കാര്‍ഡാ അമ്മാമ്മേ... ഞാന്‍ പോണില്ല. (തലകുനിച്ച് നില്‍ക്കുന്നു)

ജോമ്മാമ്മ: അതെന്നാ മോനേ.... അവിടെ കിട്ടീപ്പോ...

തോമാച്ചന്‍: ജോച്ചായന്‍റെ കൂടെ ഞാനും പണിക്കെറങ്ങുവാ അമ്മാമ്മേ...

ജോമ്മാമ്മ: മോനേ, നിയെന്നതാ ഈ പറേണത്. ജോച്ചായന്‍ മോനെ പഠിപ്പിച്ച് പഠിപ്പിച്ച് വല്യ ആളാക്കണമെന്നാ എപ്പോഴും പറയണെ... ഇപ്പോളത്തെ കാലത്ത് വല്ല്യ കാര്യോണ്ടോ പഠിപ്പില്ലാതെ മോനേ?....

തോമാച്ചന്‍: (കണ്ണുനിറഞ്ഞുകൊണ്ട്) അതിനൊക്കെ ഒത്തിരി പൈസയാകില്ലേ അമ്മാമ്മേ.. മ്മടെ കയ്യീലുണ്ടോ അതിനൊക്കെ?

ജോമ്മാമ്മ: (ഒരുനിമിഷം നിശബ്ദമാകുന്നു. എന്തോ ആലോചിക്കുന്നു വീണ്ടും ... നിശ്ചയ ദാര്‍ഢ്യത്തില്‍ കഴുത്തില്‍ കിടന്ന താലി മാല ഊരിയെടുക്കുന്നു.,... തോമാകുഞ്ഞിന്‍റെ വലതു കൈ പിടിച്ച് തുറന്നു നിവര്‍ത്തി അതിലേക്ക് ആ മാല വെച്ചുകൊടുക്കുന്നു..... കൈ മടക്കി കൊണ്ട്)...

ജോമ്മാമ്മ: മോനിത് കൊണ്ടു പോയി വിറ്റിട്ട് നാളെത്തന്നേ പോയി കോളേജില്‍ ചേര്...

തോമാച്ചന്‍: (വിതുമ്പുന്നു) ഇത് വിറ്റിട്ടോ... അമ്മാമ്മേ ഇത് വിറ്റിട്ടോ....ഇതു.. താലി മാലാ....!!!

ജോമ്മാമ്മ: (തീരുമാനിച്ചുറച്ചിട്ട്) അതേ മോനെ.. ഇതു വിറ്റിട്ട്... ജോമ്മാമ്മക്കെന്തിനാ ഈ സ്വര്‍ണ്ണമാല... കഴുത്തിന് ഒരു ഭാരമല്ലേ ജോമ്മാമ്മയ്ക്ക് ഈ മാല.... കള്ളന്‍മാരെ പേടിച്ചിട്ടാണെങ്കീ വയ്യ.... മോന്‍ പോയിയിതു വിറ്റ് കോളേജില്‍ ചേര്.... അമ്മാമ്മയാ പറയണത്.
(തൊമാച്ചനെ ധൈര്യപ്പെടുത്തിയിട്ട്. കണ്ണു തുടച്ചു കൊടുക്കുന്നു)

************************************

(ആലീസ് ചായയുമായി ധൃതിവെച്ചുവരുന്നു. സ്പൂണ്‍ കപ്പില്‍ ഇട്ട് ഇളക്കിക്കൊണ്ടാണ് വരവ്.. അവള്‍ ആകെ അസ്വസ്ഥയാണ്. ദേഷ്യവും, വിഷമവും, നിരാശയും, സങ്കടവും.. എന്തൊക്കെയോ പിറുപിറുക്കുന്നു).

ആലീസ്: അതേ, വെറും ബി.കോം കഴിഞ്ഞ നിങ്ങളെ ഇവിടെ കൊണ്ടു വന്ന് ഞാനേ, വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചാ സി.പി.എ. ക്കാരനാക്കിയത്. മൂന്നാലു കൊല്ലം ജോലിയൊന്നു കിട്ടാതെ നടന്നപ്പോ, എന്‍റെ അമ്മാച്ചനാ കാശു തന്ന് നിങ്ങളെ സി.പി.എ. ക്ക് പഠിക്കാന്‍ വിട്ടത്. കാശ് ചില്ലറ വല്ലതുമാണോ പൊടിച്ചത്. ഞാനാ ബാങ്കിലെ നിസ്സാര പണീം ചെയ്ത് സൂപ്പര്‍വൈസറുടെ തെറീം കേട്ട് കഷ്ടപ്പെട്ടാ ഇവിടുത്തെ കാര്യങ്ങളെല്ലാം നടത്തിയിരുത്. നിങ്ങളെയൊന്നും അറീച്ചിട്ടില്ലാര്‍ന്നു.... എന്നിട്ടിപ്പോ, മിടുക്കനായപ്പോ, എന്‍റെ അമ്മാച്ചനേം വേണ്ട, ആങ്ങളമാരേം വേണ്ട... (ദേഷ്യത്തോടെ, സങ്കടത്തോടെ...)

തോമാച്ചന്‍: (ചെറുതായി പുഞ്ചിരിച്ചുകൊണ്ട്) അതിനെന്നാ ആലീ, ചെക്കുകിട്ടുമ്പോഴൊക്കെ അന്നു വൈകുന്നേരം തന്നേ നിന്‍റെ കൈയ്യീ കൊണ്ടു വന്നല്ലേ തരാറ്. നീയല്ലേ അതെല്ലാം കൈകാര്യം ചെയ്യണേ.. നിനക്കല്ലേ അതിനൊക്കെയുള്ള മിടുക്കുള്ളു..

ആലീസ്: (സന്തോഷത്തോടെ, പ്രണയത്തോടെ, തന്മയത്തോടെ) ഓ.. അതുകൊണ്ടാണോ അച്ചയാ, നിങ്ങടെ കയ്യേ ചോരണ കയ്യാ... മ്മക്ക് ഉണ്ടായാലല്ലേ, മ്മക്ക് ഉളളൂ... എന്റെ പപ്പാ എപ്പോഴും പറയാര്‍ന്നു.. "വല്ലൊന്റെ പല്ലിനേക്കാള്‍ നല്ലത് മ്മടെ മോണയാ" എന്ന്!!
എനിയ്ക്കും ഒരു നല്ല കാറിലൊക്കെ നിങ്ങളെ മുട്ടീം തൊട്ടുമൊക്കെയിരുന്ന് , എല്ലാ പെണ്ണുങ്ങളെയും പോലെ, പളളീലും, കല്യാണത്തിനും ഒറപ്പിനും ഒക്കെ പോകാനാഗ്രഹമുണ്ട്.. . ഞാനും ഒരു പെണ്ണാ.... എനിക്കുമുണ്ട് ഇങ്ങനെയൊക്കെ കുറേ ആഗ്രഹങ്ങള്‍.... ഞാനതെല്ലാം ഇതുവരെം മൂടിവെച്ചിരിക്കുകയായിരുന്നു... നിങ്ങള്‍ക്കറിയാവോ അത്? (കരയുന്നു.... കണ്ണീര് തുടയ്ക്കുു... എണ്ണിപ്പെറക്കുന്നു)

തോമാച്ചന്‍: അതിന് നല്ലൊരു കാറു വാങ്ങിക്കൊളളാന്‍ എത്രവട്ടാ ആലീ ഞാന്‍ പറഞ്ഞത്... എന്ന് കാറു വാങ്ങാന്‍ പോയാലും നീയല്ലേ വേണ്ടാന്നു പറഞ്ഞു തിരികെ പോരാറുള്ളത്?

ആലീസ്: അതിന് നിങ്ങെടെ കയ്യില് വല്ല കൂര്‍ക്കയും ഉണ്ടോ? കടത്തിന് മോളില്‍ കടാല്ലേ? മൂത്തവന് രണ്ടു വര്‍ഷം കഴിഞ്ഞ് കോളേജില്‍ പോണം. പെണ്ണ് വളരുന്നത് നിങ്ങള് കാണണുന്നില്ലേ മനുഷ്യാ.... നിങ്ങള്‍ക്കെന്നാ കണ്ണിന് വല്ല തിമിരവും കേറിയോ? അമേരിക്കയിലാ അമേരിക്കയിലാ എന്നു പറഞ്ഞ് കെട്ടിച്ചുവിടുമ്പോഴ് സ്ത്രീധനമൊന്നും വേണ്ടാന്നെ ഉളളൂ. കഴുത്തും കാതും കൈയ്യും നിറച്ച് വിടണം. അറിയോ നിങ്ങള്‍ക്ക്? സ്വര്‍ണ്ണത്തിന്‍റെ വില വല്ലതും അറിയോ?........ കുറച്ച് സ്വര്‍ണ്ണം വാങ്ങിവെക്കണം, സ്വര്‍ണ്ണം വാങ്ങി വെക്കണമെന്ന് മോളുണ്ടായപ്പോ തൊട്ട് പറയണതാ...... പറഞ്ഞാല്‍ നിങ്ങടെ താലേട്ട് കേറേണ്ടേ ...?!

തോമാച്ചന്‍: (ചായ എടുത്തു സിപ്പ് ചെയ്തിട്ട് പെട്ടെന്ന് മുഖം വലിക്കുന്നു).... ഓ, ഇതിനകത്തെന്താ പഞ്ചാരയിട്ട് കുറുക്കിയോ?

ആലീസ്: (അതൊന്നും ഗൗനിക്കാതെ).... എന്‍റെ ഒരു തലേലെഴുത്ത് നോക്കണെ.... മണര്‍കാടു പളളീലെ മാതാവേ..... നിങ്ങടെ കല്ല്യാണാലോചന വന്നപ്പഴേ എന്‍റെ അമ്മാച്ചന്‍ എവിടുന്ന് വിളിച്ചു പറഞ്ഞതാ! 'ആലീസ്സേ.. വല്ല ബി.കോം കാരനേം കെട്ടിക്കൊണ്ടു വന്നിട്ട് ഇവിടെ പണിയൊന്നും കിട്ടില്ലാട്ടോ' എന്ന്! . അന്നു നിങ്ങടെ പൊക്കോം, നിങ്ങടെ ഭവ്യതയും, അഭിനയം ഒക്കെ കണ്ട് എല്ലാരും വീണു പോയതാ. അന്നു തുടങ്ങിയതാ എന്‍റെ ഈ ഗതികേട്...

(ആലീസ് തലയില്‍ കൈവച്ച് ... അസ്വസ്ഥയായി സ്‌റ്റേജില്‍ കൂടി നടക്കുന്നു. ദേഷ്യവും സങ്കടവും കൊണ്ട് തോമാച്ചന്‍റെ കയ്യിലിരുന്ന പത്രം വാങ്ങി വലിച്ചെറിയുന്നു.. മേശപ്പുറത്തിരിക്കുന്ന കത്ത് കണ്ടിട്ട് വീണ്ടും എടുത്ത് തുറന്നിട്ട് തോമാച്ചന്‍റെ കയ്യില്‍ ബലമായി വെച്ചുകൊടുക്കുന്നു ....)

ആലീസ്: ഇത് അങ്ങോട്ടങ്ങ് വായിക്ക്.... എന്നിട്ട് വല്ലോം നടത്തീട്ടുവാ... ഞാന്‍ മടുത്തു നിങ്ങളെകൊണ്ട്...മടുത്തു....

(തോമാച്ചന്‍ വളരെ സൗമ്യനായി, നിലത്തുകിടന്ന പത്രങ്ങളും പേപ്പറും എഴുത്തുകളും എല്ലാം എടുത്ത് വളരെ സാവധാനത്തില്‍ അടുക്കി മേശപ്പുറത്ത് വയ്ക്കുന്നു. വളരെ സംയമനത്തോടെ)

തോമാച്ചന്‍: മോളെ, ആ ഫ്രണ്ട് ഡോര്‍ നന്നായി അടച്ചിട്ടുണ്ടോ എന്ന് നോക്കിക്കേ.... മമ്മിക്ക് വല്യ ടെന്‍ഷനാ... വഴീക്കൂടെ പോണ ആരും കേള്‍ക്കേണ്ട മ്മടെ മമ്മീടെ ഒച്ച.

(മോള് വാതില്‍ അടച്ചോ എന്ന് നോക്കാന്‍ പോകുന്നു. ഡോര്‍ ബെല്‍ അടിക്കുന്നു. മോള് വാതില്‍ തുറക്കുന്നു..... സുമ, സുമ ട്രാവല്‍സിന്‍റെ പാര്‍ട്ണറിന്‍റെ ഭാര്യ കയറിരുന്നു..)

മോള്‍: ഹായ് സുമാന്റി...

സുമ: ഹായ് മോള്‍.. വാട്ട് ഈസ് ഗോയിങ് ഓണ്‍?

(സുമ ലിവിംങ്ങ് റൂമിലേക്ക് കയറി വരുന്നു. സുമയെ കണ്ട് ആലീസ് പെട്ടെന്ന് മുഖത്തു ചിരി വരുത്തി... സുമ, ആഭരണങ്ങളും ഡയമണ്ട് നെക്കലേസും ഒക്കെ അണിഞ്ഞ്, മാച്ചിംഗ് ഡ്രസ്, ഹാന്‍റ് ബാഗ് എല്ലാം ധരിച്ച്..... ഒരുങ്ങിയാണ് വന്നിരിക്കുന്നത്. ആലീസ് എഴുന്നേറ്റ് സുമയുടെ അടുത്തേക്ക് ചെല്ലുന്നൂ.)

ആലീസ്: എന്നാണ്ടൊടീ സുമേ.... ഇതെങ്ങോട്ടാ ഇത്ര സുന്ദരിക്കുട്ടിയായി?!

സുമ: (നാണിച്ച്) ങാ, മോളുടെ ഒരു ക്ലാസ്‌മേറ്റിന്‍റെ സ്വീറ്റ് 16 നാ... ഏതോ കൂടിയ ഹോട്ടലിലാ.... മമ്മി ഒരുങ്ങിവരണമെന്ന് മോക്ക് വല്യ നിര്‍ബന്ധാ... അല്ലെങ്കില്‍ കൂട്ടുകാരികളെ മമ്മീനെ കാണിക്കാന്‍ മോക്ക് നാണാത്രേ.. ഈ പിള്ളേരുടെ ഓരോ കാര്യങ്ങളേ!...

(ആലീസ് സുമയുടെ കാതും കഴുത്തും കയ്യും പിടിച്ച് പരിശോധിക്കുന്നു).

ആലീസ്: (സുമയുടെ കഴുത്തിലെ ഡയമണ്ട് നെക്ക്‌ലേസ് പിടിച്ചിട്ട്) ഇതെന്ന് ഒപ്പിച്ചടീ മിടുക്കീ...!!

സുമ: എന്‍റെ കഴിഞ്ഞ ബര്‍ത്ത്‌ഡേക്ക് ജോണിച്ചായന്‍റെ സര്‍െ്രെപസ് ഗിഫ്റ്റാ... ഗോള്‍ഡന്‍ പാലസ്സുകാരോട് പ്രത്യേകം പറഞ്ഞ് വരുത്തിച്ചതാന്നാ പറഞ്ഞത്....

ആലീസ്: അതിന് കഴിഞ്ഞ വര്‍ഷമല്ലേ ഒരു ഡയമണ്ട് നെക്ക്‌ലേസ് ഒപ്പിച്ചത്? ഇപ്പോ വീണ്ടും?!....

സുമ: അതൊക്ക ഔട്ടോഫ് ഫാഷന്‍ ആയെന്ന മ്മടെ ഇച്ചായന്‍ പറേണത്. അങ്ങേരൊരു നൂറാളെ കാണണതല്ലേ ദിവസോം ..

ആലീസ്: (സ്തബ്ധയായി).. പെണ്ണിന്‍റെ ഒരു ഭാഗ്യം നോക്കണേ!

(സാരി, ഹാന്‍റ് ബാഗ്, വാച്ച്, കയ്യ്... പിടിച്ചു നോക്കുന്നു.. . )

ആലീസ്: ഇതൊക്കെ എല്ലാം പുതിയ ഇറക്കുമതിയാണല്ലോടീ... പെണ്ണുങ്ങളായാല്‍ നിന്‍റെ ജോണിച്ചായന്‍റെ ഭാര്യയായിട്ട് ജനിക്കണം!. നീ ഭാഗ്യം ചെയ്‌തോളാ... കഴിഞ്ഞവര്‍ഷം ഒരു ബ്ലൂ ഡയമണ്ട്... ഇപ്പോ... ബ്രാന്‍റ് ന്യൂ ഡയമണ്ട് നെക്ലേസ് ... കൊളളാം മോളെ, സുഖിക്ക്...

സുമ: നമുക്ക് കൊറയ്ക്കാന്‍ പറ്റുമോ ആലി.... ഇതൊക്കെ ഒരു ഷോയല്ലേ...(ചിരിക്കുന്നു...)

(സുമ ടിക്കറ്റ് ആലീസിനെ ഏല്‍പ്പിക്കുന്നു)

സുമ: ഞാന്‍ പോട്ടെ. മോള് പുറത്തു കാറില് വെയ്റ്റ് ചെയ്യാ.. താമസിച്ചാ വല്യ ബഹളമുണ്ടാക്കും. അഞ്ചുമിനിറ്റാ അനുവാദിച്ചത്! .. ബൈ തോമാച്ചാ....

(സുമ പോകുന്നു.. . മോള്‍ കതക് അടയ്ക്കുന്നു..)

ആലീസ്: കണ്ടോ, നിങ്ങള് കണ്ടോ, സുമേടെ കഴുത്തീക്കിടക്കണത് നിങ്ങള് കണ്ടോ? രണ്ട് സെറ്റ് നെക്ലേസാ.. എല്ലാ ബര്‍ത്ത്‌ഡേക്കും ജോണിച്ചന്‍ ഇതൊക്കെയാ കൊടുക്കുത്...
(സങ്കടപ്പെട്ടുകൊണ്ട്) എനിക്കാണെങ്കില്‍ മാസം മാസം കുറെ ബില്ലുകളാ കിട്ടുന്നത്... ബില്ലുകള്‍... (കൈകള്‍ ആകാശത്തിലേക്കു ഉയര്‍ത്തിയിട്ടു തലയില്‍ വെക്കുന്നു..)

തോമാച്ചന്‍: (ചെറുതായി പുഞ്ചിരിച്ചു കൊണ്ട്) ഞാനിതെന്തിനാ വല്ല പെണ്ണുങ്ങടേം കഴുത്തിലും സാരീലും നോക്കണെ. ആലീടെ കഴുത്തേലോട്ടും സാരീലോട്ടും മാത്രമല്ലേ ഞാന്‍ നോക്കാറുളളൂ. അതും അല്ല.. നീയെപ്പോഴും എവിടെ പോകുമ്പോഴും പറയില്ലേ "അച്ചായാ, പളളീലോ, ഒറപ്പിനോ, കല്യാണത്തിനോ ഒക്കെ പോകുമ്പോഴെ, വല്ല പെണ്ണങ്ങളേയും കണ്ട് ചിരിക്കരുത്, തൊടരുത്, നോക്കരുത്" എന്നൊക്കൈ.... അതനുസരിച്ചല്ലേ എപ്പോഴും ഞാന്‍ ചെയ്യാറ്...

ആലീസ്: (പരിഭവത്തോടെ, കളിയാക്കി) ആരേയും നോക്കാത്തൊരു പുണ്യാളന്‍.... എന്നെക്കൊണ്ടൊന്നും പറയിക്കരുത് നിങ്ങടെ ഓരോ ഗുണവിതിയാരങ്ങള് ... ഞാന്‍ കണ്ടിട്ടു കണ്ണടക്കുന്നതാ നിങ്ങടെ ഓരോ ചെയ്തികള്... നിങ്ങളാ സുമേടെ കിച്ചണ്‍ ഒന്നു പോയിക്കാണ്. റീമോഡല്‍ ഒക്കെ ചെയ്ത്, ഗ്രാനൈറ്റ് കൗണ്ടര്‍ റ്റോപ്പിട്ട് അവള്‍ മിന്നുകാ..അങ്ങനെയാ മനുഷ്യന്മാര്..

തോമാച്ചന്‍: (ചെറുതായി പുിരിച്ചുകൊണ്ട്) ആലീ, അതിന് മ്മടെ കിച്ചന് എന്താ ഒരു കൊറവ്.. നീയാ കിച്ചണിലങ്ങു നിന്ന് ഒരു ചായയാണ് ഉണ്ടാക്കണതെങ്കിലും എന്തൊരു നിറവാ.. നിറവ്... പിന്നെ എന്നാ മ്മക്ക് കൂടുതല്‍ വേണ്ടത്?

ആലീസ്: ചുമ്മാ കളിയാക്കാതെ .... നിങ്ങടെ ഈ കള്ള സൂത്രം കാണാന്‍ തൊടങ്ങിട്ട് കൊല്ലം 1018 ആയി... കഴിഞ്ഞയാഴ്ചയാ അച്ചനും കമ്മറ്റിക്കാരും വന്നപ്പോ നാണിച്ചിട്ട് എന്റെ തൊലിയുരിഞ്ഞുപോയി. ഈ കാര്‍പ്പറ്റൊന്നു മാറ്റാന്‍ പറയാന്‍ തുടങ്ങിയിട്ട് നാളെത്രയായീ. വീടൊക്കെ ഒന്ന് റീമോഡല്‍ ചെയ്ത് കിച്ചണും മാറ്റി ലാന്‍റ്‌സ്‌കെയ്പ്പ് ഒക്കെ ചെയ്ത് മനുഷ്യമ്മാരെപ്പോലെ ജീവിക്കണോന്നു പറഞ്ഞാ മനസിലാകേണ്ടേ..ഞാനെന്തായാലും രണ്ടും കല്‍പ്പിച്ച് ആ സുമേടെ കിച്ചന്‍ ചെയ്ത സ്പാനിഷുകാരനെ വിളിപ്പിച്ച് ഒരു എസ്റ്റിമേറ്റ് എടുപ്പിച്ചു. ഒരു 12000 കൊടുത്താ സുമേടെ കിച്ചണേക്കാള്‍ നല്ല ഒന്നാന്തരം കിച്ചണാക്കാന്നാ അങ്ങേര് പറഞ്ഞിട്ട് പോയത്. ഇതാ എസ്റ്റിമേറ്റ്...കണ്ണു തുറന്ന് ഒന്ന് നോക്ക്...

(തോമാച്ചന്‍ എസ്റ്റിമേറ്റ് നോക്കുന്നു... ജോയച്ചായന്‍റെ കത്ത് ഇടതുകയ്യില്‍ ഇരിക്കുന്നുണ്ട്)

തോമാച്ചന്‍: 12000 ഡോളറോ! ഇതിന് കാശെവിടുന്നാ ..

ആലീസ്: (അവളുടെ ആര്‍ഗ്യുമെന്‍റ്‌സ് ക്ലീനായി വരുന്നതു കണ്ട്..) അതാ പറേണത്. പോയി ആ ഭാഗം നടത്തീട്ടാ കാശുമായീ വരാന്‍..
അതേ... നിങ്ങടേങ്കടെ വീതോം മൊത്തത്തിലിട്ട് അവരാ ആദായം മിഴുവന്‍ എടുത്തോണ്ടിരിക്കയല്ലേ ഇതുവരെ. നിങ്ങള്‍ക്കു വല്ലതും തിന്നിട്ടുണ്ടോ? പിള്ളേര്‍ക്ക് ഒരു ഉടുപ്പ്?... എനിക്കൊരു സാരി?.... പറയുമ്പോ പറയും വെല്ല്യേട്ടന് 4 മക്കള്, 4 മക്കള്, 3 പെണ്ണാണ്.. എന്നിട്ട് നാട്ടിലേക്ക് പോകാന്നേരം സ്യൂട്ട്‌കേയ്‌സായ സ്യൂട്ട്‌കേയ്‌സൊക്കെ കെട്ടിനിറക്കാ, ശബരിമലക്ക് പോണപോലെ .... നല്ല സുഖായില്ലെ അവര്‍ക്ക് .... അനിയനെ അമേരിക്കേലേക്ക് തളളിവിട്ടിട്ട്, അനിയന്‍റേം കൂടി വീതത്തിന്‍റെ ആദായമൊക്കെ എടുത്ത് കീശ വീര്‍പ്പിക്കാമല്ലോ!! നാണമില്ലല്ലോ.... നാണം....

തോമാച്ചന്‍: (ചിരിച്ചുകൊണ്‍ണ്ട്) ആലീ അതിന് നമ്മള് നാട്ടിപ്പോകുമ്പം ഒട്ടു മുക്കാലും കൊടുക്കാറ് നിന്‍റെ വീട്ടുകാര്‍ക്കല്ലെ. അവര്‍ക്കൊക്കെ ഇത്തിരി ക്ഷീണാണൊന്നാണല്ലോ നീ പറയാറ്. ഞാന്‍ വല്ലതും അതിന് പറയാറുണ്ടോ...?!

ആലീസ്: (ഒന്നും കേള്‍ക്കാതെ) അതിന് ഇവിടെ ചിലവിന് വല്ല കുറവുണ്ടോ? കഴിഞ്ഞയാഴ്ച പളളിക്കാര് പിരിവിന് വന്നപ്പോള്‍ ഞാന്‍ നിങ്ങളെ കയ്യും കാലും കണ്ണും കാണിച്ചതാ... 50 കൊടുത്താല്‍ പോരാര്‍ന്നോ?!.... അതിനാ ചെക്കു ബുക്കങ്ങ് എടുത്തു പിടിച്ച് വല്ല്യ കുബേരന്‍റെ മട്ടിലാ 250 പൊലിഞ്ഞത്. എല്ലാം വലിച്ചെറിഞ്ഞിട്ട് ഒറ്റപ്പോക്കു പോകാന്‍ അപ്പൊ തോന്നിയതാ... വല്ലവഴിക്കും പോയിട്ടു രാത്രിയായിട്ടു വന്നാ മതീന്ന്.. ഈ പിള്ളേരെ ഓര്‍ത്തിട്ടാ...

(തോമാച്ചന്‍ തല കുനിച്ച്, തല കയ്യിലാക്കി വിഷണ്ണനായി ഇരിക്കുന്നു. അറക്കാന്‍ കൊണ്ടുപോകുന്ന ഒരു കുഞ്ഞാട് ഇടയ്ക്കിടയ്ക്ക് തലയുയര്‍ത്തി തന്‍റെ അറവുകാരനെ ദയനീയമായീ നോക്കുതു പോലെ ... ഇടയ്ക്കിടക്ക് കയ്യിലിരിക്കു കത്തിലേക്കും.. ഇടക്കിടക്കു ആലീസിനെയും നോക്കുന്നു.. ...)

തോമാച്ചന്‍: ങാ, നാളെത്തന്നെ പോയേക്കാല്ലേ... നാളെത്തന്നേ... ടിക്കറ്റ് ഓക്കെയാണോ അലി.?"

ആലീസ്: നിങ്ങടെയൊരു ടിക്കറ്റ്....ടിക്കറ്റ്... ഞാനാണെങ്കീല് ടിക്കറ്റില്ലെങ്കിലും പ്ലെയിന്‍റെ ചിറകില്‍ തൂങ്ങീട്ടാണേലും രായ്ക്കുരാമാനം നാട്ടീച്ചെന്നു പറ്റിയേനെ... (നിരാശയായിട്ട്) എന്‍റെ പുതുപ്പളളി പളളീലെ ഗീവര്‍ഗീസ് പുണ്യാളാ, എനിക്കു മാത്രമെന്നാ ഇങ്ങനെ വന്നത്...?!!

തോമാച്ചന്‍: എന്‍റെ ഡ്രസല്ലാം ഒന്ന് നോക്കിക്കേ.. നാളെ പോകാന്‍ വല്ലതുമുണ്ടോ?..
.
ആലീസ്: (വിജയഭാവത്തില്‍) അതെല്ലാം ഞാന്‍ കഴുകി തേച്ച് പെട്ടീല്‍ അടിക്കിവെച്ചിരിക്കുകയാ. നിങ്ങളതിന് ഇത്രകിടന്ന് ടെന്‍ഷനാകാനൊന്നുമില്ല. നിങ്ങടെ അച്ചായന്‍ നന്നായി തൂമ്പാ പിടിച്ച് കിളച്ചുണ്ടാക്കിയ മൊതലാ... നിങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാ... ആരുടേം ഔദാര്യമൊന്നും വേണ്ട... ഇപ്പോ കോട്ടയത്തൊക്കെ ഭൂമിക്ക് സ്വര്‍ണ്ണ വിലയാ... ഞാനാ ബ്രോക്കര് ബാബുകുട്ടിയെ വിളിച്ച് അത് വിറ്റ് കാശാക്കിത്തരണമെന്നു പറഞ്ഞിട്ടുണ്ട് .. രൊക്കം കാശാ... രൊക്കം... അതിവിടെ ഡോളറായി അവര് തരും....

തോമാച്ചന്‍: എല്ലാം ശരിയാ ആലീ.... എല്ലാം ശരിയാ (ഒരു ദു:ഖത്തില്‍,സ്വരം താഴ്ത്തി, പക്ഷെ, വാക്കുകള്‍ പുറത്തുവരുില്ല...)

ആലീസ്: അത് വിറ്റോണ്ട് വന്നിട്ട് വേണം ഈ അടുക്കളയൊക്കെ ഒന്നു റീമോഡല്‍ ചെയ്ത് ഒരു ന്യൂ മോഡല്‍ ബെന്‍സ് കാറും വാങ്ങി െ്രെഡവേയില്‍ ഇട്ടിട്ട്. എന്നിട്ടുവേണം എല്ലാരേം വിളിച്ച് ഒരു നല്ല മന്ത്‌ലി പ്രെയര്‍ മീറ്റിംഗ് നടത്താന്‍...മ്മടെ സജിയാണെങ്കില്‍ ലിസ്റ്റില്‍ പേരെഴുതാന്‍ പറഞ്ഞു പിറകെയാ. ഞാനാണെങ്കില്‍ ഒഴിഞ്ഞു മാറി നടക്കുകയാ....

മോനേ, നിയെന്നെയാ കാണിച്ച ആ ബ്ലാക്ക് ബെന്‍സിന്‍റെ ഒരു കളര്‍ പ്രിന്‍റ് എടുത്ത് ഡാഡിക്ക് കൊടുത്തേ. ഡാഡിയൊന്നു കാണട്ടേ... ലെതര്‍ സീറ്റ് തന്നെയുളള മോഡല്‍ പിക്ക് ചെയ്യണേ എന്നാ സുമ പറഞ്ഞത്... ലെതര്‍ സീറ്റാകുമ്പോ, ഒരു സ്വിച്ച് അമര്‍ത്തിയാ മതി സീറ്റ് തനിയെ ചൂടാകൂന്ന് എന്‍റെ ബോസ് പറഞ്ഞു...ഈ തണപ്പത്ത് തണുത്തു വിറച്ചാ ഞാനാ പഴയ കൊറോള ഓടിക്കണേ.... എനിക്കാവൂല്ല ഇനി...

tam³: Everything is ready Mom. Dad, here is the print out..

(മോന്‍ എല്ലാം പറഞ്ഞു കൊടുക്കുന്നു.. തോമാച്ചന്‍ അതെല്ലാം നിര്‍വികാരനായി കാണുന്നു.... കത്ത് വലതു കയ്യില്‍ തന്നെ ഇരിക്കുന്നുണ്ട്).

ആലീസ്: ഇത്തവണ ഞാനും പോര്യാ നിങ്ങടെ കൂടെ... നിങ്ങളെ തനിച്ചു വിട്ടാലേ ജോച്ചായന്‍റേം അമ്മാമ്മേടേം വേദോപദേശോം കേട്ട് ഒളളതും കൂടി കൊടുത്തിട്ട് പോരും. ഇതു ഞാന്‍ കുറേ കണ്ടതാ.. ഇനി വീണ്ടും ഞാന്‍ മണ്ടിയാകില്ല.. 10 - 18 വര്‍ഷായീ ഈ കളി തുടങ്ങീട്ട്..

(തുടരും)

ബെന്നി ന്യൂ ജേഴ്‌സി
(nechoor@gmail.com)

കഴിഞ്ഞ ലക്കം: http://emalayalee.com/varthaFull.php?newsId=152606

കാണിക്ക (ലഘു നാടകം- രണ്ടാം ഭാഗം: ബെന്നി ന്യൂജേഴ്‌സി)കാണിക്ക (ലഘു നാടകം- രണ്ടാം ഭാഗം: ബെന്നി ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക