Image

കീഴാറ്റൂരിനു ശേഷം അരീത്തോട്, മലപ്പുറത്തും ദേശീയപാത കീറാമുട്ടി, സംഘര്‍ഷം രൂക്ഷം

Published on 06 April, 2018
കീഴാറ്റൂരിനു ശേഷം അരീത്തോട്, മലപ്പുറത്തും ദേശീയപാത കീറാമുട്ടി, സംഘര്‍ഷം രൂക്ഷം
കീഴാറ്റൂരിനു ശേഷം വീണ്ടും ദേശീയപാതാ കേരളത്തില്‍ ചൂടുപിടിക്കുന്നു. വികസനത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ മലപ്പുറത്ത് വന്‍ പ്രതിഷേധം. ഇതോടെ, മലപ്പുറം അരീത്തോട് വലിയപറമ്പില്‍ സംഘര്‍ഷം. പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകളോളം പ്രദേശം യുദ്ധക്കളമായി. ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒമ്പതുപേര്‍ക്കു പരുക്കേറ്റു. കല്ലേറില്‍ 13 പോലീസുകാര്‍ക്കും പരുക്കേറ്റു. ദേശീയപാതയില്‍ മണിക്കൂറുകളോളം തടസപ്പെട്ട ഗതാഗതം വൈകിട്ടു മൂന്നു മണിയോടെയാണു പുനഃസ്ഥാപിച്ചത്. 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ ഭരിതമായ ദേശീയപാത സര്‍വേ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. കലക്ടറേറ്റില്‍ സത്യാഗ്രഹം നടത്തി. സംഘര്‍ഷത്തെത്തുടര്‍ന്ന് അരീത്തോട് വലിയ പറമ്പ് ഭാഗത്തെ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

തലപ്പാറ മുതല്‍ കൊളപ്പുറം വരെ മൂന്നേകാല്‍ കിലോമീറ്റര്‍ ഏറ്റെടുക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. എ.ആര്‍.നഗര്‍ പഞ്ചായത്തിലെ അരീത്തോട് ഭാഗങ്ങളില്‍ രാവിലെ മുതല്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. രാവിലെ അരീത്തോട് ദേശീയപാത ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് ഒരു വിഭാഗമാളുകള്‍ വലിയപറമ്പ് ഭാഗത്തേക്ക് പ്രകടനമായെത്തി. തലപ്പാറ വയല്‍ ഭാഗത്തെ അളവ് പൂര്‍ത്തിയാക്കി പതിനൊന്നു മണിയോടെ ഉദ്യോഗസ്ഥര്‍ വലിയപറമ്പിലെ ജനവാസ കേന്ദ്രത്തില്‍ കടന്നതോടെ ജനങ്ങള്‍ തടയുകയായിരുന്നു. ഇവരെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. സംഘര്‍ഷത്തിനിടെ പോലീസിനു നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് പരിസരത്തെ വീടുകള്‍ക്കു നേരെ തിരിഞ്ഞു. ആളുകള്‍ വീടിനകത്തു കയറി വാതിലടച്ചപ്പോര്‍ പോലീസ് വാതില്‍ ചവുട്ടിത്തുറക്കാന്‍ ശ്രമിക്കുകയും ജനല്‍ ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. 

പിന്നീട് അരീത്തോട് ഭാഗങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചു. ടയറുകള്‍ കത്തിച്ചും കല്ലുകളും പോസ്റ്റുകളും നിരത്തിയും പ്രതിഷേധക്കാര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചു. ഈ സമയം പ്രതിഷേധക്കാരും പോലീസും തമ്മില്‍ കല്ലേറ് തുടര്‍ന്നു. പോലീസ് അഞ്ചു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. 

മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് ശേഷമാണ് അരീത്തോട് ദേശീയപാതയിലെ ഒന്നര കിലോമീറ്റര്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 11ന് മന്ത്രിയുടെ അധ്യക്ഷതയില്‍ മലപ്പുറം കലക്ടറടക്കം പങ്കെടുക്കുന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിന് ശേഷമായിരിക്കും സര്‍വേ ആരംഭിക്കുകയെന്ന് ഡപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍കുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക