Image

ഇനികാണാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. മക്കളെ നോക്കണേ... നെഞ്ചിലൊരു നീറ്റലായി ഭര്‍ത്താവിന്‌ ലിനിയുടെ അവസാന കുറിപ്പ്‌

Published on 22 May, 2018
ഇനികാണാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. മക്കളെ നോക്കണേ... നെഞ്ചിലൊരു നീറ്റലായി ഭര്‍ത്താവിന്‌ ലിനിയുടെ അവസാന കുറിപ്പ്‌
കോഴിക്കോട്: മരണം ഉറപ്പായ നിമിഷത്തില്‍ ലിനി എഴുതി, സജീഷേട്ടാ ഇനികാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ...നിപാ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സായ ലിനി മരിക്കുന്നതിന് മുമ്ബ് ഭര്‍ത്താവിന് എഴുതിയ കുറിപ്പാണിത്.

കുറിപ്പ് ഇങ്ങനെ:

സജീഷേട്ടാ... ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ..നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി...നമ്മുടെ മക്കളെ നന്നായി നോക്കണേ...പാവം കുഞ്ചു അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്... വിത്ത് ലോട്ട്സ് ഓഫ് ലവ് ...ഉമ്മ. എന്നവസാനിക്കുന്ന ചെറു കുറിപ്പാണ് ലിനി ഭര്‍ത്താവിന് കൈമാറാനായി എഴുതിയത്. ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷ് എത്തുമ്ബോള്‍ കാണാന്‍ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി.

അഞ്ചും രണ്ടും വയസ്സായ കുട്ടികളാണ് ലിനയ്ക്കും സജീഷിനും. അസുഖ വിവരമറിഞ്ഞ് ബഹ്റൈനില്‍ നിന്ന് സജീഷ് എത്തിയെങ്കിലും ദൂരെനിന്ന് കാണാനേ കഴിഞ്ഞിരുന്നുള്ളൂ. ഐസലേറ്റഡ് ഐസിയുവില്‍ കയറി ഒരു നോക്ക് കണ്ടു. അത്രമാത്രം.

നിപാ വൈറസ് ബാധയേറ്റ് മരിച്ച സാബിത്തിനെയും സാലിഹിനെയും ആശുപത്രിയില്‍ പരിചരിച്ചത് ലിനി ആയിരുന്നു.രാത്രി മുഴുവന്‍ രോഗികളുമായി സംസാരിച്ച് പരിചരിച്ചതു ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗള്‍ഫിലുള്ള സജീഷിനെ വിഡിയോ കോള്‍ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് അറിയിച്ചിരുന്നില്ല.

ലിനിയ്ക്കൊപ്പം കേരളജനത ഒന്നാകെയുണ്ടെന്നു ആരോഗ്യവകുപ്പു മന്ത്രി കെ.കെ. ശൈലജ. മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ശൈലജ പറഞ്ഞു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാറിന്റെ പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.
അതേസമയം, കോഴിക്കോട് ജില്ലയില്‍ മരിച്ചവരും ചികിത്സയിലുള്ളവരുമായി 18 പേരില്‍ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. ഇതില്‍ 10 പേര്‍ മരിച്ചു. രണ്ട് പേര്‍ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
18 പേരുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ആറു പേര്‍ക്ക് നിപ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 11 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറു പേര്‍ നിരീക്ഷണത്തിലാണ്. രോഗബാധയുള്ള മൂസയും അഭിനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസം മരണപ്പെട്ട നഴ്സ് ലിനി, വേലായുധന്‍, ഇസ്മായില്‍, മലപ്പുറം ജില്ലയില്‍ മരിച്ച സിന്ധു, സിജിത എന്നിവര്‍ക്കും നിപ വൈറസ് ബാധയേറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ.കെ ശൈലജ അറിയിച്ചു
ഇനികാണാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. മക്കളെ നോക്കണേ... നെഞ്ചിലൊരു നീറ്റലായി ഭര്‍ത്താവിന്‌ ലിനിയുടെ അവസാന കുറിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക