Image

ഒന്നാം വാര്‍ഷികത്തില്‍ ലക്ഷം കടന്ന് കൊച്ചി മെട്രോ, യാത്രക്കാരുടെ എണ്ണത്തില്‍ റെക്കാഡ്

Published on 19 June, 2018
ഒന്നാം വാര്‍ഷികത്തില്‍ ലക്ഷം കടന്ന് കൊച്ചി മെട്രോ, യാത്രക്കാരുടെ എണ്ണത്തില്‍ റെക്കാഡ്
ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ പ്രഖ്യാപിച്ച 'മനം നിറയെ അണ്‍ലിമിറ്റഡ് യാത്ര' ആസ്വാദിക്കാനെത്തിയവരുടെ എണ്ണം വൈകുന്നേരം ഏഴ് മണിയായപ്പോള്‍ ലക്ഷം കടന്നു. ചൊവ്വാഴ്ച രാത്രി 11 മണി വരെയാണ് പരിധിയില്ലാത്ത സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ യാത്ര പൂര്‍ണമായും സൗജന്യമായിരുന്നു. പതിവ് യാത്രക്കാര്‍ക്ക് പുറമെ ആയിരങ്ങളാണ് മെട്രോയില്‍ ആലുവയ്ക്കും മഹാരാജാസ് കോളേജിനുമിടയില്‍ ചൊവ്വാഴ്ച സഞ്ചരിച്ചത്. സ്ഥിരം യാത്രക്കാര്‍ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയപ്പോള്‍ അയല്‍ ജില്ലകളില്‍ നിന്നുമെത്തിയവര്‍ ഒന്നിലേറെ തവണയാണ് മെട്രോയില്‍ കയറിയത്. സാധാരണ ദിവസങ്ങളില്‍ ഒരു ദിവസം നാല്പതിനായിരം പേര്‍ വരെയാണ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത്. എന്നാല്‍ രാത്രി ഏഴ് മണിവരെയുള്ള കണക്ക് അനുസരിച്ച് ഇത് ഒരു ലക്ഷം പിന്നിട്ടുണ്ട്. 

സോഷ്യല്‍ മീഡിയയിലും ആഘോഷം 
വാര്‍ഷികത്തോട് അനുബന്ധിച്ച് സൗജന്യ യാത്ര ഒരുക്കിയ കൊച്ചി മെട്രോയ്ക്ക് നന്ദി പറഞ്ഞും ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് രംഗത്തെത്തിയത്. മെട്രോയില്‍ യാത്ര ചെയ്തതിന്റെ ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സൗജന്യയാത്രയുടെ വിശദാംശങ്ങള്‍ അടങ്ങിയ കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഒരാളുടെ കമന്റാണ് ഏറെ ചിരി പടര്‍ത്തിയത്. ഒന്നാം വാര്‍ഷികത്തില്‍ മലയാളികള്‍ക്ക് കുമ്മനടിക്കാന്‍ അവസരം നല്‍കിയ കൊച്ചി മെട്രോ അധികൃതര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു കമന്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക