Image

കോണ്‍ഗ്രസ്‌ നേതാവ്‌ സയ്‌ഫുദീന്‍ സോസിന്റെ കശ്‌മീര്‍ പ്രസ്‌താവന വിവാദമാകുന്നു

Published on 22 June, 2018
കോണ്‍ഗ്രസ്‌ നേതാവ്‌ സയ്‌ഫുദീന്‍ സോസിന്റെ കശ്‌മീര്‍ പ്രസ്‌താവന വിവാദമാകുന്നു


ന്യുഡല്‍ഹി: കശ്‌മീര്‍ വിഷയത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ സയ്‌ഫുദീന്‍ സോസിന്റെ പരാമര്‍ശം വിവാദമാകുന്നു. കശ്‌മീരിനെ കുറിച്ച്‌ മുന്‍ പാകിസ്‌താന്‍ ഏകാധിപതി പര്‍വേസ്‌ മുഷറഫ്‌ പറഞ്ഞത്‌ ശരിയാണ്‌, അവസരം കിട്ടിയാല്‍ കശ്‌മീരികള്‍ സ്വാതന്ത്ര്യം തേടുമെന്നായിരുന്നു സോസിന്റെ പരാമര്‍ശം.

അടുത്തയാഴ്‌ച പ്രസിദ്ധീകരിക്കാനിരിക്കുന്ന സോസിന്റെ 'കശ്‌മീര്‍: പോരാട്ടത്തിന്റെ കഥയുടെയും ചരിത്രത്തിന്റെയും മിന്നൊളി' എന്ന പുസ്‌തകത്തിലാണ്‌ സോസ്‌ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്‌. മുഷറഫ്‌ പറഞ്ഞത്‌ ശരിയാണ്‌, കശ്‌മീരികള്‍ക്ക്‌ അവസരം കിട്ടിയാല്‍ അവരുടെ ആദ്യ തെരഞ്ഞെടുപ്പ്‌ സ്വാതന്ത്ര്യമായിരിക്കും. പാകിസ്‌താനോട്‌ ചേരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ മുഷറഫ്‌ പറഞ്ഞിരുന്നു. ഈ പ്രസ്‌താവന സത്യമാണ്‌. അത്‌ ഇപ്പോഴും സത്യമായി തുടരുന്നു.' അതുതന്നെയാണ്‌ തനിക്കും പറയാനുള്ളത്‌. എന്നാല്‍ അത്‌ സാധ്യമാകില്ലെന്ന്‌ തനിക്കറിയാമെന്നും സോസ്‌ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട്‌ പറഞ്ഞു.

മുഷറഫ്‌ തന്റെ കാഴ്‌ചപ്പാട്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരോട്‌ 2007ല്‍ പങ്കുവച്ചിരുന്നു. കശ്‌മീരിന്റെ സ്വയംഭരണം അംഗീകരിക്കുകയാണ്‌ പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം അവരെ ബോധിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന 'മണ്ടത്തരങ്ങള്‍' കശ്‌മീരിനെ ഇന്ത്യയില്‍ നിന്നും അകറ്റാന്‍ മാത്രമാണ്‌ കാരണമായത്‌. 1953 മുതലുള്ള സര്‍ക്കാരുകള്‍ കശ്‌മീര്‍ വിഷയത്തില്‍ സ്ഥായിയായ ഒരു പരിഹാരം കാണാന്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും സോസ്‌ തന്റെ പുസ്‌തകത്തില്‍ പറയുന്നു.

സോസിന്റെ പുസ്‌തകം രാഷ്ട്രീയ വിവാദത്തിനും വഴിതുറന്നിട്ടുണ്ട്‌. സോസിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ശിവസേന ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക