Image

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിവാദം; മുകേഷിനോടും ഇന്നസെന്റിനോടും വിശദീകരണം തേടേണ്ടതില്ലെന്ന്‌ സിപിഎം

Published on 29 June, 2018
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിവാദം; മുകേഷിനോടും ഇന്നസെന്റിനോടും വിശദീകരണം തേടേണ്ടതില്ലെന്ന്‌ സിപിഎം

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ  അമ്മ യില്‍ തിരിച്ചെടുത്തതുമായി ഉണ്ടായ വിവാദത്തില്‍ സംഘടനയിലെ അംഗങ്ങളായ ഇന്നസെന്റ്‌, മുകേഷ്‌, ഗണേഷ്‌ കുമാര്‍ എന്നിവരോട്‌ സിപിഎം വിശദീകരണം തേടില്ല.

ഇന്ന്‌ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമുണ്ടായത്‌. ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയപ്രേരിതമെന്നും സെക്രട്ടറിയേറ്റ്‌ വിലയിരുത്തി. സിപിഎം ഇരയ്‌ക്കൊപ്പമാണെന്നും എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ്‌ അനുവദിക്കില്ലെന്നും സെക്രട്ടറിയേറ്റ്‌ നിലപാടടെടുത്തു.
 അമ്മയെന്നത്‌ ഒരു സ്വകാര്യ സംഘടനയാണ്‌. അങ്ങിനെയുള്ള സംഘടനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ്‌ പാര്‍ട്ടിയുടെ നിലപാട്‌. ഇടത്‌ അനുഭാവികളായ ജനപ്രതിനിധികളല്ല ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്‌ പിന്നില്‍.

ഇവര്‍ക്കെതിരെ ഉണ്ടാകുന്നത്‌ രാഷ്ട്രീയ ആക്രമണമാണെന്ന്‌ സെക്രട്ടേറിയറ്റ്‌ വിലയിരുത്തി. പാര്‍ട്ടി എന്നും ഇരകള്‍ക്കൊപ്പമാണ്‌. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താന്‍ അനുവദിക്കില്ല. അതിനാല്‍ തന്നെ ഇവരില്‍ നിന്നും വിശദീകരണം തേടേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിവാദത്തില്‍ ഇടത്‌ ജനപ്രതിനിധികള്‍ വിവാദത്തിലകപ്പെട്ടത്‌ സിപിഎമ്മിനെയും ഇടത്‌ നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കിയിരുന്നു.

സിപിഎം അംഗമല്ലെങ്കിലും കൊല്ലത്ത്‌ നിന്ന്‌ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച്‌ എം.എല്‍.എ ആയ നടന്‍ മുകേഷും ഇടതുമുന്നണിയുമായി സഹകരിച്ച്‌ നില്‍ക്കുന്ന സ്വതന്ത്ര എം.എല്‍.എ കെ.ബി. ഗണേഷ്‌ കുമാറും സിപിഎം സ്വതന്ത്രനായി എം.പിയായ ഇന്നസെന്റും വിവാദതീരുമാനത്തിന്റെ ഭാഗമാണെന്നതാണ്‌ നേതൃത്വത്തിന്‌ തലവേദന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക