Image

കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ നിയമലംഘനം നടത്തിയെന്നു കോടതി, നീനുവിനെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ കണ്ടെത്തി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും കോടതി

Published on 02 July, 2018
കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ നിയമലംഘനം നടത്തിയെന്നു കോടതി, നീനുവിനെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ കണ്ടെത്തി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും കോടതി
കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ നിയമലംഘനം നടത്തിയെന്നു കോടതി. നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ പരാമര്‍ശം നടത്തിയത്.

നീനുവിനെ കാണാനില്ലെന്ന ചാക്കോയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന എം.എസ്. ഷിബു നടപടിയെടുക്കാതിരുന്നതിനെയാണു കോടതി വിമര്‍ശിച്ചത്. നീനുവിനെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ പെണ്‍കുട്ടിയെ കണ്ടെത്തി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ഇതിനു മുതിരാതെ പോലീസ് സ്റ്റേഷനില്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് എസ്‌ഐ ശ്രമിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. നടിപടിയെടുത്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. 

അതേസമയം, കെവിനെ ക്രൂരമായി കൊലചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടായതായി തെളിഞ്ഞിട്ടും നീനുവിന്റെ അമ്മ രഹ്നയെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥനോടും കൊല്ലത്തെ ഒരു ജനപ്രതിനിധിയോടും രഹ്നയ്ക്ക് അടുത്തബന്ധമുള്ളതായി ആരോപണമുണ്ട്. കെവിന്‍ കൊല്ലപ്പെട്ടതിന്റെ തലേന്നു വൈകുംവരെ തെന്‍മലയിലെ വീട്ടിലുണ്ടായിരുന്ന രഹ്ന കെവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയതിനുശേഷം ഒളിവിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക