Image

വിജയ് മല്യയ്ക്ക് വന്‍ തിരിച്ചടിയായി കോടതി ഉത്തരവ്

Published on 05 July, 2018
വിജയ് മല്യയ്ക്ക് വന്‍ തിരിച്ചടിയായി കോടതി ഉത്തരവ്
കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയ്ക്ക് വന്‍ തിരിച്ചടിയായി കോടതി ഉത്തരവ്. കോടികളുടെ തട്ടിപ്പ് നടത്തി യു.കെയില്‍ അഭയം തേടിയ മല്യയുടെ യു.കെയിലെ വസതി റെയ്ഡ് ചെയ്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുമതി. യുകെ കോടതി തന്നെയാണ് അനുമതി നല്‍കിയത്. മല്യയുടെ തട്ടിപ്പിനിരയായ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
ലണ്ടന് സമീപം ഹെര്‍ട്‌ഫോര്‍ഡ് ഷെയറിലെ മല്യയുടെ വസതി റെയ്ഡ് ചെയ്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി അനുമതി. എന്നാല്‍ ഇത് നിര്‍ബന്ധമായി നടപ്പിലാക്കേണ്ട ഉത്തരവല്ല. മല്യയുടെ വസതിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാം. യു.കെ ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കും സംഘത്തിനുമാണ് റെയ്ഡ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കേസില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ആശ്വാസകരമായ ഉത്തരവ് ജൂണ്‍ 26നാണ് യു.കെ ഹൈക്കോടതിയുടെ ക്യൂന്‍സ് ബെഞ്ച് ഡിവിഷന്‍ പുറപ്പെടുവിച്ചത്. യു.കെ കോടതിയുടെ ഉത്തരവ് പ്രകാരം 114 കോടി പൗണ്ടോ അതിന് തത്തുല്യമായ സ്വത്തുക്കളോ ആണ് കണ്ടുകെട്ടേണ്ടത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജമ്മു കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂകോ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്ബനി എന്നീ സ്ഥാപനങ്ങള്‍ക്കാണ് മല്യ പണം നല്‍കേണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക