Image

നിര്‍ഭയ കൂട്ട ബലാത്സംഗ കേസ്‌: പ്രതികള്‍ക്ക്‌ വധശിക്ഷ തന്നെ; പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

Published on 09 July, 2018
നിര്‍ഭയ കൂട്ട ബലാത്സംഗ കേസ്‌: പ്രതികള്‍ക്ക്‌ വധശിക്ഷ തന്നെ; പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി:  നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ തന്നെ. പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷ ലഭിച്ചതില്‍ മൂന്നു പേര്‍ മാത്രമേ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നുള്ളു. ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക്‌ ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്‌.

വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ ഹര്‍ജി തള്ളിയത്‌. കീഴ്‌ക്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. പ്രതികളായ പവന്‍ ഗുപ്‌ത (31), വിനയ്‌ ശര്‍മ (25), മുകേഷ്‌ (31) എന്നിവരാണ്‌ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നത്‌.

നാലാം പ്രതിയായ അക്ഷയ്‌ ഠാക്കൂര്‍ (33) ഇതുവരെ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടില്ല. വാദം പൂര്‍ത്തിയായെങ്കിലും അക്ഷയ്‌ക്ക്‌ ഹര്‍ജി സമര്‍പ്പിക്കാന്‍ നാലാഴ്‌ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ടായിരുന്നു.

കേസില്‍ ആറ്‌ പ്രതികളാണ്‌ ഉള്ളത്‌. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളെ ജുവനൈല്‍ ഹോമിലേക്ക്‌ അയച്ചിരുന്നു. ജുവനൈല്‍ നിയമം അനുസരിച്ച്‌ മൂന്നു വര്‍ഷത്തെ ശിക്ഷയ്‌ക്കാണ്‌ വിധിച്ചത്‌. ഇയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങി. മറ്റൊരു പ്രതിയായ ബസ്‌ െ്രെഡവര്‍ രാംസിംഗ്‌ ജയിലിലെ സെല്ലില്‍ തന്നെ ആത്മഹത്യ ചെയ്‌തു.

23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ആറു പ്രതികളും ചേര്‍ന്ന്‌ കൂട്ടമാനഭംഗപ്പെടുത്തിയെന്നതാണ്‌ കേസ്‌. 2012 ഡിസംബര്‍ 16നായിരുന്നു സംഭവം. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ ബസിനു പുറത്തേക്കു വലിച്ചെറിയുകയും ചെയ്‌തു. പിന്നീട്‌ ചികിത്സയ്‌ക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ ഡിസംബര്‍ 29ന്‌ പെണ്‍കുട്ടി മരിച്ചു.

2013 സെപ്‌തംബറില്‍ വിചാരണക്കോടതി വധശിക്ഷയ്‌ക്ക്‌ വിധിച്ച കേസ്‌ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക