Image

ഹിന്ദു പാകിസ്ഥാന്‍ വിവാദത്തില്‍ ശശി തരൂരിന്‌ കേരള നേതാക്കളുടെ പിന്തുണ

Published on 13 July, 2018
ഹിന്ദു പാകിസ്ഥാന്‍ വിവാദത്തില്‍ ശശി തരൂരിന്‌ കേരള നേതാക്കളുടെ പിന്തുണ

തിരുവനന്തപുരം: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കും എന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ പറഞ്ഞത്‌ വലിയ വിവാദത്തിന്‌ വഴി തുറന്നിരിക്കുകയാണ്‌. ഒരു വശത്ത്‌ ബിജെപി തരൂരിനെ ആക്രമിക്കുമ്‌ബോള്‍ മറുവശത്ത്‌ കോണ്‍ഗ്രസിന്റെ താക്കീതുമുണ്ട്‌. എന്നാല്‍ കേരളം തരൂരിനൊപ്പമാണ്‌.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഹിന്ദുത്വ രാഷ്ട്ര തത്വങ്ങളില്‍ അടിസ്ഥാനമായി ബിജെപി ഭരണ ഘടന തിരുത്തി എഴുതുമെന്നും രാജ്യം ഹിന്ദു പാകിസ്ഥാന്‍ ആയി മാറുമെന്നും ആയിരുന്നു ശശി തരൂരിന്റെ വിവാദ പ്രസംഗം. തരൂര്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന്‌ പറഞ്ഞ ബിജെപി രൂക്ഷമായ ആക്രമണം അഴിച്ച്‌ വിട്ടിരിക്കുകയാണ്‌. വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന്‌ കോണ്‍ഗ്രസും തരൂരിനെ താക്കീത്‌ ചെയ്‌തു.

കോണ്‍ഗ്രസും തരൂരും മാപ്പ്‌ പറയണം എന്നാണ്‌ ബിജെപിയുടെ ആവശ്യം. തരൂരിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഉള്ളത്‌. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നാണ്‌ ശശി തരൂരിന്റെ നിലപാട്‌. മാപ്പ്‌ പറയില്ലെന്നും തരൂര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ചെന്നിത്തലയും വിടി ബല്‍റാമും അടക്കമുള്ള കേരളത്തിലെ നേതാക്കള്‍ തരൂരിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുണ്ട്‌.

 ബല്‍റാമിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വായിക്കാം: ഇന്ത്യയെ ഒരു `ഹിന്ദു പാക്കിസ്ഥാന്‍` ആക്കുകയാണ്‌ സംഘ്‌ പരിവാറിന്റെ ലക്ഷ്യം എന്ന്‌ തുറന്ന്‌ പറഞ്ഞതിന്റെ പേരില്‍ എന്തിനാണ്‌ എഴുത്തുകാരനും പാര്‍ലമെന്റേറിയനുമായ ഡോ. ശശി തരൂര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയനാകുന്നതെന്ന്‌ മനസ്സിലാവുന്നില്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണനയുള്ള, സ്‌റ്റേറ്റ്‌ മതകാര്യങ്ങളില്‍ നിന്ന്‌ പരമാവധി അകന്നുനില്‍ക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ്‌ ഇന്ത്യ മുന്നോട്ടു വക്കുന്ന ആശയം.

മത, ജാതി, ഭാഷ, വര്‍ഗ, വര്‍ണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക്‌ മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്‌. എന്നാല്‍ ഇതിന്‌ കടകവിരുദ്ധമാണ്‌ മതരാജ്യങ്ങളുടെ സങ്കല്‍പ്പം. ഭൂരിപക്ഷ മതത്തിന്‌ സ്‌റ്റേറ്റിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളില്‍ മറ്റ്‌ ന്യൂനപക്ഷ മതസ്ഥര്‍ സ്വാഭാവികമായിത്തന്നെ രണ്ടാം കിട പൗരന്മാരാവുന്നു.

ഇത്തരം മതരാജ്യങ്ങള്‍ക്ക്‌ നമുക്ക്‌ ചൂണ്ടിക്കാണിക്കാന്‍ തൊട്ടയല്‍പ്പക്കത്തുള്ള ഉദാഹരണങ്ങളാണ്‌ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനമൊക്കെ. ആ നിലക്ക്‌ പാക്കിസ്ഥാന്‍ ഇന്ത്യക്ക്‌ ഒരു പാഠമാണ്‌; ഇന്ത്യ എന്താകണം എന്നതിന്റെയല്ല എന്താകരുത്‌ എന്നതിന്റെ പാഠം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട്‌ മൂന്ന്‌ വര്‍ഷം മുന്‍പ്‌ ഇട്ട ഈ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ ഞാനും ഉപയോഗിച്ചിട്ടുണ്ട്‌ `ഹിന്ദു പാക്കിസ്ഥാന്‍` എന്ന പ്രയോഗം.


പിന്നീട്‌ പലയാവര്‍ത്തി പ്രസംഗങ്ങളില്‍ ഉപയോഗിച്ചിട്ടുമുണ്ട്‌. ഡോ. ശശി തരൂരിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ ആര്‍എസ്‌എസിനെതിരായ ആ വിമര്‍ശനം ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ്‌ അതിന്റെ രാഷ്ട്രീയം കൃത്യമായിത്തന്നെ പറഞ്ഞ്‌ തുടങ്ങേണ്ടിയിരിക്കുന്നു എന്നാണ്‌ വിടി ബല്‍റാമിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.

വിഡി സതീശനും വിവാദത്തില്‍ ശശി തരൂരിനെ പിന്തുണച്ച്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌.

ഫേസ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം: മതാധിഷ്‌ഠിത രാഷ്ട്രമാണു പാക്കിസ്ഥാന്‍. ഇന്‍ഡ്യ മതേതര രാഷ്ട്രവും. ഇന്‍ഡ്യയെ ഹിന്ദു മതാഷ്‌ഠിത രാഷ്ട്രമാക്കാനാണു സംഘപരിവാര്‍ ശ്രമം.ഇതു സംബന്ധിച്ച്‌ ശശി തരൂര്‍ പങ്കുവച്ച ഉത്‌കണ്‌ഠക്ക്‌ അടിസ്ഥാനമുണ്ട്‌. ഏതു തരം തീവ്ര വാദത്തെയും എതിര്‍ക്കുക എന്നതാണു കോണ്‍ഗ്രസുകാരെന്റെ ധര്‍മ്മം. അത്‌ പറയാന്‍ ധീരത കാട്ടിയ ശശി തരൂരിനു അഭിവാദ്യങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക