Image

ശബരിമല സ്ത്രീപ്രവേശം: പുരുഷനാകാമെങ്കില്‍ സ്ത്രീയ്ക്കുമാകാമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

Published on 18 July, 2018
ശബരിമല സ്ത്രീപ്രവേശം: പുരുഷനാകാമെങ്കില്‍ സ്ത്രീയ്ക്കുമാകാമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രിം കോടതി. ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീയ്ക്കും പ്രവേശിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്. പുരുഷന് ആകാമെങ്കില്‍ അത് സ്ത്രീയ്ക്കും ആകാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എടുത്തുപറഞ്ഞതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായി.
പുതുതായി കക്ഷി ചേരാന്‍ ആരേയും അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നീ വിവിധ കക്ഷികള്‍ നിലവിലുണ്ട് എന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ക്ഷേത്രം എന്നൊരു സങ്കല്‍പമില്ല. ക്ഷേത്രം പൊതുവായ ഒരു സങ്കല്‍പമാണെന്നും പരാമര്‍ശമുണ്ട്. നിയമത്തില്‍ ഇല്ലാത്ത നിയന്ത്രണം സാധ്യമാണോ എന്ന് അദ്ദേഹം ചോദിച്ചു.
നാലാം തവണയാണ് നിങ്ങള്‍ നിലപാട് മാറ്റുന്നത് എന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാര്‍ നിലപാടിനേക്കുറിച്ച് സൂചിപ്പിച്ചു. നിലവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിലാണ് സര്‍ക്കാര്‍. സമയം മാറുന്നതിനനുസരിച്ച് നിലപാടും മാറുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ പരാമര്‍ശിച്ചു. വിശ്വാസ പരിരക്ഷ ഉറപ്പാക്കുന്ന ഭരണഘടനയുടെ അനുച്ഛേദം വ്യക്തികള്‍ക്ക് മാത്രമേ ഉള്ളൂ, ആരാധനാലയങ്ങള്‍ക്ക് ഇല്ല എന്ന് ഇന്ദിര ജയ്‌സിംഗ് സംശയലേശമന്യേ വ്യക്തമാക്കി.
വിധിയുടെ സ്വഭാവം എന്തായിരിക്കും എന്നതിലേക്കൊരു ചൂണ്ടുപലകയാണ് മിശ്രയുടെ പരാമര്‍ശം എന്ന നിഗമനം ശക്തമാണ്. അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ എപ്രകാരം കോടതി കേള്‍ക്കും എന്നതും കേരളം സാകൂതം വീക്ഷിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക