Image

നെല്ലിയാമ്പതി ഒറ്റപ്പെട്ട അവസ്ഥയില്‍

Published on 20 August, 2018
നെല്ലിയാമ്പതി   ഒറ്റപ്പെട്ട അവസ്ഥയില്‍
പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോഴും നെല്ലിയാമ്പതി ഒറ്റപ്പെട്ട അവസ്ഥയില്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി തുടരുന്ന ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും നെല്ലിയാമ്പതി ഒറ്റപ്പെട്ടു കിടക്കുകയാണ്‌. ഇവിടുത്തെ ജനങ്ങള്‍ക്ക്‌ അവശ്യമരുന്ന്‌ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കാന്‍ ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്‌. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്‌റ്ററില്‍ മെഡിക്കല്‍ സംഘം ഇന്ന്‌ നെല്ലിയാമ്പതിയില്‍ എത്തും.

ഇടവിട്ട കനത്ത മഴ നെല്ലിയാമ്പതിയുടെ പല മേഖലകളിലും ഇപ്പോഴും പെയ്യുന്നുണ്ട്‌. ശക്തമായ വെള്ളക്കെട്ടില്‍ പുറത്തേക്ക്‌ കടക്കാന്‍ ഒരു വഴിയുമില്ലാതെ വനം വകുപ്പ്‌ ഉദ്യോഗസ്ഥരും തോട്ടം തൊഴിലാളികളുമുള്‍പ്പെടെ നിരവധിപേര്‍ കുടുങ്ങി കിടക്കുന്ന നെല്ലിയാമ്പതിയിലേക്ക്‌ കഴിഞ്ഞ ദിവസം ദ്രുതകര്‍മ്മ സേന പുറപ്പെട്ടെങ്കിലും പകുതി വഴിയില്‍ യാത്ര ഉപേക്ഷിച്ച്‌ തിരിച്ച്‌ പോകുകയായിരുന്നു.

മണ്ണിടിഞ്ഞ പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചലിനുള്ള സാധ്യതയുള്ളതിനാല്‍ ഇപ്പോഴും ഇവിടത്തെ നിവാസികള്‍ ഭീഷണി നേരിടുകയാണ്‌.

റോഡുകളെല്ലാം തകര്‍ന്ന്‌ കിടക്കുന്നതിനാല്‍ ഇന്ന്‌ വീണ്ടും കാല്‍ നടയായി അവശ്യ വസ്‌തുക്കള്‍ തലച്ചുമടായി എത്തിക്കാനുള്ള ശ്രമത്തിലാണ്‌ കൂടുതല്‍ സംഘങ്ങള്‍. ഭക്ഷണം മരുന്ന്‌, അവിടെ പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തി വാഹനങ്ങള്‍ക്ക്‌ വേണ്ട ഇന്ധനം എന്നിവ എത്തിക്കാനാണ്‌ ശ്രമം.

തോട്ടം മേഖലയായ നെല്ലിയാമ്പതിയിലെ ജനങ്ങളുടെ നില അതീവ ഗുരുതരമാണ്‌. കാലാവസ്ഥ അനുകൂലമായാല്‍ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്ന അത്യാവശ്യമായി വൈദ്യസഹായം ലഭിക്കേണ്ട രോഗികളെ നെന്മാറയിലെയോ പരിസര പ്രദേശങ്ങളിലെയോ ആശുപത്രികളിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക