Image

കേരളത്തിലുണ്ടായതു പോലുള്ള പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാന്‍ സാദ്ധ്യതയേറെ മാധവ് ഗാഡ്ഗില്‍

Published on 21 August, 2018
കേരളത്തിലുണ്ടായതു പോലുള്ള പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാന്‍ സാദ്ധ്യതയേറെ മാധവ് ഗാഡ്ഗില്‍
പശ്ചിമഘട്ട സംരക്ഷണത്തിനായി താന്‍ ചെയര്‍മാനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ കേരളത്തിലുണ്ടായതു പോലുള്ള പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാന്‍ സാദ്ധ്യതയേറെയാണെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

കേരളം,​ മഹാരാഷ്ട്ര,​ ഗോവ എന്നിവിടങ്ങളിലെ മഴയുടെ തീവ്രത വ്യത്യസ്തമാണെങ്കിലും ഈ സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖലകളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒരുപോലെയാണ്. കേരളത്തിലെപ്പോലെ കനത്ത മഴയുണ്ടാകില്ലെങ്കിലും 2014 ല്‍ പൂനെയിലെ മാലിനിയില്‍ ഉണ്ടായതിന് സമാനമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മഹാരാഷ്ട്രയിലും ഗോവയിലും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് - ഗാഡ്ഗില്‍ പറ‍ഞ്ഞു. 

ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വിചാരിക്കുന്നതിലും ഗുരുതരമായിരിക്കും. പ്രളയക്കെടുതി മാത്രമായിരിക്കില്ല ഉണ്ടാകുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും പിന്നീട് കടുത്ത പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. അതേസമയം,​ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമാണ്. നിയമം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന ക്വാറികളും അനധികൃത നിര്‍മാണങ്ങളുമാണ് ഈ പ്രളയത്തിന് കാരണം. തന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരത്തിലൊരു മഹാദുരന്തം കേരളത്തില്‍ സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക