Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-12: സാംസി കൊടുമണ്‍)

Published on 26 August, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-12: സാംസി കൊടുമണ്‍)
അച്ചന്റെ ജാമ്യത്തില്‍, ഹെലന്‍ പറയുന്നതില്‍ കഴമ്പില്ല എന്ന ഉത്തമ ബോധ്യത്തില്‍ ജോണിയെ വിടാന്‍ അവര്‍ തയ്യാറായി. ഇനി അവളെ കാണാന്‍ പാടില്ല എന്ന നിബന്ധന വേറെയും. ഹെലനെ അവര്‍ ജൂവനൈല്‍ ഹോമിലേക്കു മാറ്റി.... അകന്നു പോകുന്ന മകളെ നോക്കി അവര്‍ ഓര്‍ത്തു.... ഒരു സ്വപ്നംപോലെ അതാ അവള്‍ പോകുന്നു. സ്വയം വരുത്തിവച്ച വിനയുടെ ആഴം അറിയാതെ, അവള്‍ യൗവ്വനത്തിന്റെ എടുത്തുചാട്ടങ്ങളിലേക്ക് ഇതാ ഇറങ്ങുന്നു. സ്‌നേഹം സ്വാര്‍ത്ഥമാണ്. അവനവന്റെ സുഖങ്ങളെയും താല്‍പ്പര്യങ്ങളെയുമാണ് ഓരോരുത്തരും സ്‌നേഹിക്കുന്നത്. ആലീസ് എന്ന അമ്മ ജോണി എന്ന പിതാവിന്റെ തോളില്‍ തല ചായിച്ചു. അവര്‍ വെറും പേരുകളായി മാറി. അവരുടെ അസ്തിത്വം നഷ്ടമായിരുന്നു. അവര്‍ക്കിടയില്‍ മറ്റൊരു പേരുകാരന്‍ എബി. അവര്‍ അവന്റെ തലയില്‍ തലോടി. അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ട ായിരുന്നു.

ഓഫീസര്‍ ജോണിയോടായി പറഞ്ഞു “”ഇപ്പോള്‍ ഞാന്‍ കേസ് ചാര്‍ജ്ജു ചെയ്യുന്നില്ല. ഇനി മേലില്‍ അവളെ കാണാന്‍ ശ്രമിക്കുകയോ, കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്താല്‍....’’ അതൊരു താക്കീതായിരുന്നു.

എന്തു കുഴപ്പം. എല്ലാം കഴിഞ്ഞില്ലേ. മരിച്ചവരാരെങ്കിലും കുഴപ്പക്കാരാണോ? അവന്‍ സ്വയം ചോദിച്ചു.

“”ജോണി! ദൈവത്തില്‍ വിശ്വസിക്കൂ.... അവനറിയാതെ നിന്റെ തലയിലെ ഒരു രോമം പോലും കൊഴിയുകയില്ല.’’ അച്ചന്‍ ജോണിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ ജോണിക്ക് ആശ്വസിക്കുവാന്‍ കഴിയുമായിരുന്നില്ല. ഹൃദയത്തില്‍ നീറ്റല്‍. എന്റെ മകള്‍. സ്വന്തമെന്നു കരുതിയിരുന്ന ഏക സ്വത്ത്. ആദ്യജാത. അവള്‍ എല്ലാം തകിടം മറിച്ചില്ലേ. സ്‌നേഹ തീര്‍ത്ഥത്തില്‍ വളര്‍ത്തി. അവള്‍ക്ക് വേണ്ട തെല്ലാം കൊടുത്തില്ലേ...? എന്റെ മകള്‍ വേദനിക്കാന്‍ പാടില്ല. കാരണം വേദനയും അവഗണനയും ആവോളം അനുഭവിച്ചവനാണ്. അവന്റെ നൊമ്പരങ്ങളില്‍ നീറുന്നതവന്റെ കുട്ടികള്‍ക്ക് അങ്ങനെയൊന്നുമുണ്ട ാകരുതെന്നു മോഹിച്ചു. ഒക്കെയും ജലരേഖകള്‍. താന്‍ ഉള്‍ക്കാമ്പില്ലാത്ത പാഴ്മരം. സന്തോഷങ്ങളുടെ പറുദീസയില്‍ ആയിരിപ്പാന്‍ ആഗ്രഹിച്ചവര്‍, സങ്കടങ്ങളുടെ നടുക്കടലില്‍. ഇവിടെ സാന്ത്വനങ്ങള്‍ പ്രഹസനങ്ങള്‍ മാത്രം. അത് ഹൃദയത്തില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നു. ഹെലനില്ലാത്ത വീട്. അത് ജീര്‍ണ്ണതയുടെ തടവറ മാത്രം. അവര്‍ അവിടെ അന്യരായി.

ഗോപാലന്‍ നായര്‍ പറഞ്ഞു “”ജോണി..... എല്ലാം ഇട്ടെറിഞ്ഞു പോകാന്‍ ഞാന്‍ കൊതിക്കുന്നു. ഇതൊരു ജീവിതമല്ല. നമുക്കൊക്കെ തെറ്റു പറ്റിയെന്നാ തോന്നുന്നത്. നമ്മള്‍ സ്വപ്നങ്ങള്‍ക്കു പിന്നാലെ ആയിരുന്നു. ആ സ്വപ്നങ്ങള്‍ നമുക്കൊരു ജീവിതം തന്നില്ല. നമ്മള്‍ മരീചികയ്ക്കു പിന്നാലെ പായുകയായിരുന്നു. രാവണന്‍ കോട്ടയിലാണു നമ്മള്‍. നാം നമ്മുടെ പട്ടട പണിയുകയാണ്.’’

“”അവന്‍.... ഗോപന്‍ ഞങ്ങളുടെ മകന്‍! അവനെ ഞങ്ങള്‍ ഭയപ്പെടുന്നു. ഏതു നിമിഷവും അവന്‍ ഞങ്ങളെ കൊല്ലും. ഇതു സത്യമാണ്. അവനു പണം വേണം. എപ്പോഴും വേണം. എത്ര കിട്ടിയാലും തികയില്ല. എന്തൊക്കെയോ ഭയങ്കര കുഴപ്പത്തിലാണവന്‍. കരകയറാന്‍ കഴിയാത്തത്ര ആഴങ്ങളില്‍ അവന്‍ എത്തപ്പെട്ടിരിക്കുന്നു. ജോണീ! നിന്റെ ദുരന്തത്തില്‍ ഒരാശ്വാസവാക്കുപോലും പറയാന്‍ എനിക്കു കഴിയുന്നില്ല. കാരണം ഞാന്‍ അതിലും കുഴഞ്ഞ ചേറ്റില്‍ കിടന്നു കൈകാലിട്ടടിയ്ക്കുന്നവനാ. നമ്മളൊക്കെ കുടുംബത്തിനുവേണ്ട ി കൂടെപ്പിറപ്പുകള്‍ക്കുവേണ്ട ി കഷ്ടപ്പെട്ടു. കയ്യില്‍ വരുന്ന ഓരോ ചില്ലിയും കരുതലോടുകൂടെ ചിലവിട്ടു. നമ്മുടെ ജീവിതത്തിനൊര്‍ത്ഥമുണ്ടെ ന്നു തോന്നി. നമുക്ക് കരുതുവാന്‍ ആരൊക്കെയോ ഉണ്ടെ ന്നൊരു തോന്നല്‍. പക്ഷെ നമ്മുടെ സ്വന്തം കുടുംബം നമ്മെ ചതിച്ചു. നമ്മള്‍ കൊടുത്തതൊക്കെ ചെമ്പു നാണയങ്ങളായിരുന്നുവോ? നമുക്കെവിടെയാണു തെറ്റിയത്? ഗോമതിക്കു പ്രഷര്‍. ഗോപന്‍ അവള്‍ക്കു തിരിച്ചു നല്‍കിയത്.... ഞാന്‍ നിങ്ങളുടെ ദുഃഖം മറന്നു അല്ലേ ജോണി. എനിക്കിതൊക്കെ ആരോടെങ്കിലുമൊന്നു പറയണ്ടെ .... അവന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്നറിയില്ല. ഞങ്ങള്‍ക്കു ഭയമാണ്. കുറെ സ്പാനിഷ് പിള്ളാരും കറമ്പന്മാരുമായി അവന്‍ ജീവിതം ആഘോഷിക്കുകയാണ്. വയസ്സ് പതിനാറ് ആകുന്നേയുള്ളൂ. ഇനി എത്ര നാള്‍ അവന്‍ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുമെന്നറിയില്ല. ഇന്നലെ ഗോമതിയുടെ പതിനഞ്ചു പവന്റെ ആഭരണം അവന്‍ മോഷ്ടിച്ചു. ഇനി എന്തെല്ലാം..... ഹെലന്‍ തിരിച്ചു വരും. അവള്‍ തെറ്റു തിരിച്ചറിയും.’’ ഗോപാലന്‍നായര്‍ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞ്, അയല്‍വാസിയുടെ പുറത്തുതട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

“”ഗോപാലന്‍ നായരെ, ഇനി അവള്‍ തിരിച്ചു വരണ്ട ...’’ ജോണി പറഞ്ഞു. അവന്റെ ശബ്ദം ഉറച്ചതായിരുന്നു. ഇതുവരെ പെയ്തിറങ്ങിയ ഹൃദയം ഒന്നുറച്ചതുപോലെ. അവന്‍ തുടര്‍ന്നു.

“”എനിക്ക് ആരുമില്ല. ആരും വേണ്ട .’’ ആലീസ് ജോണിയെ നോക്കി. ആരും ഇല്ല എന്ന വാക്ക് അവളെ വേദനിപ്പിച്ചു. ഗോപാലന്‍ നായര്‍ ഉറയ്ക്കാത്ത കാലുകളോടെ വാതില്‍ കടന്നു. ജോണി പിന്നെയും കുടിച്ചു.

“”മതി... ഇതു മതി ജോണിച്ചായാ.... നിങ്ങള്‍ സ്വയം കൊല്ലുകയാണോ?’’

“”മോളേ... ഞാനിനി എന്തിനു ജീവിക്കണം? നീ എന്നെ ഓരോ ദിവസവും ജീവിക്കാന്‍ പ്രേരിപ്പിച്ചു. സിംലയിലെ അഗാധമായ കൊക്കകള്‍ എന്നെ എത്രയോ തവണ മാടി വിളിച്ചു. അപ്പോഴൊക്കെ നിന്റെ കണ്ണുകളിലെ സ്‌നേഹവും വിശ്വാസവും എന്നെ തടഞ്ഞു. ഇപ്പോള്‍... അപഹാസ്യനായി. നാണംകെട്ട വാര്‍ത്തയായി.....ഹ.. എന്തൊരു ജന്മം.!’’

“”ആരെന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ. അവള്‍ പ്രായത്തിന്റെ പ്രകമ്പനത്തിലാണ്. അവളുടെ ശരീരം ആവശ്യപ്പെടുന്ന വഴികളിലൂടെയൊക്കെ അവള്‍ പോകട്ടെ..... നമ്മള്‍ അവളെ ജനിപ്പിച്ചു. പോറ്റി വളര്‍ത്തി. അതു നമ്മുടെ കടമ. നോക്കൂ.... ദൈവത്തെപ്പോലും, അവന്റെ ആറാം ദിവസത്തിന്റെ കൈവേലയായ മനുഷ്യന്‍ ചതിച്ചില്ലെ? അവന്‍ സ്രഷ്ടാവില്‍ നിന്നും അകന്നില്ലെ. അവന്റെ പ്രിയ പുത്രനെ മൂന്നാണിയില്‍ തൂക്കി, സ്രഷ്ടാവിനോടുള്ള കടപ്പാടവന്‍ തീര്‍ത്തില്ലേ.... അവള്‍ തിരിച്ചു വരും. പക്ഷേ അവള്‍ കൊണ്ട ുവരുന്ന ദുരന്തങ്ങള്‍ താങ്ങാന്‍ നാം ഒരുക്കമുള്ളവരായിരിക്കണം. ഇനി നാം കരയരുത്.” ആലീസ് പറഞ്ഞു

എബി എന്തൊക്കെയോ നഷ്ടപ്പെട്ടവനെപ്പോലെ അവന്റെ മുറിയില്‍ ആയിരുന്നു.

മൂന്നാം ദിവസം ഗോപാലന്‍ നായര്‍ വിളിച്ചു. ആലീസായിരുന്നു ഫോണെടുത്തത്. അയാള്‍ ഉന്മാദിയെപ്പോലെ പറഞ്ഞു.

“”ആലീസേ.... എന്റെ പീഡയുടെ കാലം കഴിഞ്ഞു. ആ കുരിശ് എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു.’’

ഗോപാലന്‍ നായര്‍ പറയുന്നതെന്തെന്നറിയാതെ ആലീസ് പകച്ചു.

“”എന്തെങ്കിലും മനസ്സിലായോ.... ഞങ്ങളുടെ മകന്‍ ഗോപന്‍.... അവന്‍ ആത്മഹത്യ ചെയ്തു. അവന്‍ തൂങ്ങി മരിച്ചു. പോലീസ് ഇപ്പോള്‍ വിളിച്ചു പറഞ്ഞതേയുള്ളൂ.’’ ഗോപാലന്‍ നായര്‍ എന്തൊക്കെയോ പറയുന്നു. കേള്‍ക്കാന്‍ കെല്‍പ്പില്ലാതെ ആലീസ് ഫോണ്‍ വെച്ചു.

ഗോപന്‍.... ചെറുപ്പം മുതലുള്ള അവന്റെ പല മുഖങ്ങള്‍ കണ്ണിനു മുന്നില്‍. മിടുക്കനും പ്രസന്നവദനുമായിരുന്നവന്‍. ഹെലന്റെ കൂട്ടുകാരന്‍.... ആന്റി ആന്റിയെന്നുള്ള അവന്റെ വിളി.... ഒക്കെ ഓര്‍മ്മകളെ ഉണര്‍ത്തുന്നു. പിന്നീട് എപ്പോഴോ അവന്‍ മറ്റൊരുവനായി....

ജോണിയെയും കൂട്ടി ഗോപാലന്‍ നായരുടെ വീട്ടില്‍ ചെന്നപ്പോള്‍ ഗോമതി മാറത്തടിച്ചു നിലവിളിക്കുകയായിരുന്നു. ഒരേ ഒരു മകന്‍. “”ആലീസേ.... എന്റെ മകന്‍ എവിടെ.... അവന്‍ എവിടെ?’’ അവര്‍ ഒരു മൂര്‍ച്ഛയിലേക്ക് വഴുതി. ആലീസ് അവരെ കിടക്കയില്‍ നേരെ കിടത്തി. എന്നിട്ട് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയി.

ഗോപാലന്‍ നായര്‍ ഒരുന്മാദാവസ്ഥയിലായിരുന്നു. അയാള്‍ ഫോണിള്‍ ആരോടോ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു. ഒടുവില്‍ അല്പം ഉച്ചത്തില്‍ ചോദിച്ചു “”എന്താ പന്തയം വയ്ക്കുന്നോ? നൂറു രൂപ പന്തയം. അത് ആത്മഹത്യതന്നെയായിരുന്നു.’’ പന്തികേടു മനസ്സിലാക്കി ജോണി അയാളില്‍ നിന്നും ഫോണ്‍ ബലമായി പിടിച്ചു വാങ്ങി. അയാളെ സോഫയില്‍ പിടിച്ചിരുത്തി അയാളുടെ കരങ്ങള്‍ കൈയിലെടുത്ത് തലോടി.

“”നായരെ ഇതെന്താ...?’’ വളരെ നേരത്തെ മൗനത്തിനുശേഷം ഗോപാലന്‍ നായര്‍ കരഞ്ഞു. വളരെ നേരം അയാള്‍ ജോണിയുടെ കൈകള്‍ മുറുകെ പിടിച്ചു.

“”വരൂ നമുക്ക് പോകാം. ഗോപന്റെ ബോഡി എവിടെയാണു കണ്ട ത്.’’ ഇപ്പോള്‍ ഗോപന്‍ ഒരു കേവല മൃതശരീരം ആയിരിക്കുന്നു. ജോണി വെറുതെ ഓര്‍ത്തു.

“”ഫ്‌ളഷിങ്ങില്‍ എവിടെയോ ഒരു ഗോഡൗണില്‍ തൂങ്ങി മരിച്ചനിലയില്‍ അവനെ കണ്ട ുവത്രെ. അവന്റെ പോക്കറ്റിലെ ഐഡി കണ്ട ാണു പോലീസ് വിളിച്ചത്. ഇപ്പോള്‍ ക്യൂന്‍സ് ജനറല്‍ ഹോസ്പിറ്റലില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ട ുപോയിരിക്കുന്നു. അവിടെ ചെന്നു വേണ്ട പേപ്പറുകള്‍ ഒപ്പിട്ടാല്‍ ബോഡി വിട്ടു തരാമെന്നു പറഞ്ഞു.’’

“”എങ്ങനെ അവന്‍ അവിടെ വരെ എത്തി. അതും തൂങ്ങി മരിക്കാനായി.’’ ജോണി ചോദ്യഭാവത്തില്‍ ഗോപാലന്‍ നായരെ നോക്കി.

“”സംശയം പാടില്ല. ഗോപന്‍ ആത്മഹത്യ ചെയ്തതു തന്നെ. ആര്‍ക്കെങ്കിലും അങ്ങനെ അല്ലെന്നു തോന്നുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്താല്‍ എല്ലാത്തിനെയും തീര്‍ത്തുകളയുമെന്ന് ആരോ അല്പം മുമ്പ് ഫോണില്‍ പറഞ്ഞിരുന്നു. എന്താ ഇനി ജോണിയ്ക്കു സംശയമുണ്ടേ ാ?’’ ഗോപാലന്‍ നായര്‍ പഴയ മൂര്‍ച്ഛയിലെന്നപോലെ തന്റെ ചുറ്റുമുള്ളവര്‍ കേള്‍ക്കുന്നില്ല എന്ന ഉറപ്പില്‍ ജോണിയുടെ ചെവിയില്‍ ഒരു രഹസ്യമെന്നപോലെ പറഞ്ഞു.

കൗമാരം വിട്ടുമാറാത്ത ആ മുഖം ജോണിയെ വല്ലാതെ വേദനിപ്പിച്ചു. “”ഹെലന്‍ എവിടെ അങ്കിള്‍’’ അവന്റെ സ്വരം ചെവിയില്‍ മുഴങ്ങുന്നു. ദുരന്തങ്ങള്‍.... ഏതോ മയക്കു മരുന്നു റാക്കറ്റില്‍ അകപ്പെട്ടു പോയി. ഒടുവില്‍ ചോദിച്ച പണം കിട്ടാതെ വന്നപ്പോള്‍, അല്ലെങ്കില്‍ അവന്‍ രഹസ്യങ്ങള്‍ ചോര്‍ത്തും എന്ന ഭയത്താലോ ഗ്യാങ്ങ്- നിയമങ്ങള്‍ തെറ്റിച്ചവന് ജീവിക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ടു എന്ന് മറ്റുള്ളവര്‍ക്കുള്ള സന്ദേശമായോ എന്തുമാകാം. പോലീസ് എല്ലാം അറിഞ്ഞു കൊണ്ട ുതന്നെ ആത്മഹത്യയാക്കി കേസ്സ് എഴുതി തള്ളി.

“”അവന്റെ കര്‍മ്മങ്ങള്‍ ഞാന്‍ തന്നെ ചെയ്യാം. പക്ഷെ എന്റെ കര്‍മ്മങ്ങള്‍ ആരു ചെയ്യും?’’ ഗോപാലന്‍ നായര്‍ ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ട ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഗോമതി ഒരക്ഷരമുരിയാടാതെ എല്ലാവരെയും തുറിച്ചു നോക്കുന്നു.

ദുരന്തങ്ങള്‍ ഏറ്റുവാങ്ങി തളര്‍ന്ന അവര്‍ താമസിക്കാതെ തന്നെ എല്ലാം വിറ്റുപെറുക്കി എങ്ങോട്ടോ പോയി. അവര്‍ ഇപ്പോള്‍ എവിടെയാണോ ആവോ?
(തുടരും)
chapter -11

10
9
8
7
6
5

4

3

2
1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക