Image

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത്‌ ധീരമായ നിലപാട്‌; സുപ്രീം കോടതി റിട്ട. ജസ്റ്റിസ്‌ കെ.ടി. തോമസ്‌

Published on 27 November, 2018
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത്‌ ധീരമായ നിലപാട്‌; സുപ്രീം കോടതി റിട്ട. ജസ്റ്റിസ്‌ കെ.ടി. തോമസ്‌
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌ ധീരമായ നിലപാടാണെന്ന്‌ സുപ്രീം കോടതി റിട്ട: ജസ്റ്റിസ്‌ കെ.ടി തോമസ്‌. കേരള സര്‍വകലാശാലാ നിയമവകുപ്പ്‌ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത്‌ അഭിനന്ദനാര്‍ഹമാണ്‌. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ആചാരമാണെങ്കിലും അത്‌ റദ്ദാക്കപ്പെടേണ്ടതാണ്‌. അതാണ്‌ സുപ്രീം കോടതി വിധി വഴി ഉണ്ടായിരിക്കുന്നത്‌. ഭരണഘടനാ ബെഞ്ചിന്റെ വിധി മാനിക്കാനും നടപ്പാക്കാനും രാജ്യത്തെ ഏതൊരു പൗരനും ബാധ്യസ്ഥനാണ്‌. അതാണ്‌ സര്‍ക്കാര്‍ ചെയ്യുന്നതും.' കെ.ടി. തോമസ്‌ പറഞ്ഞു

'പണ്ട്‌ ശബരിമലയിലേക്ക്‌ കാല്‍നടയായാണ്‌ പൊയ്‌ക്കൊണ്ടിരുന്നത്‌. ഇങ്ങനെ പോയി വരാന്‍ കുറഞ്ഞത്‌ 45 ദിവസമെടുക്കും. സുരക്ഷിതത്വം കണക്കിലെടുത്ത്‌ ശബരിമലയിലേക്ക്‌ പോകുന്നതില്‍ നിന്ന്‌ പുരുഷന്മാര്‍ സ്‌ത്രീകളെ വിലക്കി. ഇപ്പോള്‍ സ്ഥിതി അതല്ല.

ഇതൊന്നും തിരിച്ചറിയാതെ പലരും രാഷ്ട്രീയം കളിക്കുകയാണ്‌. സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടു വരണമെന്നൊക്കെ ചിലര്‍ പറയുന്നത്‌ കേട്ടു. എന്നാല്‍, സുപ്രീം കോടതി വിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക്‌ ഒപ്പിടാന്‍ കഴിയില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൗലികാവകാശങ്ങള്‍ക്ക്‌ എതിരായാല്‍ ആചാരമാണെങ്കിലും കീഴ്‌വഴക്കമാണെങ്കിലും അത്‌ ഭരണഘടനയ്‌ക്ക്‌ എതിരാണെന്നും അതൊക്കെയും അസാധുവാണെന്നും ജസ്റ്റിസ്‌ കെ.ടി തോമസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക