Image

രാജസ്ഥാനില്‍ അശോക്‌ ഗെലോട്ടും സച്ചിന്‍ പൈലറ്റും അധികാരമേറ്റു

Published on 17 December, 2018
രാജസ്ഥാനില്‍  അശോക്‌ ഗെലോട്ടും സച്ചിന്‍ പൈലറ്റും അധികാരമേറ്റു


ജയ്‌പ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക്‌ ഗെലോട്ടും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും അധികാരമേറ്റു. ജയ്‌പ്പൂരിലെ ആല്‍ബര്‍ട്‌സ്‌ ഹാള്‍ ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗാണ്‌ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്‌. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വസുന്ധര രാജെ സിന്ധെ, എന്‍സിപി അധ്യക്ഷന്‍ ശരത്‌ പവാര്‍, കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ്‌ അബ്ദുള്ള, ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവ്‌, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍.

ജെഎംഎം നേതാവ്‌ ഹേമന്ത്‌ സോറന്‍, ജെവിഎം നേതാവ്‌ ബാബുലാല്‍ മറാഡി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ആയിര്‌കകണക്കിന്‌ അണികളും ആല്‍ബര്‍ട്‌സ്‌ ഹാള്‍ ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. സമാദജ്‌ വാദി പാര്‍ട്ടി നേതാവ്‌ അഖിലേഷ്‌ യാദവ്‌, ബിഎസ്‌പി നേതാവ്‌ മായവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നു.

രാജസ്ഥാനില്‍ ബിഎസ്‌പിയുടെയും എസ്‌പിയുടെയും പിന്തുണയോടെയാണ്‌ കോണ്‍ഗ്രസ്‌ അധികാരത്തില്‍ എത്തുന്നത്‌. മമതാ ബാനര്‍ജി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്‌ തന്റെ പ്രതിനിധിയെ അയച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ മായാവതിയും അഖിലേഷ്‌ യാദവും തയാറായിട്ടില്ല.

മുഖ്യമന്ത്രി പദത്തിനായി അശോക്‌ ഗെലോട്ടും സച്ചിന്‍ പൈലറ്റും അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും ഗെലോട്ടിന്‌ നറുക്ക്‌ വീഴുകയായിരുന്നു. 67കാരനായ ഗെലോട്ട്‌ അഞ്ച്‌ തവണ ജോധ്‌പൂരില്‍ നിന്നുള്ള എംപിയായിരുന്നു. അ!ഞ്ച്‌ തവണ സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്നും നിയമസഭയിലും എത്തി. ടോങ്ക്‌ മണ്ഡലത്തില്‍ നിന്നുമാണ്‌ സച്ചിന്‍ പൈലറ്റ്‌ ഇക്കുറി നിയമസഭയില്‍ എത്തുന്നത്‌. 2013ലേറ്റ കനത്ത തിരിച്ചടിയില്‍ നിന്നും പാര്‍ട്ടിയെ കരകയറ്റിയത്‌ 41കാരനായ സച്ചിന്‍ പൈലറ്റിന്റെ തന്ത്രങ്ങളായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക