Image

ക്രിസ്‌മസ്‌-പുതുവത്സര സീസണ്‍ പ്രമാണിച്ച്‌ ഒരാഴ്‌ച്ചയ്‌ക്കിടെ ഇടുക്കി, ചെറുതോണി ഡാമുകളില്‍ എത്തിയത്‌ 17940 സഞ്ചാരികള്‍

Published on 01 January, 2019
 ക്രിസ്‌മസ്‌-പുതുവത്സര സീസണ്‍ പ്രമാണിച്ച്‌   ഒരാഴ്‌ച്ചയ്‌ക്കിടെ ഇടുക്കി, ചെറുതോണി ഡാമുകളില്‍ എത്തിയത്‌ 17940 സഞ്ചാരികള്‍
ചെറുതോണി : ഇടുക്കിയില്‍ ക്രിസ്‌മസ്‌ ആഘോഷിക്കാനായി സന്ദര്‍ശക പ്രളയം. പുതുവത്സരം അടക്കം തണുപ്പിന്റെ സീസണ്‍ ആഘോഷിക്കാന്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്ക്‌ ആയിരങ്ങളാണ്‌ ഒഴുകിയെത്തിയത്‌. വെറും ഒരാഴ്‌ച്ചകൊണ്ട്‌ 17940 പേര്‍ ഇവിടം സന്ദര്‍ശിച്ചു.

ഇതില്‍ 2061 പേര്‍ കുട്ടികളാണ്‌ എന്നതാണ്‌ മറ്റൊരു പ്രത്യേകത. അണക്കെട്ടിനു മുകളില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയ ബഗ്ഗി കാറുകളില്‍ 3745 പേര്‍ സഞ്ചരിച്ചു.

കെഎസ്‌ഇബിയുടെ ഹൈഡല്‍ ടൂറിസം വിഭാഗത്തിന്‌ ഇടുക്കിയില്‍ നിന്നുള്ള വരുമാനം ഈ സീസണില്‍ 5,60,000 രൂപ കവിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

എന്നാല്‍ ഇടുക്കി തടാകത്തില്‍ ഹൈഡല്‍ ടൂറിസം വകുപ്പിന്റെ സ്‌പീഡ്‌ ബോട്ടിങ്‌ സര്‍വീസ്‌ ഇല്ലാത്തത്‌ ഇവിടെയെത്തുന്ന സന്ദര്‍ശകരെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്‌. വൈദ്യുതി വകുപ്പ്‌ അനുമതി നല്‍കിയെങ്കിലും വനംവകുപ്പ്‌ തടസ്സം ഉന്നയിച്ചതാണ്‌ ബോട്ടിങ്‌ ആരംഭിക്കാത്തതിനു കാരണം.

ഓണം, ക്രിസ്‌മസ്‌ പുതുവത്സര സീസണുകളില്‍ ഒരു മാസക്കാലം മാത്രമാണ്‌ അണക്കെട്ടുകളില്‍ തുടര്‍ച്ചയായി സന്ദര്‍ശന അനുമതി നല്‍കുന്നത്‌.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളുമടക്കം ആയിരക്കണക്കിന്‌ സഞ്ചാരികളാണ്‌ അണക്കെട്ട്‌ കാണാന്‍ എത്തുന്നത്‌. മുന്‍പ്‌ തടാകത്തില്‍ സ്‌പീഡ്‌ ബോട്ടിങ്ങിനും അനുമതി നല്‍കിയിരുന്നു. അണക്കെട്ട്‌ അടുത്തമാസം 20 ന്‌ അടക്കും. തുടര്‍ന്ന്‌ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരിക്കും പ്രവേശനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക