Image

മനുഷ്യരെ തന്നിലേക്കാകര്‍ഷിക്കാനുള്ള കാന്തിക സ്വഭാവം ബ്രിട്ടോയ്‌ക്കുണ്ടായിരുന്നു: എം എ ബേബി

Published on 10 January, 2019
മനുഷ്യരെ തന്നിലേക്കാകര്‍ഷിക്കാനുള്ള കാന്തിക സ്വഭാവം ബ്രിട്ടോയ്‌ക്കുണ്ടായിരുന്നു: എം എ ബേബി
മനുഷ്യരെ തന്നിലേക്കാകര്‍ഷിക്കാനുള്ള ഒരു കാന്തിക സ്വഭാവം സൈമണ്‍ ബ്രിട്ടോയ്ക്കു ണ്ടായിരുന്നുവെന്ന് സിപിഐ എം പോളിറ്റ് ബ്ലൂറോ അംഗം എംഎ ബേബി. പാര്‍ടിക്കു വേണ്ടി വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് എടുക്കുന്ന ആളായിരുന്നു ബ്രിട്ടോയെന്നും ബേബി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് തന്റെ ആത്മസുഹൃത്തിനെ ബേബി അനുസ്മരിച്ചത്. ജീവിച്ചിരിക്കാനായി വലിയ ഇച്ഛാശക്തിയോടെ പതിറ്റാണ്ടുകള്‍ പൊരുതിയവനാണ് ബ്രിട്ടോയെന്നും അദ്ദേഹം പറഞ്ഞു

ഫേസ്‌ബുക്ക് പോസ്റ്റ് 

ബ്രിട്ടോക്കും എനിക്കും ഒരേ വയസാണ്. 1954 മാര്‍ച്ച്‌ 24ന് ബ്രിട്ടോയും പത്തു ദിവസം കഴിഞ്ഞ് ഞാനും ജനിച്ചു. ഒരുമിച്ചു വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായി, ഒരേ രാഷ്ട്രീയം പങ്കുവച്ചു, ഒരുമിച്ചു വായിച്ചു, ഒരുമിച്ചു പഠിച്ചു.അസാധാരണമായ ഒരു ആത്മബന്ധവുമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. കൂടെ നിന്ന ബ്രിട്ടോ പക്ഷേ, ഇത്രവേഗം പോകാമെന്നത് എന്റെ ചിന്തയില്‍ വന്നതേയില്ല. ജീവിച്ചിരിക്കാനായി വലിയ ഇച്ഛാശക്തിയോടെ പതിറ്റാണ്ടുകള്‍ പൊരുതിയവനാണ് ബ്രിട്ടോ. ഈ ശാരീരിക പരിമിതികള്‍ക്കിടയില്‍ സാധാരണ മനുഷ്യര്‍ ചെയ്യാനിടയില്ലാത്ത ഒരുപാടു കാര്യങ്ങള്‍ ബ്രിട്ടോ ചെയ്തു. 

എന്റെ അനുശോചനം ചോദിച്ച ടെലിവിഷന്‍ ചാനലുകളോടും പത്രങ്ങളോടും ഞാന്‍ ഒന്നും പറഞ്ഞില്ല. എപ്പോഴും വരാവുന്ന ഒരു ഫോണ്‍വിളിയായി ഇനി ബ്രിട്ടോ ഇല്ല എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുക എളുപ്പമായിരുന്നില്ല.മനുഷ്യരെ വലിച്ചടുപ്പിക്കുന്ന കാന്തമായിരുന്നു ബ്രിട്ടോ .

1977 ല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ഫോര്‍ട്ട് കൊച്ചിയില്‍ വച്ചാണ് നടക്കുന്നത്. അന്നു മുതല്‍ ബ്രിട്ടോയെ പരിചയമുണ്ട്. പിന്നെ എസ്‌എഫ്‌ഐ പ്രവര്‍ത്തനങ്ങളുമായി എപ്പോഴൊക്കെ എറണാകുളത്തു പോയിട്ടുണ്ടോ അപ്പോഴൊക്കെ ബ്രിട്ടോ അവിടെ ഉണ്ടാകും. എറണാകുളത്തെ ജില്ലാതല നേതാവായി. പിന്നെ സംസ്ഥാന കമ്മിറ്റി അംഗവും വൈസ് പ്രസിഡണ്ടുമായി. 

ബ്രിട്ടോയുടെ പ്രത്യേകത അന്ന് ഫാഷനായിരുന്ന ബെല്‍ബോട്ടം പാന്റാണ്. വളരെ നിറങ്ങളുള്ള വസ്ത്രങ്ങളാണ് ധരിക്കുക. ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം. ബ്രിട്ടോക്ക് പഠിത്തത്തിനിടയില്‍ ചില തടസങ്ങളുണ്ടായി. പലയിടത്തും പഠിക്കാന്‍ പോയി. അതാണ് ഞങ്ങള്‍ ഒരേ പ്രായക്കാരാണെങ്കിലും ബ്രിട്ടോ എസ്‌എഫ്‌ഐയില്‍ എന്റെ അടുത്ത തലമുറയില്‍ വരുന്നത്.

1983 ഒക്ടോബര്‍ 14ന് പഴനിയില്‍ നടന്ന എസ്‌എഫ്‌ഐയുടെ തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തില്‍ ഞാന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്ബോഴാണ് ഒരു സഖാവ് വേദിയിലേക്ക് ഒരു കുറിപ്പ് തന്നത്. സഖാവ് സൈമണ്‍ ബ്രിട്ടോയെ ഗുരുതരമായി കുത്തി പരിക്കേല്‍പിച്ചിരിക്കുന്നു. അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ എന്ന നിലയില്‍ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് സഖാവ്. 

അന്ന് ഞാന്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ടാണ്. ഉടന്‍ എറണാകുളത്തെത്തി. ബെറ്റിയും നട ദുവ്വുരിയുമായാണ് ആശുപത്രിയില്‍ പോയി ബ്രിട്ടോയെ കണ്ടത്. ബ്രിട്ടോ ജീവിക്കുമോ മരിക്കുമോ എന്നതില്‍ ഏതാനും ദിവസം ഉറപ്പില്ലായിരുന്നു. നട്ടെല്ലിനാണ് അഞ്ച് കുത്തേറ്റത്. കൊല്ലണം എന്നു തീരുമാനിച്ച്‌ വന്ന് പിടിച്ചുവച്ച്‌ കുനിച്ചു നിറുത്തി പിന്നില്‍ നിന്ന് ആവര്‍ത്തിച്ച്‌ കുത്തുകയായിരുന്നു.

മെഡിക്കല്‍ ട്രസ്റ്റില്‍ അന്ന് ഡോ. പുളിക്കന്‍ ഉള്ള കാലമാണ്. സഖാവ് എ പി വര്‍ക്കി പാര്‍ടി ജില്ലാ സെക്രട്ടറിയും. ബ്രിട്ടോയെ നോക്കുന്നതിന്റെ ഉത്തരവാദിത്തം സഖാവ് എ പി നേരിട്ട് ഏറ്റെടുത്തു. എന്തു ക്ലേശിച്ചും ജീവന്‍ രക്ഷിക്കേണ്ട ആളാണിത് എന്നാണ് ഡോ. പുളിക്കനോട് സഖാവ് എ പി പറഞ്ഞത്. ഡോക്ടര്‍മാരുടെ മുഴുവന്‍ ശക്തിയും എടുത്തു. ഒടുവില്‍ ബ്രിട്ടോ ജീവിതത്തിലേക്ക് തിരിച്ചു വരിക തന്നെ ചെയ്തു.

മനുഷ്യരെ തന്നിലേക്കാകര്‍ഷിക്കാനുള്ള ഒരു കാന്തിക സ്വഭാവം ബ്രിട്ടോക്ക് ഉണ്ടായിരുന്നു. പാര്‍ടിക്കു വേണ്ടി വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് എടുക്കുന്ന ആളായിരുന്നു ബ്രിട്ടോ. സാധാരണ സഖാക്കളിലും കവിഞ്ഞ ആത്മാര്‍ത്ഥത, എല്ലാവരോടുമുള്ള നിറഞ്ഞ സ്‌നേഹം, വായിച്ച്‌ പഠിച്ചാണ് അഭിപ്രായം പറയുക. സഖാക്കള്‍ക്ക് ക്ലാസെടുക്കേണ്ട കേഡര്‍ എന്ന നിലയിലാണ് ബ്രിട്ടോ പ്രവര്‍ത്തിച്ചിരുന്നത്.

ഈ സ്വഭാവങ്ങള്‍ കൊണ്ടാണ് ബ്രിട്ടോയോട് സഖാക്കള്‍ക്കെല്ലാം അസാധാരണമായ ആദരവ് ഉണ്ടായത്.കേരളത്തിലെ കാമ്ബസുകളില്‍ എസ്‌എഫ്‌ഐ വളരുന്ന കാലമായിരുന്നു അത്. അറുപതുകളില്‍ കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്‍ എന്നപേരില്‍ ഉശിരന്‍ സമരങ്ങളിലുടെ അവകാശ ബോധമുള്ള വിദ്യാര്‍ത്ഥികളുടെ മനസില്‍ ഇടം നേടിയെങ്കിലും പരിമിത സ്വാധീനം മാത്രമേ സംഘടനക്കുണ്ടായിരുന്നുള്ളു. സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകള്‍ സംയോജിച്ച്‌ തിരുവനന്തപുരത്തുവച്ച്‌ 1970ല്‍ സ്ഥാപിക്കപ്പെട്ട എസ്‌എഫ്‌ഐ 1980 ആവുമ്ബോഴേക്കും കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായി. 

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന കെ എസ് യു ആയിരുന്നു അന്ന് കാമ്ബസുകള്‍ അടക്കിവാണിരുന്നത്. നീചമായ ശാരീരിക ആക്രമണങ്ങളിലൂടെ ആണ് എസ് എഫ് ഐ യുടെ മുന്നേറ്റത്തെ അവര്‍ നേരിട്ടത്. നിരന്തരം സഖാക്കള്‍ ആക്രമിക്കപ്പെട്ടു, കൊല്ലപ്പെട്ടു. ഇതേസമയം തന്നെ അക്രമം നടത്തുന്ന കമ്യൂണിസ്റ്റുകാര്‍, സമാധാന കാംക്ഷികളായ ബൂര്‍ഷ്വാ പാര്‍ടികള്‍ എന്ന പ്രതീതി കേരളത്തിലാകെ ഉണ്ടാക്കാന്‍ മാധ്യമ ധാര്‍മികത തീരെയില്ലാത്ത മലയാള പത്രങ്ങള്‍ നിരന്തരം ആസൂത്രിത ശ്രമം തുടര്‍ന്നു.

ആ കാലത്തെ കെ എസ് യു അക്രമത്തിന്റെ ഇരയാണ് സൈമണ്‍ ബ്രിട്ടോയും.കാമ്ബസുകളിലെ ഏറ്റവും പ്രതിഭാശാലികളെ കൂട്ടത്തിലണി നിരത്തിയാണ് എസ്‌എഫ്‌ഐ ഈ അക്രമത്തെ അതിജീവിച്ചത്. തിരിച്ച്‌ ഒരാളെ പോലും കൊല്ലാതെ. കാമ്ബസിലെ പ്രതിഭാശാലികളെ വലിച്ചടുപ്പിക്കുന്ന കൂട്ടത്തില്‍ എസ് എഫ് ഐയില്‍ വന്നു ചേര്‍ന്ന മിടുക്കനാണ് ബ്രിട്ടോയും. 

കമ്യൂണിസ്റ്റ് പാര്‍ടിക്കു നേരെയാണ് ഏറ്റവുമധികം അക്രമം ഉണ്ടായതെന്നതിന് നേരിട്ടുള്ള തെളിവാണ് ഞാന്‍ എന്ന് നിയമസഭയില്‍ ബ്രിട്ടോ പ്രസംഗിച്ചിട്ടുമുണ്ട്.അതിരില്ലാത്ത പാര്‍ട്ടിക്കൂറും രാഷ്ട്രീയ പക്വതയും ശാരീരിക അവശതകളും ക്ലേശങ്ങളും മറ്റും ബ്രിട്ടോയെ ഒരിക്കലും പാര്‍ടിക്ക് എതിരെ ഒരു നിലപാട് എടുക്കുന്നതില്‍ എത്തിച്ചില്ല. 

പലപ്പോഴും മനസ് ആഗ്രഹിക്കുന്നതുപോലെ ശരീരം ചലിക്കാതിരിക്കുമ്ബോള്‍ പലര്‍ക്കും നിരാശയുണ്ടാവും, കുട്ടികളാണെങ്കില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും കലഹമുക്കുണ്ടാക്കും. ബ്രിട്ടോ പാര്‍ടിയെ ഒരിക്കലും എതിര്‍ത്തില്ല. നയപരമായ കാര്യങ്ങളില്‍ പാര്‍ടി തീരുമാനമെടുക്കുമ്ബോള്‍, പാര്‍ടി ഇക്കാര്യം ശ്രദ്ധിക്കണം, ഇന്ന വിഷയത്തില്‍ പാര്‍ടി ഒരു തീരുമാനമെടുക്കുമ്ബോള്‍, ഇങ്ങനെ ഒരു അപകടത്തിലേക്ക് പോകാനുള്ള സാധ്യത ഉണ്ട്, അതുണ്ടാകാതെ നോക്കണം, ഇങ്ങനെ പാര്‍ടി നയവുമായും പാര്‍ടി തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടോയെ അലട്ടുന്ന ആശങ്കകളും സംശയങ്ങളും പറയാനായി എപ്പോഴും വിളിക്കുമായിരുന്നു. 

ഉദാഹരണത്തിന് എവിടെയെങ്കിലും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബ്രിട്ടോ വിളിക്കും. മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നപ്പോള്‍ പാര്‍ടി ഇത്ര ശ്രദ്ധിച്ചാല്‍ പോര, പാര്‍ടി കൂടുതല്‍ ശ്രദ്ധിക്കണം. ജില്ലയിലെ സഖാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്; എന്നാല്‍സഖാവും ശ്രദ്ധിക്കണം എന്നതരത്തിലാവും ജാഗ്രതപ്പെടുത്തല്‍. 

അങ്ങനെയെല്ലാമുള്ള കാര്യങ്ങള്‍ ഓരോരുത്തരെയും വിളിച്ച്‌ ബ്രിട്ടോ സംസാരിക്കുമായിരുന്നു. ഈ കരുതലാണ് അഭിമന്യുവിനെപ്പോലുള്ള ഇന്നത്തെ വിദ്യാര്‍ത്ഥി സഖാക്കളുമായി ഊഷ്മളമായ ഒരു ഹൃദയബന്ധം സ്ഥാപിക്കുവാന്‍ ബ്രിട്ടോക്ക് സ്വാഭാവികമായി സാധിക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്.

നയവുമായി ബന്ധപ്പെട്ട പ്രശ്‌നം വരുമ്ബോഴും തന്റെ പാര്‍ടി ഘടകത്തില്‍ ബ്രിട്ടോ സംസാരിക്കുകയും ഞങ്ങളെപ്പോലെ ചിലരോട് ഫോണില്‍ വിളിച്ച്‌ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുകയും ചെയ്യും. തന്റെ ചിന്തകള്‍ പാര്‍ടി ഘടകത്തില്‍ പങ്കു വയ്ക്കുക, പാര്‍ടി സഖാക്കളുമായി പങ്കു വയ്ക്കുക; അതാണ് തന്റെ ഉത്തരവാദിത്തം എന്ന് ബ്രിട്ടോ എന്നും കരുതിയിരുന്നു.

ഏതു ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി പ്രവര്‍ത്തകരുമായും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ബ്രിട്ടോക്ക് ഉണ്ടായിരുന്നു. സഖാവ് പിണറായിയെയൊക്കെ ചില സമയത്ത് വിളിക്കാറുണ്ടായിരുന്നു. സഖാവ് കോടിയേരിയുമായി ഒരുമിച്ചൊരു കമ്മിറ്റിയില്‍ ഉണ്ടായിരുന്നതു മുതലുള്ള ബന്ധമാണ്. എസ് എഫ് ഐയില്‍ സമകാലികരായിരുന്ന സുരേഷ് കുറുപ്പ്, തോമസ് ഐസക്ക്, മത്തായി ചാക്കോ, ചന്ദ്രചൂടന്‍, അശോക് എം ചെറിയാന്‍, പി കെ ഹരികുമാര്‍, ഷീബാതോമസ് , സി പി ജോണ്‍ തുടങ്ങി ഒട്ടനവധി പേരുമായി ആത്മബന്ധം പുലര്‍ത്തുകയും രാഷ്ട്രീയമായി വ്യത്യസ്ഥതകളുണ്ടായാലും വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ബ്രിട്ടോയുടേത്. 

ഇത്തരം ബന്ധങ്ങള്‍ ദീര്‍ഘമായ ടെലിഫോണ്‍ ചര്‍ച്ചകള്‍ക്കും വഴിവക്കും.കമ്യൂണിസ്റ്റ് പാര്‍ടിക്ക് സവിശേഷ രാഷ്ട്രീയ സന്ധി ആവശ്യപ്പെടുന്ന നിലപാടുകള്‍ അപ്പപ്പോള്‍ എടുക്കേണ്ടി വരും. അതില്‍ വൈകാരികമായി തന്നെ സഖാക്കള്‍ക്ക് പലതും തോന്നാം. എന്നാല്‍ ഉയര്‍ന്ന രാഷ്ട്രീയബോധം ഉണ്ടെങ്കില്‍ മാത്രമേ എന്തുകൊണ്ട് എങ്ങനെ ഇത്തരം ഒരു രാഷ്ട്രീയ നിലപാട് എടുത്തു എന്നത് ബോ
ധ്യമാവുകയുള്ളു. ആ നയം സ്വന്തം കാഴ്ചപ്പാടായി സ്വാംശീകരിക്കപ്പെടുകയുള്ളു.

എത്ര വൈകാരികമായ സന്ദേഹങ്ങള്‍ കണ്ടാലും ബ്രിട്ടോ ഒടുവില്‍ പാര്‍ടിയുടെ തീരുമാനങ്ങള്‍ അംഗീകരിച്ചു.ബ്രിട്ടോ പാര്‍ടി ലോക്കല്‍ കമ്മിറ്റി മെമ്ബറായിരുന്നു. ഒരുപാട് യാത്രയും മറ്റും വന്നിട്ട് ലോക്കല്‍ക്കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് സൗകര്യക്കുറവുണ്ട്, പാര്‍ടി അംഗമായി തുടര്‍ന്നാല്‍ മതി എന്നു തീരുമാനിച്ചത് സഖാവ് ബ്രിട്ടോ തന്നെയാണ്.

ലോക്കല്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ ചുമതലകള്‍ വരികയും മറ്റും ചെയ്യുമ്ബോള്‍ എപ്പോഴും നാട്ടില്‍ ഉണ്ടാവണമല്ലോ, അതൊരു ആലങ്കാരിക പദവി അല്ലല്ലോ. നിയമസഭയിലെ ഇടപെടലുകളും ബ്രിട്ടോ വളരെ പഠിച്ചു തന്നെയാണ് ചെയ്തിരുന്നത്. ഞങ്ങള്‍ നിയമസഭാംഗങ്ങളായിരുന്നതും ഒരുമിച്ചാണ്. 2006 മുതല്‍ 11 വരെ പന്ത്രണ്ടാം നിയമസഭയില്‍. 

തിരുവനന്തപുരത്ത് ഇത്രയും വലിയ നിയമസഭാ സമുച്ചയം ഉണ്ടാക്കിയിട്ടും അതില്‍ അംഗപരിമിതി ഉള്ളവര്‍ക്ക് കയറാന്‍ വഴിയുണ്ടാക്കണമെന്ന് ആലോചിച്ചിരുന്നില്ല. നിയമസഭാംഗമായി ബ്രിട്ടോ വന്നപ്പോഴാണ് അങ്ങനെ ഒരു പ്രശ്‌നം ഉയര്‍ന്നു വന്നത്. ബ്രിട്ടോയുടെ ശ്രമഫലമായാണ് കേരള നിയമസഭയെ അംഗപരിമിതി ഉള്ളവര്‍ക്കു സൗഹൃദപൂര്‍ണമാക്കുന്നത്. അത്തരമൊരു അനീതിയും അപാകതയും ഉള്ളിടത്തെത്തിയാല്‍ അത് ചോദ്യം ചെയ്യാതെ വിടുക ബ്രിട്ടോയുടെ രീതി അല്ലായിരുന്നു.

എഴുത്തുകാരനായ ബ്രിട്ടോ 

കുത്തേറ്റ ശേഷം ശാരീരികമായ പ്രതിസന്ധി ഉണ്ടായപ്പോള്‍ വായനയിലേക്കും എഴുത്തിലേക്കും കൂടുതല്‍ മുഴുകുകയാണ് ബ്രിട്ടോ ചെയ്തത്. പരിമിതികള്‍ മറികടന്ന് അസാധ്യമെന്നു കരുതാവുന്ന സഞ്ചാരങ്ങള്‍ നടത്തി, ബ്രിട്ടോ. ഉത്തരേന്ത്യ മുഴുവന്‍ യാത്ര ചെയ്തു. ഹിമാലയത്തില്‍ പോയി. 

യുവസംഗീതജ്ഞന്‍ പോളി വര്‍ഗീസുമായി ചേര്‍ന്ന് ഉത്തരേന്ത്യ മുഴുവന്‍ വിശദമായൊരു യാത്ര ചെയ്യാനുള്ള പരിപാടിയിലായിരുന്നു. അത് നിര്‍വഹിക്കാനായില്ല. ബംഗാളിലൂടെ വിശദമായ വേറൊരു യാത്ര ആയിരുന്നു ഒരു ആഗ്രഹം. ചൈനീസ് ബുദ്ധ സന്യാസി ആയിരുന്ന ഹു യാന്‍ സാങിന്റെ യാത്രവിവരണം വായിച്ചിട്ട് ആ യാത്രാപഥത്തിലൂടെയുള്ള ഹിമാലയം കടക്കുന്ന ഒരുയാത്രയും ആയിരുന്നു മനസിലെ മറ്റൊരുപരിപാടി.

യാത്രയ്ക്കുള്ള ഒരവസരവും ബ്രിട്ടോ മുടക്കിയില്ല. കേരളത്തിനകത്തും പാര്‍ടി പരിപാടികള്‍ക്കും അല്ലാതെയുമായി ബ്രിട്ടോ നിരന്തരം യാത്ര ചെയ്തു. കൊല്ലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ നാലഞ്ചു ദിവസമാണ് ബ്രിട്ടോ വന്നു നിന്ന് പ്രചാരണം നടത്തിയത്. അതിനു മുമ്ബ് 2006ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ പത്തു ദിവസം കുണ്ടറയില്‍ താമസിച്ച്‌ വിപുലമായി യോഗങ്ങളില്‍ സംസാരിച്ചു.

വളരെ വികാരംകൊണ്ടായിരുന്നു ബ്രിട്ടോയുടെ ഓരോ പ്രസംഗവും. മനുഷ്യന്റെ ഇച്ഛാശക്തിയുടെ ജീവിക്കുന്ന ഉദാഹരണമായി സഖാവ് ബ്രിട്ടോ കത്തിജ്വലിച്ചു നില്‍ക്കുകയായിരുന്നു.മാഗ്‌നം ഓപ്പസ് എഴുതാന്‍ പറ്റാതെയാണ് ബ്രിട്ടോ മരിച്ചത്. അഗ്രഗാമി, മഹാരൌദ്രം എന്നീ നോവലുകളാണ് പ്രധാന കൃതികള്‍. നോവല്‍ എഴുതുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണല്ലോ. അത് ചെയ്യുക, മലയാള സാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കൃതികള്‍ എഴുതുക എന്നത് അത്ര ലഘുവായ കൃത്യമല്ല. 

ബ്രിട്ടോയുടെ രചനകള്‍ മഹത്തായ കൃതികള്‍ ആണോ എന്നതൊക്കെ നിരൂപകര്‍ പറയണം. പക്ഷേ, അവ അവഗണിക്കാനാവുന്നവയല്ല. താന്‍ ജീവിക്കുന്ന കാലഘട്ടത്തെ നോവലിലൂടെ ആവിഷ്‌കരിക്കുക എന്നത് സര്‍ഗാത്മകത ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. സാധാരണ ഒരു പുസ്തകം എഴുതുന്ന പോലല്ലല്ലോ നോവലെഴുത്ത്. കടുത്ത ശാരീരിക വയ്യായ്കകള്‍ക്കിടയിലും ബ്രിട്ടോ നോവലുകള്‍ എഴുതി ശ്രദ്ധേയനായി. എന്നു മാത്രമല്ല, നോവലിനുവേണ്ട അനുഭവങ്ങള്‍ ശേഖരിക്കുന്നതിനായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുക, അവ ഉരുക്കിയൊഴിച്ച്‌ വീണ്ടും എഴുതുക.അതിനു വേണ്ടി ചരിത്രം പഠിക്കുക, ഇവയൊക്കെ ചെയ്തു. ശാരീരിക അവശതകള്‍ വെല്ലുവിളിയായെടുത്തുകൊണ്ട്.

ബ്രിട്ടോയുടെ വിവാഹം 

ബ്രിട്ടോ വിവാഹിതനാവാന്‍ തീരുമാനിച്ചപ്പോള്‍ പല സ്‌നേഹിതര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സഖാക്കള്‍ക്കും സംശയമായിട്ടുണ്ടാവാം. ഈ ശാരീരികാവസ്ഥയില്‍ ബ്രിട്ടോ ഒരു കുടുംബജീവിതത്തിലേക്ക് പോകണോ? എന്നാല്‍ പാര്‍ടിയില്‍ ആരെങ്കിലും നിരുത്സാഹപ്പെടുത്തി എന്ന് ബ്രിട്ടോ എന്നോടൊരിക്കലും പറഞ്ഞിട്ടില്ല. എന്നോട് ഈ വിഷയം അവതരിപ്പിച്ചപ്പോള്‍, ബ്രിട്ടോ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. 

ബ്രിട്ടോക്ക് ഏതാണ് ശരിയാണെന്നു തോന്നുന്നുവോ ആ തീരുമാനത്തില്‍ ധൈര്യമായി മുന്നോട്ട് പോവുക. ബ്രിട്ടോ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നു ഞാന്‍ തീരുമാനിക്കുന്നത് ശരിയല്ലല്ലോ. ഇതുപോലൊരു സാഹചര്യത്തില്‍ സഖാവു പറഞ്ഞ മറുപടി തന്നെയാവും ഞാനും പറയുമായിരുന്നത് എന്ന് ബ്രിട്ടോ പിന്നീടൊരിക്കല്‍ എന്നോടുപറഞ്ഞു. 

രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സീനയുടെ തീരുമാനമായിരുന്നു ഇതില്‍ കൂടുതല്‍ നിര്‍ണായകമെന്നതും നാം ഓര്‍ക്കണം. ബ്രിട്ടോയും സീനയും നിലാവും ചേര്‍ന്ന ഒരു മാതൃകാ രാഷ്ട്രീയ കുടുംബത്തിനാണവര്‍ രൂപം നല്‍കിയത്. ബ്രിട്ടോയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും വിസ്തൃതകുടുംബമായ പാര്‍ടിയും സുഹൃത്തുക്കളും അളവറ്റ സ്‌നേഹവും കരുതലും അവനെന്നും നല്‍കി. 

അത് അനിവാര്യം. കാരണം അപരിചിതര്‍ക്കുപോലും ബ്രിട്ടൊ നല്‍കിയ അഭയവും സ്‌നേഹവും അപാരമായിരുന്നല്ലോ.മരിച്ചിട്ട് ജീവിച്ച ബ്രിട്ടോ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്ന ബ്രിട്ടോ ഇനിയോരുമിത്താവാം; പഴയകഥകള്‍ പറഞ്ഞു കൊടുക്കുന്നവരുടെ. പക്ഷേ ബ്രിട്ടോയുടെ സഖാക്കള്‍ക്ക് അവന്‍ എന്നും , തളരുമ്ബോള്‍ കരുത്തുപകരുന്ന ,ഒരിക്കലും വറ്റാത്ത ഉണര്‍വിന്റെ ഉറവിടമായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക