Image

ബിഹാറില്‍ എന്‍ഡിഎയുടെ 39 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്ക്‌ സീറ്റില്ല

Published on 23 March, 2019
ബിഹാറില്‍ എന്‍ഡിഎയുടെ 39 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്ക്‌ സീറ്റില്ല

പട്‌ന: ബിഹാറില്‍ എന്‍ഡിഎയുടെ 40 സ്ഥാനാര്‍ഥികളില്‍ 39 പേരെ പ്രഖ്യാപിച്ചു. അതേസമയം മുതിര്‍ന്ന നേതാവ്‌ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്ക്‌ സീറ്റ്‌ ലഭിച്ചില്ല. ശത്രുഘ്‌നന്‍ സിന്‍ഹയുടെ പട്‌ന സാഹിബ്‌ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണു ബിജെപിയുടെ സ്ഥാനാര്‍ഥി.

സാഹചര്യമെന്തായാലും സിറ്റിങ്‌ സീറ്റായ പട്‌ന സാഹിബ്‌ മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന്‌ ശത്രുഘ്‌നന്‍ സിന്‍ഹ നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെയും അമിത്‌ ഷായുടെ ശൈലിയേയും രൂക്ഷഭാഷയിലാണ്‌ ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചിരുന്നത്‌.

എന്നാല്‍ അദ്ദേഹത്തെ ബിജെപി പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയില്ല. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ശത്രുഘ്‌നനെ കേന്ദ്രമന്ത്രിസഭാ രൂപീകരണത്തില്‍ നരേന്ദ്ര മോഡി അവഗണിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്താണ്‌ ബിജെപിക്കുള്ളില്‍നിന്നു തന്നെ പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങുന്നത്‌.

അതേസമയം ഖഗാഡിയ മണ്ഡലത്തിലെ എല്‍ജെപി സ്ഥാനാര്‍ഥിയെ വൈകിട്ടു പ്രഖ്യാപിക്കും. ബിഹാറില്‍ ബിജെപിയുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവാണ്‌ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്‌. കീര്‍ത്തി ആസാദിന്റെ ദര്‍ഭംഗയില്‍ ഗോപാല്‍ ഠാക്കൂര്‍ സ്ഥാനാര്‍ഥിയാകും.

കേന്ദ്രമന്ത്രി ഗിരിരാജ്‌ സിങ്‌ ബേഗു സരായിയിയിലും സാരന്‍ മണ്ഡലത്തില്‍ രാജീവ്‌ പ്രതാപ്‌ റൂഡിയും മത്സരിക്കും. നിലവില്‍ നവാഡയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്‌ ഗിരിരാജ്‌ സിങ്‌.

എല്‍ജെപി നേതാവ്‌ റാം വിലാസ്‌ പസ്വാന്‍ മത്സരിക്കുന്നില്ല. അദ്ദേഹത്തിന്റെ ഹാജിപുര്‍ മണ്ഡലത്തില്‍ പശുപതി പാരസാണ്‌ എല്‍ജെപി സ്ഥാനാര്‍ഥി. പസ്വാന്റെ മകന്‍ ചിരാഗ്‌ പസ്വാന്‍ സിറ്റിങ്‌ സീറ്റായ ജമൂയിയില്‍ ജനവിധി തേടും. ബിജെപി 17, ജെഡിയു 17, എല്‍ജെപി ആറ്‌ എന്നിങ്ങനെയാണു സീറ്റു വിഭജനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക