Image

50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന ഉത്തരവ്‌; പുനപരിശോധനാ ഹരജിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

Published on 24 April, 2019
50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന ഉത്തരവ്‌; പുനപരിശോധനാ ഹരജിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍


ന്യൂദല്‍ഹി: 50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പുനപരിശോധനാ ഹരജി. 21 പാര്‍ട്ടികളാണ്‌ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്‌.

വോട്ടിങ്‌ യന്ത്രവുമായി ബന്ധപ്പെട്ട പരാതികള്‍ ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്‌.

അമ്പത്‌ ശതമാനം വിവിപാറ്റ്‌ രസീതുകള്‍ എണ്ണുക തന്നെ വേണമെന്ന്‌ ആം ആദ്‌മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നു.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാല്‍ മെയ്‌ 23 ന്‌ നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കോടതിയെ അറിയിച്ചത്‌.

400 പോളിംഗ്‌ കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ്‌ എണ്ണുകയാണെങ്കില്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന്‌ ഒന്‍പത്‌ ദിവസമെങ്കിലും വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പറഞ്ഞിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ ഒരു മണ്ഡലത്തിലെ അഞ്ച്‌ മെഷീനുകളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്‌. എന്നാല്‍ ഇത്‌ പോരെന്നും 50 ശതമാനം വിവി പാറ്റ്‌ രസീതുകള്‍ തന്നെ എണ്ണണമെന്നുമാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക