Image

ആലത്തൂരില്‍ ജയം ഉറപ്പിച്ച്‌ കോണ്‍ഗ്രസ്, രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു

Published on 26 April, 2019
ആലത്തൂരില്‍ ജയം ഉറപ്പിച്ച്‌ കോണ്‍ഗ്രസ്, രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു

ആലത്തൂരില്‍: വന്‍ അട്ടിമറി സാധ്യത പ്രവചിക്കപ്പെടുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ മുന്നിലാണ് ആലത്തൂര്‍. ഇടത് കോട്ട. പികെ ബിജു എന്ന ജനസമ്മിതിയുളള എംപി മൂന്നാവട്ടം ജനവിധി തേടാന്‍ എത്തിയപ്പോള്‍ ഇടതുപക്ഷം 100 ശതമാനവും വിജയം ഉറപ്പിച്ച മണ്ഡലം കൂടിയാണ് ആലത്തൂര്‍.

എന്നാല്‍ പ്രചാരണം പുരോഗമിക്കുന്തോറും രമ്യ ഹരിദാസ് മുന്നിലേക്ക് കയറി വന്നു. രമ്യ ആലത്തൂരില്‍ ബിജുവിനെ അട്ടിമറിക്കും എന്ന് തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കാനുളള നീക്കത്തിലാണ്.


കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്ബോഴാണ് ആലത്തൂരില്‍ ബിജുവിനെ നേരിടാന്‍ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് നിയോഗിക്കുന്നത്. പികെ ബിജുവും ഇടത് പക്ഷവും വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ തുടക്കത്തില്‍ രമ്യയ്ക്ക് ഒരു സാധ്യതയും യുഡിഎഫ് പോലും കല്‍പ്പിച്ചിരുന്നില്ല.തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറും രമ്യക്ക് സഹതാപം ലഭിക്കാന്‍ ഇടയായി. പോളിംഗ് കഴിഞ്ഞപ്പോള്‍ ആലത്തൂരില്‍ സിപിഎമ്മിന് ആശങ്കകളുണ്ട്. അതേസമയം കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസത്തിലുമാണ്.തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ രമ്യ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുളള യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമായിട്ടാണ് രമ്യയെ രാജി വെപ്പിക്കുന്നത് എന്നാണ് സൂചന.അത് മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും ഇല്ലാതെയാവും. അപ്പോള്‍ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 9 അംഗങ്ങളായി മാറും. ഇതോടെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എങ്കില്‍ നറുക്കെടുപ്പ് ആവശ്യമായി വരും. ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചാല്‍ യുഡിഎഫിന് ഭരണം പോകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക