Image

കര്‍ത്താവാണെന്റെ സംരക്ഷകന്‍'; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനം വേണ്ടെന്ന്‌ കര്‍ദിനാള്‍

Published on 01 May, 2019
കര്‍ത്താവാണെന്റെ സംരക്ഷകന്‍'; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനം വേണ്ടെന്ന്‌ കര്‍ദിനാള്‍


ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനം വേണ്ടെന്ന്‌ കൊളംബോ ആര്‍ച്ച്‌ബിഷപ്പ്‌ കര്‍ദിനാള്‍ മാല്‍ക്കം രഞ്‌ജിത്‌. മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ശ്രീലങ്കന്‍ കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

'എനിക്ക്‌ ഭയമില്ല. പുറത്ത്‌ പോകാന്‍ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനത്തിന്റെ ആവശ്യമില്ല. കര്‍ത്താവാണെന്റെ സംരക്ഷകന്‍. എന്നാല്‍ എന്റെ രാജ്യത്തിനും എന്റെ ജനങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണ്‌,' ആര്‍ച്ച്‌ബിഷപ്പ്‌ പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും സ്വന്തം സുരക്ഷാസംവിധാനങ്ങള്‍ ഇരട്ടിയാക്കുമ്പോഴാണ്‌ കര്‍ദിനാളിന്റെ നിലപാട്‌.

സുരക്ഷാ ഉദ്യോഗസ്ഥനെയും സുരക്ഷാ വാഹനത്തെയും കൊളംബോ ആര്‍ച്ച്‌ബിഷപ്പ്‌സ്‌ ഹൗസിന്‌ മുന്നില്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്‌. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനം ഉപേക്ഷിച്ച്‌ സാധാരണ കാറിലാണ്‌ കര്‍ദിനാള്‍ മാല്‍ക്കം യാത്രചെയ്യുന്നത്‌. ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ നിരന്തരം യാത്രചെയ്യുകയാണ്‌ അദ്ദേഹം.

ചാവേര്‍ ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൈകാര്യം ചെയ്യാന്‍ കര്‍ക്കശമായ നിയമം ആവശ്യമാണ്‌. അന്വേഷണത്തിന്റെ പുരോഗതി ഞങ്ങള്‍ക്ക്‌ അറിയില്ല. കസ്റ്റഡിയിലെടുത്ത ആളുകളില്‍നിന്ന്‌ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായാണ്‌ അധികൃതര്‍ ഞങ്ങളോട്‌ പറഞ്ഞതെന്നും അദ്ദഹം വ്യക്തമാക്കി.

അതേസമയം മെയ്‌ അഞ്ചിന്‌ ഞായറാഴ്‌ച ശ്രീലങ്കയില്‍ ദിവ്യ ബലി പുനരാരംഭിക്കുമെന്ന്‌്‌ മാല്‍ക്കം രഞ്‌ജിത്ത്‌ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക