Image

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യണമെന്ന്‌ മായാവതി

Published on 05 May, 2019
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യണമെന്ന്‌ മായാവതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മത്സരിക്കുന്ന അമേത്തി, റായ്‌ബറേലി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്‌.പി) നേതാവ്‌ മായാവതി രംഗത്തെത്തി. 

സംസ്ഥാനത്തെ എല്ലാ എസ്‌.പി - ബി.എസ്‌.പി പാര്‍ട്ടി പ്രവര്‍ത്തകരോടും ഈ രണ്ട്‌ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്‌ പിന്തുണ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അവര്‍ പറഞ്ഞു. ബി.ജെ.പിയെ നേരിടുന്ന പ്രതിപക്ഷ സഖ്യത്തില്‍ ഐക്യമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെയാണ്‌ മായാവതിയുടെ പ്രതികരണം.

എന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങള്‍ക്ക്‌ ഒരുപോലെയാണെന്നാണും മായാവതി പ്രസ്‌താവനയില്‍ പറയുന്നു. കോണ്‍ഗ്രസുമായി തങ്ങള്‍ക്ക്‌ യാതൊരു സഖ്യവും നിലവിലില്ല. എന്നാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനായി അമേത്തിയിലും റായ്‌ബറേലിയിലും കോണ്‍ഗ്രസിന്‌ വോട്ട്‌ ചെയ്യുമെന്നം അവര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം പൂര്‍ത്തിയായ നാലാം ഘട്ട തിരഞ്ഞെടുപ്പില്‍ ജനപിന്തുണ എസ്‌.പി - ബി.എസ്‌.പി സഖ്യത്തിനായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു. അതാണ്‌ ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നത്‌. കേന്ദ്രത്തില്‍ പുതിയ പ്രധാനമന്ത്രിയെ അവരോധിക്കാനും ഉത്തര്‍പ്രദേശില്‍ പുതിയ സര്‍ക്കാര്‍ രൂപവത്‌കരിക്കാനും തങ്ങളുടെ സഖ്യത്തിന്‌ കഴിയും. 

അഹംഭാവവും ഏകാധിപത്യവും നിറഞ്ഞ ഭരണത്തില്‍നിന്ന്‌ മെയ്‌ 23 ന്‌ ഇന്ത്യ മോചിപ്പിക്കപ്പെടുമെന്നും അവര്‍ അവകാശപ്പെട്ടു. എസ്‌.പി - ബി.എസ്‌.പി സഖ്യത്തെ തകര്‍ക്കാന്‍ മോദി എത്ര ശ്രമിച്ചാലും നടക്കില്ലെന്നും മായാവതി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക