Image

എംഇഎസിന്റെ നിഖാബ് നിരോധനത്തേയും വിവാദത്തേയും പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

Published on 05 May, 2019
എംഇഎസിന്റെ നിഖാബ് നിരോധനത്തേയും വിവാദത്തേയും പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍

കൊച്ചി: മുഖംമറയ്ക്കുന്ന വസ്ത്രധാരണം ഇസ്ലാമികമല്ലെന്ന നിലപാടിന് പിന്നാലെ എംഇഎസ് സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നിഖാബ് നിരോധിച്ച പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പാത്രമായിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയും ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, വിഷയത്തില്‍ എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നായിരുന്നു എംഇഎസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

നിഖാബിനൊപ്പം, ലെഗ്ഗിന്‍സും ജീന്‍സും എംഇഎസ് ക്യാംപസുകളില്‍ നിരോധിച്ചിട്ടുണ്ടെന്ന് പിന്നാലെ, ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയതോടെ വിവാദം പിന്നേയും കത്തിപ്പടര്‍ന്നു. ഈ സാഹചര്യത്തിലാണ് ജയശങ്കറിന്റെ പരിഹാസം.

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മുസീബത്തിന്റെ നായ മൂത്താപ്പാനേം കടിച്ചു എന്ന ചൊല്ല് ഡോ ഫസല്‍ ഗഫൂറിന്റെ കാര്യത്തില്‍ അച്ചട്ടായി.

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് നടപ്പാക്കാനും ക്യാമ്ബസില്‍ മുഖം മറയ്ക്കുന്ന നിഖാബ് നിരോധിക്കാനുമുളള തീരുമാനത്തെ സുന്നി-വഹാബി- മൗദൂദി- സുഡാപി ഭേദമന്യേ ദീനിവിശ്വാസികള്‍ എതിര്‍ക്കുകയാണ്.

വെളളാപ്പളളി നടേശന്‍ അധ്യക്ഷനായ നവോത്ഥാന കമ്മറ്റിയുടെ ഭാരവാഹിയാണ് ഫസല്‍ ഗഫൂറെങ്കിലും നിഖാബ് നിരോധനത്തെ സഖാക്കള്‍ പോലും അനുകൂലിക്കുന്നില്ല. സ്വതന്ത്ര മതേതര പുരോഗമന സാംസ്‌കാരിക നായകരും മൗനം ഭജിക്കുന്നു.
ഖത്തറില്‍ നിന്ന് ഒരു വിശ്വാസി ഡോക്ടറെ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയത്രേ. സൈബര്‍ പോരാളികള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി ഉണ്ടാക്കി അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു:

ഫെമിനിസ്റ്റുകള്‍ക്കൊപ്പം കൂടി ഇസ്ലാം ദീനിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുനാഫിക് എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്, ഇത് വെളളരിക്കാ പട്ടണമല്ല കേരളമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നവരുണ്ട്, ദീന്‍ പറയാന്‍ 'പണ്ടിത'ന്മാരുണ്ട് നീ നിന്റെ പണി ചെയ്താല്‍ മതി എന്ന് ഗുണദോഷിക്കുന്നവരുണ്ട്, എംഇഎസിന്റെ തകര്‍ച്ച വേഗത്തിലാക്കാന്‍ ഈ റമളാന്‍ മാസം മുഴുവന്‍ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ തീരുമാനിച്ചവര്‍ പോലും ഉണ്ട്.

കമന്റ് ബോക്സില്‍ ഏറ്റവും അധികം ആവര്‍ത്തിക്കപ്പെടുന്ന അഭിപ്രായം, ഫസല്‍ ഗഫൂറല്ല അവന്റെ മൂത്താപ്പ വടക്കേലെ മമ്മദ് പറഞ്ഞാലും മുസ്ലിം പെണ്‍കുട്ടികള്‍ മുഖംമറച്ചു തന്നെ എംഇഎസ് സ്ഥാപനങ്ങളില്‍ പഠിക്കും എന്നാണ്.

വടക്കേല മമ്മദ് എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ല. പാവം മൂത്താപ്പ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക