Image

റമദാന്‍ വ്രതത്തിന് തുടക്കമായി

Published on 06 May, 2019
 റമദാന്‍ വ്രതത്തിന് തുടക്കമായി


കണ്ണൂര്‍: ഇസ്ലാമിക വിശ്വാസികള്‍ക്ക്‌ റമദാന്‍ വ്രതത്തിന്റെ ദിനങ്ങള്‍ക്ക്‌ തുടക്കമായി. ഇന്ന്‌ നോമ്പ്‌ ഒന്ന്‌. അന്നത്തിന്റെ മഹത്വവും നന്മയുടെ വിശുദ്ധിയും വിശ്വാസികള്‍ നെഞ്ചിലേറ്റുന്ന മാസത്തില്‍ ഭക്തിയുടെ സ്‌നേഹമന്ത്രണം എങ്ങും നിറയും. പള്ളികളും ഭവനങ്ങളും ഖുര്‍ആന്‍ വചനങ്ങളില്‍ മുഴുകിക്കഴിഞ്ഞു.

ഇന്നലെ രാത്രി 8ന്‌ മാസപ്പിറവി കണ്ടശേഷം ഇശാനമസ്‌ക്കാരത്തിന്‌ ശേഷം തറാവീഹ്‌ നമസ്‌ക്കാരത്തിന്‌ തുടക്കമായി. അന്യന്റെ വേദനയില്‍ പങ്കുചേരുകയും ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നാളുകളാണ്‌ ഇനി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കടുത്ത വേനല്‍ച്ചൂടിലാണ്‌ ഇത്തവണ റമദാന്‍ മാസം വന്നെത്തിയത്‌.

നോമ്പിനെ വരവേല്‍ക്കാന്‍ വിപണികളും സജീവമായി. നോമ്പുതുറ വിഭവങ്ങളില്‍ പ്രാധാന്യമുള്ള ഈത്തപ്പഴം, കാരയ്‌ക്ക എന്നിവയ്‌ക്ക്‌ വിപണിയില്‍ തിരക്ക്‌ കൂടി. കോഴി, പോത്ത്‌, മീന്‍ തുടങ്ങിയവയ്‌ക്ക്‌ വിപണിയില്‍ നല്ല തിരക്ക്‌ തന്നെ. ഒരുമാസക്കാലത്തെ വ്രതത്തിന്‌ ശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തോടെയാണ്‌ റമദാന്‍ മാസത്തിന്‌ സമാപനമാവുക.

ഓരോ പള്ളിയിലും പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്‍ നോമ്പുതുറ വിഭവങ്ങള്‍ എത്തിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന്‌ നോമ്പ്‌ മുറിക്കുന്നത്‌ പതിവ്‌ കാഴ്‌ചയാണ്‌. രാത്രി നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥനകള്‍, ദിക്‌റുകള്‍, ഇസ്‌തിഗാഫ്‌ എന്നിവ അധികരിപ്പിച്ച്‌ റംസാന്‍ നോമ്പിനെ ജീവസ്സുറ്റതാക്കാന്‍ മനഃസാന്നിധ്യത്തോടെ കാത്തിരിക്കുന്നത്‌ വേറിട്ട കാഴ്‌ചയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക