Image

ഐപിഎസ്‌ ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട; പിടിച്ചെടുത്തത്‌ 1000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്‌

Published on 12 May, 2019
ഐപിഎസ്‌ ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട; പിടിച്ചെടുത്തത്‌ 1000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്‌


ഗ്രേറ്റര്‍ നോയ്‌ഡയില്‍ വന്‍ മയക്കുമരുന്ന്‌ വേട്ട. ഐപിഎസ്‌ ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ്‌ 1818 കിലോഗ്രാം സ്യുഡോഫെഡ്രിന്‍ എന്ന മയക്കുമരുന്ന്‌ നാര്‍കോട്ടിക്‌സ്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്തത്‌. 1.8 കിലോഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു.

വിപണിയില്‍ 1000 കോടി രൂപയില്‍ അധികം വിലമതിക്കുന്നതാണ്‌ പിടിച്ചെടുത്ത മയക്കുമരുന്ന്‌. മൂന്ന്‌ ആഫ്രിക്കക്കാരെ ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇവരില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ നൈജീരിയക്കാരുമാണ്‌.

വീട്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ ഉത്‌പാദിപ്പിച്ചു വരികയായിരുന്നു സംഘമെന്ന്‌ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ലോകത്ത്‌ നടക്കുന്ന ഏറ്റവും വലിയ സ്യുഡോഫെഡ്രിന്‍ വേട്ടയാണ്‌ ഇതെന്ന്‌ എന്‍സിബി സോണല്‍ ഡയറക്ടര്‍ മാധവ്‌ സിംഗ്‌ വ്യക്തമാക്കി.

നേരത്തെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച്‌ മയക്കുമരുന്ന്‌ കൈവശം വെച്ചതിന്‌ ഒരു ആഫ്രിക്കന്‍ യുവതി പിടിയിലായിരുന്നു. ജൊഹാനസ്‌ബര്‍ഗില്‍ നിന്ന്‌ ദുബായ്‌ വഴിയാണ്‌ ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഇവര്‍. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഗ്രേറ്റര്‍ നോയിഡയിലെ വീട്ടില്‍ എന്‍സിബി പരിശോധന നടത്തിയത്‌.

മയക്കുമരുന്നും സൈക്കോതെറാപ്പിക്‌ മരുന്നുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണ്‌ സ്യുഡോഫെഡ്രിന്‍. ഇത്‌ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നതിന്‌ നാര്‍കോട്ടിക്‌സ്‌ കമ്മീഷണറുടെ എന്‍ഒസി ആവശ്യമില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക