Image

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കോടതി മറിച്ച്‌ കണ്ടെത്തിയ സാഹചര്യത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമല വധക്കേസ്‌ പ്രതി സതീഷ്‌ ബാബു

Published on 19 December, 2018
താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കോടതി മറിച്ച്‌ കണ്ടെത്തിയ സാഹചര്യത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും  അമല വധക്കേസ്‌ പ്രതി സതീഷ്‌ ബാബു
തനിക്ക്‌ വധശിക്ഷതന്നെ വിധിക്കണമെന്ന്‌ അമല വധക്കേസ്‌ പ്രതി സതീഷ്‌ ബാബു കോടതിയില്‍. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കോടതി മറിച്ച്‌ കണ്ടെത്തിയ സാഹചര്യത്തില്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് വധശിക്ഷതന്നെ നല്‍കണമെന്നുമായിരുന്നു പ്രതി കോടതിയുടെ ചോദ്യത്തോട് പ്രതികരിച്ചത്. കോടതിക്ക് പുറത്തുവന്ന പ്രതി മാധ്യമങ്ങളോടും പ്രതികരണം ആവര്‍ത്തിച്ചു.

പാലാ ലിസ്യൂ കാര്‍മ്മലെറ്റ് കോവെന്റിലെ സിസ്റ്റര്‍. അമല(69)യെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കാസര്‍ഗോഡ് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു (സതീഷ് നായര്‍, 38) കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. കേസ്‌ വിധി പറയുന്നത്‌ പാലാ അഡീഷണല്‍ സെക്ഷന്‍സ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കൊലപാതകത്തിന് പുറമെ മോഷണം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയിട്ടുള്ള പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 

2015 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെയാണ് സംഭവം.കോണ്‍വെന്റിലെ മൂന്നാം നിലയിലെ കിടപ്പുമുറിയിലാണ് കന്യാസ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോണ്‍വെന്റില്‍ അതിക്രമിച്ചു കയറിയ പ്രതി കൈതൂമ്ബയ്ക്ക് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവശേഷം മുങ്ങിയ പ്രതി കവിയൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഉത്തരേന്ത്യയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്. 

കന്യാസ്ത്രി മഠങ്ങളില്‍ അതിക്രമം നടത്തിവന്ന പ്രതി നിലവില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. 2015ല്‍ ഭരണങ്ങാനം അസീസി സ്‌നേഹഭവനില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ ഏഴു മാസം മുമ്ബ് പാലാ കോടതി ആറു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. കന്യാസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്കെതിരെ മറ്റ് നിരവധി കേസുകള്‍ പൊലീസ് ചുമത്തിയിരുന്നു. ഇയാള്‍ക്ക് ആലപ്പുഴ, കോട്ടയം, എറണാകുളം, കാസര്‍കോട് എന്നിവിടങ്ങളിലെ ചില ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക