ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ പരാതിക്കാര്‍ ഹാജരാക്കിയ രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍നിന്നും മോഷ്ടിച്ചവയാണെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പരാതിക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
പ്രതിരോധമന്ത്രാലയത്തിലെ മുന്‍ ജീവനക്കാരോ നിലവിലെ ജീവനക്കാരോ ആവാം രേഖകള്‍ മോഷ്ടിച്ചത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകളാണ് ഇത്. ഇത് ഒരിക്കലും പ്രസിദ്ധപ്പെടുത്താന്‍ കഴിയാത്തതാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ രേഖയിലുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. ഇതില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ചീഫ്ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു . എങ്ങനെയാണ് രേഖകള്‍ മോഷ്ടിക്കപ്പെട്ടതെന്ന് തങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് മറുപടിയായി കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി.