Image

പാടാത്ത പൈങ്കിളി (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം -ഭാഗം-8: അന്ന മുട്ടത്ത്)

Published on 12 May, 2024
പാടാത്ത പൈങ്കിളി (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം -ഭാഗം-8: അന്ന മുട്ടത്ത്)

പാടാത്ത പൈങ്കിളി

മലയാള സാഹിത്യത്തിലെ പൈങ്കിളിക്കഥകളുടെ തുടക്കം 'പാടാത്ത പൈങ്കിളി'യില്‍ നിന്നല്ല. എങ്കിലും നമ്മുടെ ജനപ്രിയനോവലുകള്‍ക്ക് പൈങ്കിളിക്കഥകള്‍ എന്നു പേരു വന്നത് ഈ നോവലിലൂടെയാണെന്നു പലരും വിശ്വസിക്കുന്നു. സത്യം അതല്ലെങ്കിലും ജനകീയ സാഹിത്യകാരനായ മുട്ടത്തുവര്‍ക്കിയുടെ മാസ്റ്റര്‍പീസ് ആണ് പാടാത്ത പൈങ്കിളി. അദ്ദേഹത്തിന്റെ ചലച്ചിത്രമാക്കപ്പെട്ട ആദ്യ നോവലും ഇതുതന്നെ. (സിനിമയില്‍ പ്രേംനസീറും മിസ്‌കുമാരിയും നായികാനായകന്മാര്‍). നോവല്‍ എന്ന നിലയിലും സിനിമ എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു ഈ പാടാത്ത പൈങ്കിളി.
ഒരു പാവപ്പെട്ട അധ്യാപകനായ ലൂക്കാസാറിന്റെയും കൊച്ചേലിയുടെയും പുത്രിയായ ചിന്നമ്മ വിവാഹ പ്രായമെത്തി പൂര നിറഞ്ഞു നില്‍ക്കുന്നു. നിര്‍ദ്ധനരായ ആ മാതാപിതാക്കള്‍ക്ക് മകളുടെ വിവാഹക്കാര്യം ഒരു വലിയ തലവേദനയാണ്.
വീട്ടിലെ ദാരിദ്ര്യം മൂലം ചിന്നമ്മ സമ്പന്നരായ മലയിലെ വീട്ടുകാരുടെ കപ്പ ചെത്താന്‍ ചില പണിക്കാരികളോടൊപ്പം പോയി. കപ്പ ചെത്തില്‍ പരിചയമില്ലാതിരുന്ന ചിന്നമ്മയുടെ കൈ മുറിഞ്ഞു രക്തം വന്നു. ആ സമ്പന്ന ഗൃഹത്തിലെ കൊച്ചുമുതലാളിയായ തങ്കച്ചനാണ് അവളുടെ മുറിവില്‍ മരുന്നുവച്ചു കെട്ടിയത്. അപ്പോള്‍ എന്തുകൊണ്ടോ ആ രണ്ടു യുവഹൃദയങ്ങളും തുടിച്ചു.
''ചിന്നമ്മയ്ക്ക് പാടാനറിയാമോ?'' അപ്പോള്‍ അവന്‍ ചോദിച്ചു.
''ഇല്ല.''
''അതേ, പാടാത്ത പൈങ്കിളി'' അവന്‍ പറഞ്ഞു.
അവള്‍ക്കു പാടുവാന്‍ അറിഞ്ഞുകൂടാ. എങ്കിലും അവളുടെ ഹൃദയത്തിന്റെ മണിപീഠത്തില്‍ അജ്ഞാതങ്ങളായ പ്രത്യാശകള്‍ പുതിയ ദീപങ്ങള്‍ കൊളുത്തുന്നതുപോലെ ചിന്നമ്മയ്ക്കു തോന്നി.
പുതുപ്പണക്കാരനായ വെണ്ടര്‍ കുട്ടിച്ചേട്ടന്റെ മകള്‍ ലൂസിക്ക് തങ്കച്ചനെ ഇഷ്ടമാണ്. അവളുടെ മാതാപിതാക്കള്‍ക്കും ലൂസിയെ തങ്കച്ചനെക്കൊണ്ട് കെട്ടിക്കാന്‍ മോഹമുണ്ട്. പക്ഷേ ഉടനെ ഒരു വിവാഹം വേണ്ടെന്ന നിലപാടാണ് ആ ചെറുപ്പക്കാരന്.
ചിന്നമ്മയുടെ മധുരസ്വപ്നങ്ങളിലേക്കു തങ്കച്ചന്‍ ഒരു രാജകുമാരനായി കടന്നുവന്നു. അതേസമയം തന്നെ തങ്കച്ചനും തന്റെ അയല്‍വാസിയും സമ്പന്നയുമായ ലൂസിയും തമ്മിലുള്ള വിവാഹം നടക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അവളെ അസ്വസ്ഥയാക്കി.
അയല്‍ക്കാരായ ചിന്നമ്മയും ലൂസിയും കൂട്ടുകാരികളാണെങ്കിലും അവരുടെ വീട്ടുകാര്‍ തമ്മില്‍ എപ്പോഴും കലഹമാണ്. ഒരിക്കല്‍ വെണ്ടര്‍ കുട്ടിച്ചേട്ടന്‍ ലൂക്കാ സാറിനെ കള്ളക്കേസില്‍ കുടുക്കി പോലീസിനെക്കൊണ്ടു പിടിപ്പിക്കുക വരെ ചെയ്തു.
ചിന്നമ്മയ്ക്കും ചക്കരമത്തായിച്ചേട്ടന്റെ മകന്‍ വക്കച്ചനുമായി കല്യാണലോചന നടക്കുന്നു. സ്ത്രീധനം ലൂക്കാസാറിന് ഒരു വലിയ പ്രശ്‌നം തന്നെയായി നിലകൊള്ളുന്നു. എന്തായാലും ആ വിവാഹം ഉറപ്പിച്ചു. അന്നു മുതല്‍ മകള്‍ക്കു സ്ത്രീധനത്തിനുവേണ്ടി ലൂക്കാ സാര്‍ ഓരോ വാതിലും മുട്ടിത്തുടങ്ങി.
ചിന്നമ്മ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത തങ്കച്ചനെ അസ്വസ്ഥനാക്കി. ലൂസിയുമായുള്ള വിവാഹക്കാര്യത്തില്‍ അവന് പൂര്‍ണ്ണസമ്മതം ഇല്ലതാനും. എങ്കിലും വീട്ടുകാരുടെ ഉത്സാഹത്തില്‍ അതും ഒരു വിവാഹത്തിലേക്കു നീങ്ങുകയാണ്.
ചിന്നമ്മയ്ക്കു സ്ത്രീധനം കണ്ടെത്താനാവാതെ ലൂക്കാസാര്‍ കുഴങ്ങി. സാമ്പത്തികശേഷിയുള്ള ബന്ധുക്കളൊന്നും ആ ആപത്ഘട്ടത്തില്‍ അയാളെ തുണച്ചില്ല. പണത്തിനുവേണ്ടി സമ്പന്നനായ ഭാര്യാസഹോദരനെ കാണാന്‍ പോയ അയാള്‍ വെറുംകൈയോടെയാണു മടങ്ങിയത്. വണ്ടിക്കൂലി പോലും കൈയിലില്ലാതിരുന്ന അയാള്‍ പെരുമഴയും നനഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്. പിന്നെ പനി പിടിച്ചു കിടപ്പുമായി.
അയാളുടെ രോഗം മൂര്‍ച്ഛിച്ച ഒരു വേളയില്‍ മരുന്നുവാങ്ങാന്‍ പണമില്ലാതെ ചിന്നമ്മ ഏറെ ക്ലേശിച്ചു. ഒടുവില്‍ ആ അര്‍ദ്ധരാത്രി വേളയില്‍ മലയിലെ തങ്കച്ചനാണ് അവളുടെ അച്ഛനു മരുന്നുവാങ്ങാനുള്ള പണം നല്‍കി സഹായിച്ചത്. ആപത്ഘട്ടത്തിലെ ആ ഉപകാരം അവള്‍ക്ക് മറക്കാനാവില്ല. തങ്കച്ചന്റെ ഹൃദയത്തിലും ആ സുന്ദരിയുടെ രൂപം കൂടുകെട്ടിക്കഴിഞ്ഞിരിക്കുന്നു.
ചിന്നമ്മയുടെ സ്വപ്നസാമ്രാജ്യത്തിലെ രാജകുമാരനാണ് തങ്കച്ചന്‍. എങ്കിലും വക്കച്ചനുമായുള്ള വിവാഹം തീരുമാനിച്ചതോടെ അവള്‍ അയാളെ മറക്കാന്‍ ശ്രമിച്ചു. തന്റെ വിവാഹശേഷമേ തങ്കച്ചന്‍ അയല്‍ക്കാരിയായ ലൂസിയെ വിവാഹം കഴിക്കാവൂ എന്ന അവളുടെ അഭ്യര്‍ത്ഥന അയാള്‍ ചെവിക്കൊണ്ടു. അതു നിരന്തരം വഴക്കടിക്കുന്ന ആ രണ്ട് അയല്‍വീടുകളിലൊന്നിന്റെ അഭിമാനപ്രശ്‌നമായിരുന്നു.
ഇതിനിടയില്‍ ബിസിനസ് ആവശ്യാര്‍ത്ഥം തങ്കച്ചന് പെട്ടെന്ന് സിംഗപ്പൂരിനു പോകേണ്ടിവന്നു. ഇത് ഉടന്‍ ആ വിവാഹം നടത്താന്‍ ശ്രമം നടത്തിക്കൊണ്ടിരുന്ന ലൂസിക്കും വീട്ടുകാര്‍ക്കും അല്പം ഇച്ഛാഭംഗത്തിന് ഇടയാക്കി.
ലൂക്കാസാറിന്റെ അസുഖം ഭേദമായി. പക്ഷേ ചിന്നമ്മ അയാള്‍ക്കു മരുന്നുവാങ്ങാന്‍ പണവും തേടി അര്‍ദ്ധരാത്രി മലയിലെ വീട്ടില്‍പോയ വിവരം ലൂക്കാസാറിന്റെ ചെവിയിലുമെത്തി. അയാള്‍ മകളെ മര്‍ദ്ദിച്ചു. ആ വീട്ടിലെ ആഹ്ലാദം ഒരൊറ്റദിവസം കൊണ്ട് അണഞ്ഞു.
ഒടുവില്‍ പുരയിടത്തിന്റെ ഒരു ഭാഗം നല്‍കി ചിന്നമ്മയുടെയും വക്കച്ചന്റെയും വിവാഹത്തിന് സ്ത്രീധനം കണ്ടെത്താന്‍ തീരുമാനമായി. എങ്കിലും അവരുടെ മനസമ്മതനാളില്‍ ലൂക്കാസാറിന് മുഴുവന്‍ തുകയും കൊടുക്കാന്‍ കഴിഞ്ഞില്ല.
വിവാഹത്തീയതി നിശ്ചയിച്ചു. അന്ന് സ്ത്രീധനത്തിന്റെ ബാക്കി തുക കൊടുക്കാമെന്നാണ് ലൂക്കാസാര്‍ പറഞ്ഞിരിക്കുന്നത്.
സിംഗപ്പൂരില്‍നിന്ന് തങ്കച്ചനും നാട്ടില്‍ തിരിച്ചെത്തി. പള്ളിയില്‍ ചിന്നമ്മയുടെയും വക്കച്ചന്റെയും വിവാഹദിവസം. ആ ചടങ്ങിനുശേഷമാണ് തങ്കച്ചന്റെയും ലൂസിയുടെയും മനസ്സുചോദ്യം നിശ്ചയിച്ചിരിക്കുന്നത്.
ഒടുവില്‍ ആ മംഗളദിനമെത്തി. ചിന്നമ്മയുടെയും വക്കച്ചന്റെയും വിവാഹത്തിന്റെയും ലൂസിയുടെയും തങ്കച്ചന്റെയും മനസമ്മതത്തിന്റെയും നാള്‍.
വിവാഹവസ്ത്രങ്ങളണിഞ്ഞ് ചിന്നമ്മ പള്ളിയിലെത്തി. ഒപ്പം ചെറുക്കന്റെയും പെണ്ണിന്റെയും ബന്ധുമിത്രാദികളും.
വിവാഹച്ചടങ്ങിനുശേഷമാണ് ലൂസിയുടെയും തങ്കച്ചന്റെയും മനസ്സമ്മതം. ആര്‍ഭാടപൂര്‍വ്വം ലൂസിയും വീട്ടുകാരും എത്തി.
എന്നാല്‍ സമയത്ത് ലൂക്കാസാറിന് സ്ത്രീധനത്തിന്റെ ബാക്കി തുക കൊടുക്കാന്‍ കഴിഞ്ഞില്ല. വെണ്ടര്‍ കുട്ടിച്ചേട്ടന്റെ കൂടെ പ്രേരണയുടെ ഫലമായി ചെറുക്കന്‍ കുട്ടര്‍ വിവാഹം നടത്താതെ പിണങ്ങിപ്പോയി.
പാവം ചിന്നമ്മ. തല കുമ്പിട്ട് ഒരു യുവയോഗിനിയെപ്പോലെ അവള്‍ മുട്ടുമടക്കി പള്ളിയുടെ മദ്ധ്യത്തില്‍ ഇരിക്കുകയാണ്.
അപ്പോഴാണ് തങ്കച്ചന്റെ വരവ്.
അവര്‍ പരസ്പരം കണ്ടു.
സ്ത്രീധനപ്രശ്‌നത്തില്‍ ചിന്നമ്മയുടെ വിവാഹം മുടങ്ങി എന്ന വാര്‍ത്ത അവനെ ഞെട്ടിച്ചു. ആ തുക ചെറുക്കന്‍ കൂട്ടര്‍ക്കു തങ്കച്ചന്‍ കൊടുക്കാന്‍ തയ്യാറായപ്പോഴും വെണ്ടര്‍ കുട്ടിച്ചേട്ടന്‍ അവിടെ കുത്തിത്തിരിപ്പുണ്ടാക്കി.
അപ്പോള്‍ തങ്കച്ചന്‍ ഒരു ഉറച്ച തീരുമാനമെടുത്തു. താന്‍ തന്നെ ചിന്നമ്മയെ വിവാഹം കഴിക്കുന്നു.
വെണ്ടര്‍ കുട്ടിച്ചേട്ടനും അയാളുടെ ആള്‍ക്കാര്‍ക്കും അതൊരു ഷോക്ക് ആയിരുന്നു.
ചിന്നമ്മയുടെ വീട്ടുകാര്‍ ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി.
തങ്കച്ചന്‍ ലൂസിയോടു മാപ്പു ചോദിച്ചു. അവള്‍ തങ്കച്ചനോടു ക്ഷമിക്കാന്‍ തയ്യാറായി. അവനെ ഒരു സഹോദരനെപ്പോലെ കാണാനും തയ്യാറായി. മാത്രമല്ല ദൈവശുശ്രൂഷയുമായി ഒരു കന്യകാമഠത്തിലാവും തന്റെ ഭാവി ജീവിതമെന്നും അവള്‍ വെളിപ്പെടുത്തി.
താന്‍ അണിഞ്ഞിരുന്ന വിലയേറിയ സ്വര്‍ണ്ണാഭരണങ്ങളത്രയും അവള്‍ ചിന്നമ്മയ്ക്കു വിവാഹസമ്മാനമായി നല്‍കി.
തങ്കച്ചന്‍ ചിന്നമ്മയുടെ കഴുത്തില്‍ വരണമാല്യം അണിയിച്ചു.
കിഴക്കെ ആകാശത്തില്‍ വസന്തര്‍ത്തുവിലെ പൗര്‍ണ്ണമിച്ചന്ദ്രന്‍ ഉദിക്കുകയായിരുന്നു. ഉദയചന്ദ്രന്റെയും അസ്തമനഭാനുവിന്റെയും മഞ്ജുള മരീചികള്‍ നീലാകാശമദ്ധ്യത്തില്‍ കൂട്ടിമുട്ടി. 
പകുതി അടഞ്ഞ കണ്ണുകളോടെയും പുഞ്ചിരിയില്‍ വിടര്‍ന്ന ചെമന്ന അധരങ്ങളോടും കൂടി ചിന്നമ്മ തങ്കച്ചന്റെ മുഖത്തേക്കു നോക്കി.
''പൈങ്കിളീ''
''എന്തോ...!''

Read: https://emalayalee.com/writer/285

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക