Image

ഫിഡില്‍ (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം - ഭാഗം-15: അന്ന മുട്ടത്ത്)

Published on 30 June, 2024
ഫിഡില്‍ (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം - ഭാഗം-15: അന്ന മുട്ടത്ത്)

ഫിഡില്‍

ഫിഡില്‍ എന്ന സംഗീതോപകരണത്തെ ചുറ്റിപ്പറ്റി മുട്ടത്തുവര്‍ക്കി രചിച്ച ഈ പ്രണയകഥ രാജന്‍ എന്ന ചെറുപ്പക്കാരന്റെയും അവനെ മോഹിച്ച മൂന്നു യുവസുന്ദരികളുടെയും കഥ പറയുന്നു.
സമ്പന്നനായ സൂപ്രണ്ട് മത്തായിച്ചന്റെ മകള്‍ ഫിലോമിനയെ സംഗീതം അഭ്യസിപ്പിക്കുമ്പോള്‍ അവള്‍ കയറി തന്നെ പ്രണയിച്ചുകളയുമെന്നൊന്നും രാജന്‍ കരുതിയില്ല. എന്തായാലും അതു സംഭവിച്ചു. മത്തായിച്ചന്‍ അവന്റെ പഠിപ്പീര് നിര്‍ത്തുകയും ചെയ്തു.
അയല്‍ക്കാരിയായ അമ്മുക്കുട്ടിക്കും രാജനോടു സ്‌നേഹമാണ്. ഉടന്‍ വിവാഹം നടത്തണമെന്ന് അവളുടെ അമ്മ ധൃതി വയ്ക്കാറുമുണ്ട്. എന്നാല്‍ ഒരു ജോലി കിട്ടാതെ വിവാഹം കഴിക്കാന്‍ രാജനു പ്ലാനില്ല.
അമ്മ മരിച്ച രാജനെയും അവന്റെ അച്ഛന്‍ നിക്‌ളാവോസ് ചേട്ടനെയും ഗൃഹജോലികള്‍ക്ക് സഹായിക്കുന്നത് അടുത്ത വീട്ടിലെ ഏലമ്മ എന്ന പതിനേഴുകാരിയാണ്. അവള്‍ തന്റെ മരുമകളാകണമെന്നതാണ് നിക്‌ളാവോസ് ചേട്ടന്റെ ആഗ്രഹം.
തളര്‍ന്നുകിടക്കുന്ന നിക്‌ളാവോസ് ചേട്ടനെ ശുശ്രൂഷിക്കാനൊന്നും തന്നെ കിട്ടില്ലെന്ന് അമ്മുക്കുട്ടി അറിയിച്ചതോടെ രാജന്റെ അവളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അവളെ ഒരു ബസ് കണ്ടക്ടര്‍ വിവാഹം കഴിച്ചു. പിന്നെ അവള്‍ ഏലമ്മയോട് രാജനെക്കുറിച്ച് പരദൂഷണം പറയുകയും ചെയ്തു.
സംഗീതപഠനം അവസാനിച്ചുവെങ്കിലും ഫിലോമിന രാജനെത്തന്നെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ചെലവഴിച്ചു. എന്നാല്‍ സമ്പന്നയായ അവളെ തന്റെ ജീവിതസഖിയാക്കുന്നതിനെക്കുറിച്ച് രാജനു ചിന്തിക്കാനെ കഴിയില്ലായിരുന്നു.
പിന്നെ അവശേഷിക്കുന്നത് ഏലമ്മയാണ്. രാജനും അവളുമായുള്ള വിവാഹം നടന്നു.
അതോടെ ഫിലോമിന നിത്യനിരാശയിലേക്കു വഴുതിവീഴുകയാണ്. രാജനെ മാത്രം മനസ്സില്‍ ആരാധിച്ചിരുന്ന അവള്‍ തനിക്കു വന്ന മറ്റ് വിവാഹാലോചനകളൊക്കെ നിരസിച്ചു. 
ഒരിക്കല്‍ മഴ നനഞ്ഞ് ഫിലോമിനയ്ക്ക് പനി പിടിച്ചു. അത് അനുനിമിഷം വര്‍ദ്ധിച്ച് അവള്‍ അബോധാവസ്ഥയിലായി. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സകള്‍ ഒന്നും ഫലിച്ചില്ല. അബോധവസ്ഥയില്‍ അവള്‍ രാജനെ കാണണമെന്നും അവന്റെ പാട്ടു കേള്‍ക്കണമെന്നും പറഞ്ഞു.
കുട്ടപ്പന്‍ വൈദ്യന്‍ രചിച്ച കഥാപ്രസംഗം കാഥിക ദേവയാനി പഠിച്ചുകൊണ്ടിരിക്കുകയാണ്. രാജനാണ് ആ പരിപാടിക്കു ഫിഡില്‍ വായിക്കുന്നത്. ബംഗ്ലാവില്‍ നിന്ന് ദൂതര്‍ വന്നതനുസരിച്ച് രാജന്‍ ഫിലോമിനയെ കാണാന്‍ പോയി. പല തവണ വിളിച്ചെങ്കിലും ഫിലോമിന വിളി കേട്ടില്ല. ഒടുവില്‍ രാജന്റെ ഫിഡിലില്‍ നിന്ന് ഒരു ഗാനം ഒഴുകി. അതോടെ ഫിലോമിനയില്‍ നേരിയ ചലനം ഉണ്ടായി. അവളുടെ കണ്‍കോണുകളില്‍ ഒരു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞു.
അത് നല്ലൊരു സൂചനയായിരുന്നു. അതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും രാജന്‍ എത്തി ഫിഡില്‍ വായിച്ചു. അതോടെ ക്രമേണ ഫിലോമിനയുടെ അസുഖം മാറി.
രാജന്‍ ആശ്വാസത്തോടെ വീട്ടിലേക്കു മടങ്ങി. എന്നാല്‍ ഫിലോമിനായുടെ ബംഗ്ലാവില്‍ പോയതിന്റെ പേരില്‍ ഏലമ്മ അവനോടു കലമ്പി നില്‍ക്കുകയായിരുന്നു. കാഥിക ദേവയാനിയുമായി ബന്ധപ്പെടുത്തിയും അമ്മുക്കുട്ടി അവളുടെ കാതില്‍ പരദൂഷണം എത്തിച്ചിരുന്നു.
രാജനെ കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫിലോമിന വീണ്ടും ജോലിക്കാരനെ അവന്റെ വീട്ടിലേക്കയച്ചു. എന്നാല്‍ രാജന്‍ വിവാഹിതനായെന്നും ഇനി അങ്ങോട്ടേക്കില്ലെന്നും പറഞ്ഞ് ഏലമ്മ അയാളെ തിരിച്ചയച്ചു.
കഥാപ്രസംഗ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് രാജന്‍ ഊരുചുറ്റിക്കൊണ്ടേയിരുന്നു. അവന്റെ ഫിഡില്‍ വായനയ്ക്ക് എങ്ങും നല്ല അംഗീകാരമായിരുന്നു. ഒപ്പം സാമാന്യം നല്ല വരുമാനവും കിട്ടിത്തുടങ്ങി. അവന്‍ സ്വന്തമായി ഒരു വീടുവാങ്ങി.
അന്നും രാജനെ മനസ്സില്‍ കൊണ്ടുനടന്ന ഫിലോമിന ഇടയ്ക്കിടെ അവനെ കാണുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിന്റെ പേരില്‍ ഏലമ്മയുടെ കലഹവും തുടര്‍ന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം പെരുമഴ പെയ്ത് ഏലമ്മയുടെ വീടിനകത്തുവരെ വെള്ളം കയറി. രാജന്‍ സ്ഥലത്തില്ലാതിരുന്ന ആ സമയത്ത് ഏലമ്മയ്ക്ക് അഭയം നല്‍കിയത് ഫിലോമിനയാണ്. രാത്രിയായതോടെ പ്രോഗ്രാം കഴിഞ്ഞ് രാജനും അവിടെയെത്തി. രാജനും ഫിലോമിനയും ചേര്‍ന്ന് ഒരു ഗാനമാലപിച്ചത് ഏലമ്മയ്ക്ക് ഇഷ്ടമായില്ല.
രാവിലെ ഉറക്കമുണര്‍ന്ന രാജന്‍ ഫിലോമിനാ തന്റെ ഫിഡിലില്‍ കെട്ടിപ്പുണര്‍ന്ന് ഉറങ്ങുന്നതു കണ്ടപ്പോള്‍ വികാരതരളിതനായി. അവന്‍ ആ കവിളത്ത് രഹസ്യമായി ഒരു ചുംബനം നല്‍കി. പക്ഷേ പുറത്ത് ഏലമ്മ നില്പുണ്ടായിരുന്നു. വീണ്ടും കലഹം. അവര്‍ വീട്ടിലേക്കു മടങ്ങി. ആ ഫിഡില്‍ ഏതാനും ദിവസത്തേക്ക് ആവശ്യപ്പെട്ടെങ്കിലും ഏലമ്മ നല്‍കാതിരുന്നത് ഫിലോമിനയെ വിഷമിപ്പിച്ചു.
ഏലമ്മയോടൊത്തുള്ള ദാമ്പത്യ ജീവിതം തികച്ചും അസന്തുഷ്ടമായതോടെ രാജന്‍ അസ്വസ്ഥനായി. ഒരു പ്രാര്‍ത്ഥനപോലെ അവന്‍ മരിച്ചുപോയ തന്റെ അച്ഛന്റെ കുഴിമാടത്തിനരികില്‍ പോയി ഫിഡില്‍ വായിച്ചു.
പിന്നെ മദ്യപിച്ച് അബോധാവസ്ഥയിലായ അവന്‍ ഫിലോമിനയുടെ വീട്ടിലെത്തി അവളെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. വീട്ടുജോലിക്കാര്‍ അവനെ മര്‍ദ്ദിച്ച് പുറത്തിറക്കിവിട്ടു.
അബോധവസ്ഥയില്‍ മുന്നോട്ടു നീങ്ങിയ രാജന്‍ ഒരു അപകടത്തില്‍പെട്ട് മരിക്കുന്നു. അവന്റെ ഫിഡിലിന്റെ നാദം പൊടുന്നനെ നിലച്ചു.
ഫിലോമിന ആ മൃതദേഹത്തിന്റെ കാലുകളില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഏലമ്മയ്ക്ക് പിന്നെ തുണയായത് കുട്ടപ്പന്‍ വൈദ്യരാണ്.
ഫിലോമിനയും ഒരു വിവാഹത്തിന് തയ്യാറെടുക്കുകയായി. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിലാണെങ്കിലും അവള്‍ അതിന് സമ്മതം മൂളിയിരിക്കുന്നു.
ഏലമ്മയും കുട്ടപ്പന്‍ വൈദ്യരും വിവാഹിതരായി. എന്നാല്‍ ഏലമ്മയ്ക്ക് രാജനെ മറക്കാനാവുന്നില്ല. ക്ഷുഭിതനായ അവളുടെ രണ്ടാം ഭര്‍ത്താവ് ഏലമ്മയെ ആക്രമിച്ചു. ആദ്യരാത്രിയില്‍ത്തന്നെ അവള്‍ കൊല്ലപ്പെട്ടു.
തന്റെ അന്ത്യനിമിഷങ്ങളില്‍ അവള്‍ ആ ഫിഡില്‍ ഫിലോമിനയ്ക്ക് കൈമാറാന്‍ ചന്തമറിയയെ ഏല്പിച്ചു.
ഫിലോമിനയുടെ വിവാഹത്തലേന്നാണ് ആ ഫിഡില്‍ അവള്‍ക്കു ലഭിക്കുന്നത്. ഒരു തകര്‍ന്ന വീണയായി വേഷം മാറി അവളുടെ രാജന്‍ എത്തിയിരിക്കുന്നതുപോലെ ഫിലോമിനയ്ക്ക് തോന്നി.
പിറ്റേന്ന് വിവാഹമാണ്. ആ രാത്രി ഫിലോമിനയുടെ മുറിയിലെ ദീപം മാത്രം അണഞ്ഞില്ല. കസേരയില്‍ ഇരുന്ന് മേശപ്പുറത്തെ ഫിഡിലില്‍ മുഖം അര്‍പ്പിച്ച് അവള്‍ ഉറങ്ങുന്നതുകണ്ടു. അത് അന്ത്യനിദ്രയായിരുന്നു.
മണിപ്പന്തല്‍ മരണപ്പന്തലായി.
അവളുടെ മൃതദേഹത്തോടൊപ്പം ആ പൊട്ടിയ ഫിഡിലും സംസ്‌കരിക്കപ്പെട്ടു.
ആ ശ്മശാനത്തിന്റെ ഏകാന്തതയില്‍ നിന്ന് ചെവിയോര്‍ത്താല്‍ ഒരു പക്ഷേ കേള്‍ക്കാമായിരിക്കാം ഒരു നേരിയ പ്രേമഗാനം. പ്രപഞ്ച സൃഷ്ടിയുടെ മാറ്റൊലി മാതിരി നിലയ്ക്കാത്ത ഒരു ഗാനം.

Read: https://emalayalee.com/writer/285

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക