പ്രിയമുള്ള സോഫിയാ
ഓശാന ഞായറാഴ്ച തന്റെ പിന്നാലെ നടന്നുവന്ന സുഭഗനായ യുവാവിനെ കണ്ട് സോഫിയാ ഒഴിഞ്ഞുമാറിക്കളഞ്ഞു. പിന്നീട് ഉയിര്‍പ്പുതിരുനാളിനും പള്ളിയില്‍വച്ച് അജ്ഞാതനായ ആ യുവാവിനെ കണ്ടപ്പോള്‍ അത് ആവര്‍ത്തിച്ചു. എങ്കിലും ആ കോമളന് അവളുടെ മനസ്സില്‍ ചില അനുരണനങ്ങള്‍ സൃഷ്ടിക്കാതെയിരുന്നില്ല.
മരത്തില്‍നിന്നു വീണ് അവശനായി കിടക്കുന്ന കുഞ്ഞോമ്മയുടെ മകളാണ് സോഫിയാ. മകന് ലാലച്ചനു ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് ആ കുടുംബം പുലര്‍ന്നുപോകുന്നത്.
അയലത്തെ സമ്പന്നനായ പുത്തന്‍പുരയില്‍ മത്തായിച്ചന്റെ മകനാണ് സണ്ണി. അവന് നാട്ടിലെ മാനംമര്യാദയായി ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം പേടിസ്വപ്നമാണ്.
സണ്ണി ഒരുനാള്‍ സോഫിയായെയും ശല്യപ്പെടുത്താന്‍ തുനിഞ്ഞു. ചുട്ടുപഴുത്ത ചട്ടുകംകൊണ്ട് ഒരു കുത്തുകൊടുത്താണ് അവള് അവനെ ഓടിച്ചുവിട്ടത്.
തടിക്കടയിലെ ക്ലാര്‍ക്കായ ചാക്കപ്പന് സോഫിയായെ പെണ്ണു കാണാനെത്തുകയും അത് ഒരു വിവാഹതീരുമാനത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.
പിറ്റേന്ന്, മുമ്പ് പള്ളിയില്‍ വച്ചുകണ്ട അജ്ഞാതനായ യുവാവിന്റെ ഒരു കത്ത് സോഫിയയ്ക്കു ലഭിക്കുന്നു. ബാല്യകാലത്തെ തന്റെ കളിക്കൂട്ടുകാരനായ കുട്ടപ്പനായിരുന്നു അതെന്ന് അവള്‍ക്ക് അപ്പോള്‍ മാത്രമാണ് മനസ്സിലാകുന്നത്. അദ്ധ്യാപകനായ അച്ഛന് സ്ഥലംമാറ്റം കിട്ടുന്നതിനനുസരിച്ച് അവര്‍ വീടുമാറിക്കൊണ്ടേയിരുന്നു. സോഫിയയോടുള്ള അനുരാഗ വായ്പും അവന് ആ കത്തില്‍ സൂചിപ്പിച്ചിരുന്നു.
ചാക്കപ്പനും സോഫിയായും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. വിവാഹത്തിനുള്ള പണം കടം തരാമെന്ന് എറ്റിരുന്ന കുഞ്ഞഹമ്മദ് ഒരു അപകടത്തില്‍പ്പെട്ട് ബോധരഹിതനായതിനാല്‍ ലാലച്ചന്‍ പകരം പണം കണ്ടെത്താന്‍ വേണ്ടി നെട്ടോട്ടമോടേണ്ടി വന്നു. ഒടുവില്‍ പുത്തന്‍പുരയില്‍ മത്തായിച്ചനാണ് അവനെ സഹായിച്ചത്. അങ്ങനെ മനസ്സമ്മതവും വിരുന്നുമൊക്കെ മംഗളമായി നടന്നു.
വീടിന്റെ അയലത്ത് സൈക്കിള്‍ യജ്ഞത്തിന്റെ പാട്ടും ബഹളവുമൊക്കെ നടക്കുന്ന ഒരു രാത്രിയില്‍ സണ്ണി ഉറങ്ങിക്കിടന്ന സോഫിയയുടെ റൂമിലെത്തി. അയാളുടെ ബലാല്‍സംഗത്തില്‍ നിന്ന് അവള്‍ക്ക് മോചനം നേടാനായില്ല. സോഫിയ അയാളെ വെട്ടുകത്തിയുമായി തിരിച്ചടിക്കുന്നു. ആ ആക്രമണത്തില്‍ സണ്ണി കൊല്ലപ്പെട്ടു.
സണ്ണിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സഹോദരിക്കുവേണ്ടി ലാലച്ചന്‍ ഏറ്റെടുത്തു. അവന് ജയിലിലായി. സോഫിയയുടെ അച്ഛന് കുഞ്ഞോമ്മ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലുമായി. അവളുടെ വിവാഹം മുടങ്ങി.
മകന്റെ മരണത്തെത്തുടര്‍ന്ന് മത്തായിച്ചന്റെ ആരോഗ്യനിലയും തകരാറിലായി. എങ്കിലും കുഞ്ഞോമ്മയുടെ ആശുപത്രി ചെലവുകള്‍ക്ക് മത്തായിച്ചന് നല്ലൊരു തുക നല്കി.
ലാലച്ചനെ മൂന്നുകൊല്ലത്തെ വെറും തടവിന് കോടതി ശിക്ഷിച്ചു. ആ വാര്‍ത്ത കേട്ട് മണിക്കൂറുകള്‍ക്കകം കുഞ്ഞോമ്മ അന്ത്യശ്വാസം വലിച്ചു.
മാനസികമായി തകര്‍ന്ന സോഫിയാ ആത്മഹത്യാശ്രമം നടത്തി. ചാക്കപ്പനെത്തി അവളെ ആശ്വസിപ്പിച്ചു. അവള്‍ക്കുവേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കാമെന്നും പറഞ്ഞു.
എന്നാല്‍ പിറ്റേന്ന് പള്ളിയിലേക്കെന്നു പറഞ്ഞു പോയ സോഫിയ അപ്രത്യക്ഷയായി. നാട്ടുകാര്‍ പലയിടത്തും തിരക്കി. അവള് ആത്മഹത്യ ചെയ്തിരിക്കാമെന്നും പലരും കരുതി.
ഹൈറേഞ്ചിലുള്ള ഒരു കോണ്‍വെന്റിലാണ് സോഫിയാ എത്തിയത്. അവള്‍ക്കു പരിചയമുണ്ടായിരുന്ന അവിടുത്തെ കന്യാസ്ത്രീയോട് സോഫിയ തന്റെ കഥകള്‍ പറഞ്ഞു. തുടര്‍ന്ന് അവളുടെ ബാല്യകാലസഖാവായ കുട്ടപ്പന് അവളെ തേടിയെത്തി. മദറിന്റെ നിര്‍ദ്ദേശ പ്രകാരം കുട്ടപ്പനും സോഫിയായുമായുള്ള വിവാഹം നടത്തപ്പെടുന്നു.
പക്ഷേ, ആ വിവാഹത്തിന്റെ പ്രഥമ രാത്രിയില്‍ സോഫിയായ്ക്ക് തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഡോക്ടര്‍ സോഫിയാ ഗര്‍ഭിണിയാണെന്ന് വിധിയെഴുതി.
ലോകം കീഴ്മേല്‍ മറിയുന്നതുപോലെ അവള്‍ക്കുതോന്നി. താന്‍ വഞ്ചിക്കപ്പെട്ടതുപോലെ കുട്ടപ്പനു തോന്നി. സണ്ണിയാല് അപമാനിതയായെങ്കിലും അവന്റെ ശിശു തന്റെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയെന്ന് അറിഞ്ഞിരുന്നില്ലെന്ന് സോഫിയ സത്യം ചെയ്തു.
എന്തായാലും ഇക്കാര്യം മാലോകരെ അറിയിക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചു. പ്രഥമരാത്രിയില്‍ അവര്‍ രണ്ടു മുറികളിലായിട്ടാണ് കിടന്നുറങ്ങിയത്. പ്രഭാതത്തില്‍ അവള് ആ വീടുവിട്ടുപോകാന്‍ തുനിഞ്ഞെങ്കിലും കുട്ടപ്പന് അനുവദിച്ചില്ല.
അന്യന്റെ പാപഫലം ഉദരത്തില്‍ വഹിക്കുവോളം കാലം സോഫിയ തന്റെ ഭാര്യയായിരിക്കില്ലെന്നും സഹോദരീ സഹോദരങ്ങളെപ്പോലെ കഴിയാമെന്നുമായിരുന്നു കുട്ടപ്പന്റെ തീരുമാനം.
തുടര്‍ന്ന് ഒരു അബോര്ഷന് അവള് ആദ്യം സമ്മതം മൂളിയെങ്കിലും പിന്നീട് വിമുഖത പ്രകടിപ്പിച്ചു. അതോടെ കുട്ടപ്പന് അവളെ മര്‍ദ്ദിച്ചു. വഴക്കായി. അവര്‍ രണ്ടു മുറികളിലായുള്ള താമസം തുടര്‍ന്നു.
അനന്തരം അവര്‍ തമ്മില്‍ ഒരു അനുരഞ്ജന തീരുമാനം ഉണ്ടായി. സോഫിയാ പ്രസവിക്കുന്ന കുഞ്ഞിനെ മറ്റാര്‍ക്കെങ്കിലും നല്‍കുക. അതിനുശേഷം മാത്രം അവര്‍ ദമ്പതിമാരെപ്പോലെ ജീവിക്കുക.
കിടപ്പറയില്‍ ഒറ്റയ്ക്കു കിടക്കുമ്പോഴും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ അവര്‍ സന്തുഷ്ട ദമ്പതികളായി.
മനഃസമാധാനം നഷ്ടപ്പെട്ടതോടെ കുട്ടപ്പന് മദ്യപാനം തുടങ്ങി. അങ്ങനെ ഒരു കാറപകടത്തില്‍പെട്ട് കുറെനാള്‍ ഹോസ്പിറ്റലിലുമായി.
ഒടുവില്‍ ദൂരെയുള്ള ഒരു ഹോസ്പിറ്റലില്‍ സോഫിയ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. അതോടെ അസ്വസ്ഥനായ കുട്ടപ്പന് വീട്ടിലേക്കു പോയി. കുട്ടിയെ കാണുന്നതേ അവന് ഇഷ്ടമായിരുന്നില്ല.
ഒടുവില്‍ അവള് കുട്ടികളില്ലാത്ത ഒരു പ്രൊഫസര്‍ക്കും ഭാര്യക്കും തന്റെ കുഞ്ഞിനെ കൊടുക്കാമെന്നു സമ്മതിച്ചു. എന്നാല്‍ സമയമായപ്പോള്‍ അവള്‍ക്ക് അതിനെ വേര്‍പിരിയാനായില്ല. കുഞ്ഞിനെ കൊടുക്കുവാന്‍ സോഫിയാ വിസമ്മതിച്ചു. കുട്ടപ്പന് ക്ഷുഭിതനായി.
അതോടെ ജൂലൈ 15 ന് കുട്ടിയെ പ്രൊഫസര്‍ ദമ്പതികള്‍ക്ക് കൈമാറാമെന്ന് സോഫിയാ വാക്കുകൊടുത്തു. എങ്കിലും അനുദിനം അവള്‍ക്ക് തന്റെ കുഞ്ഞിനോടുള്ള അടപ്പം വര്‍ദ്ധിച്ചു വന്നതേയുള്ളൂ. അതിനതിന് കുട്ടപ്പന്റെ മദ്യപാനവും ഏറി.
സംഭവ പരമ്പരകള്‍ക്കൊടുവില്‍ സോഫിയായുടെ അവിഹിത ഗര്‍ഭത്തിനു കാരണക്കാരനായ കൊല്ലപ്പെട്ട സണ്ണിയുടെ വീട്ടുകാര്‍ക്കു തന്നെ ആ കുഞ്ഞിനെ കൈമാറാന്‍ സോഫിയാ നിര്‍ബന്ധിതയായി.
പക്ഷേ, കുട്ടിയെ നഷ്ടപ്പെട്ട ദുഃഖം സോഫിയായ്ക്കു സഹിക്കാനായില്ല. ദുഃഖം മറക്കാന്‍ ആ രാത്രി അവള് അമിതമായി മദ്യപിച്ചു. പിന്നീട് അവള് കണ്ണു തുറന്നതേയില്ല.
സോഫിയായുടെ വേര്‍പാട് കുട്ടപ്പനേയും തളര്‍ത്തി. ശവമഞ്ചം പള്ളിയിലേക്കെടുമ്പോള് അവന് ബോധരഹിതനായി വീണുപോയി. അല്പനേരത്തിനുശേഷം അവന് ഒരു ഭ്രാന്തനെപ്പോലെ ഓടി. പടിഞ്ഞാറെ പാറക്കെട്ടില്‍ ചെന്നു നിന്ന് 'സോഫിയാ' എന്ന് ഉറക്കെ വിളിച്ചു. പാറക്കെട്ടുകളില്‍ ആ ശബ്ദം മാറ്റൊലിക്കൊണ്ടു. പെട്ടെന്ന് ആ ശബ്ദം നിലച്ചു. താഴെ കാട്ടാറ് അലറിയിരമ്പി പതഞ്ഞ് ഒഴുകിക്കൊണ്ടേയിരുന്നു.
Read More: https://emalayalee.com/writer/285