Image

പിറവം റോഡ്  (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം -ഭാഗം-11: അന്ന മുട്ടത്ത്)

Published on 02 June, 2024
പിറവം റോഡ്  (മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം -ഭാഗം-11: അന്ന മുട്ടത്ത്)

പിറവം റോഡ്


സമ്പന്നരായ കുറുന്തേടത്തു കുറുപ്പച്ചന്റെ മകന്‍ കൃഷ്ണക്കുറുപ്പ് അല്പം ഉഴപ്പനാണ്. എങ്കിലും നാട്ടുകാരനായ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ മകള്‍ ആശാദേവിയുമായുള്ള അവന്റെ വിവാഹം ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയിരിക്കയാണ്. അവര്‍ ഒരുമിച്ചു പഠിച്ചവരുമാണ്.
എറണാകുളത്തു ജോലി നോക്കുന്ന ആശാദേവിയെ ഇരുവീട്ടുകാരുടെയും നിര്‍ദ്ദേശപ്രകാരം കൃഷ്ണക്കുറുപ്പ് ഒരിക്കല്‍ നാട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയുണ്ടായി.
തീവണ്ടിയില്‍ തൊട്ടുരുമ്മിയിരുന്നുള്ള യാത്ര. അതിനിടയില്‍ ഒരു മീശക്കാരന്‍ യുവാവ് അവരെത്തന്നെ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ കൃഷ്ണക്കുറുപ്പിന്റെ കണ്ണ് കിഴവനോടൊപ്പം യാത്ര ചെയ്യുന്ന യുവസുന്ദരിയിലായിരുന്നു. സ്വന്തം കാമുകിയായ ആശാദേവിയുടെ സാമീപ്യം മറന്ന് അയാള്‍ ആ അജ്ഞാതയുവതിയില്‍ ആകൃഷ്ടനായി.
പിറവം റോഡ് റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ ആ കിഴവനും യുവതിയും അവിടെ ഇറങ്ങി. കൂടാതെ ആ മീശക്കാരന്‍ യുവാവും.

അവരുടെ സീറ്റിലേക്കു കൃഷ്ണക്കുറുപ്പും ആശാദേവിയും മാറിയിരുന്നു. അപ്പോള്‍ ആ സീറ്റില്‍ നിന്നും ഒരു പേഴ്‌സ് അവര്‍ക്കു ലഭിച്ചു. അത് ആ യുവസുന്ദരിയുടേതായിരുന്നു. അതില്‍ കുറച്ചുപണവും അവളുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. തീവണ്ടി സ്റ്റേഷന്‍ വിട്ടു തുടങ്ങിയതിനാല്‍ അതു തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല.
ചങ്ങനാശേരിയിലെത്തിയപ്പോള്‍ കൃഷ്ണക്കുറുപ്പും ആശാദേവിയും അവിടെ ഇറങ്ങി. ഒരു ടാക്‌സി പിടിച്ച് ആശാദേവിയെ വീട്ടിലെത്തിച്ചശേഷം അയാള്‍ തന്റെ വീട്ടിലേക്കു പോയി.
അന്നു രാത്രി മുഴുവന്‍ അയാളുടെ മനസ്സില്‍ പിറവം റോഡിലുള്ള ആ സുന്ദരിയുടെ രൂപമായിരുന്നു. ഉറക്കം വരാതായപ്പോള്‍ അയാള്‍ ആ അജ്ഞാതകാമുകിക്ക് ഒരു പ്രണയലേഖനം തന്നെ എഴുതി.
രാവിലെ അയാളെത്തേടി എത്തിയ ആശാദേവി ആ കത്തു കാണാനിടയായി. അവള്‍ അപ്പോള്‍ത്തന്നെ പരിഭവിച്ച് തന്റെ വീട്ടിലേക്കു മടങ്ങി.
എന്തായാലും കൃഷ്ണക്കുറുപ്പ് ആ യുവസുന്ദരിയെത്തേടി പിറവം റോഡിലേക്കു പോയി. 

ആ യാത്രയ്ക്കിടയിലും സംശയകരമായ സാഹചര്യത്തില്‍ ആ മീശക്കാരന്‍ ചെറുപ്പക്കാരനെ കണ്ടു.
ഒടുവില്‍ അയാള്‍ ആ യുവസുന്ദരിയുടെ വീടു കണ്ടുപിടിച്ചു. അന്നു കണ്ട വൃദ്ധന്‍ അവളുടെ അമ്മാവനും അറിയപ്പെടുന്ന ഒരു കണ്ണുവൈദ്യനുമാണ്. ആ സുന്ദരി മാധുരി എന്ന നര്‍ത്തകിയും.
ഹരിപ്പാട്ടുനിന്നും സഹോദരന്റെ കണ്ണു ചികിത്സയ്ക്കാണെന്ന മട്ടിലാണ് കൃഷ്ണക്കുറുപ്പ് അവിടെ ചെന്നത്. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പറഞ്ഞു.
കൂടുതല്‍ അടുത്തപ്പോള്‍ വൃദ്ധന്‍ അയാളോട് തങ്ങളുടെ കുടുംബചരിത്രങ്ങള്‍ പറഞ്ഞു. മാധുരിയുടെ അമ്മയെ ഡാന്‍സു പഠിപ്പിക്കാന്‍ വന്ന ഒരു യുവാവ് പ്രേമിച്ചതും, അങ്ങനെ മാധവിക്കുട്ടി ഗര്‍ഭിണിയായതും അയാള്‍ക്ക് മറ്റൊരു ഭാര്യയുണ്ടെന്നറിഞ്ഞ് ഇറക്കിവിട്ടതുമായ ചരി്രതമൊക്കെ വൃദ്ധന്‍ പറഞ്ഞു. മാധുരി അച്ഛന്റെ ഫോട്ടോ കാണിച്ചപ്പോള്‍ അതു തന്റെ സഹോദരിയെ നൃത്തം പഠിപ്പിക്കുന്ന തൃപ്പൂണിത്തുറ നളിനാക്ഷമേനോന്‍ ആണെന്ന് കൃഷ്ണക്കുറുപ്പ് തിരിച്ചറിഞ്ഞു.
ഈ മേനോന്‍ ചങ്ങനാശേരിയിലെ ഒരു വീട്ടില്‍ ഡാന്‍സ് ക്ലാസ് എടുക്കുന്ന വിവരം അയാള്‍ അവരോടു പറഞ്ഞു. കളഞ്ഞുകിട്ടിയ പേഴ്‌സ് ഏല്പിച്ചപ്പോള്‍ കുറുപ്പിനെ അവര്‍ക്കു കൂടുതല്‍ വിശ്വാസമായി; അടുപ്പമായി.
തിരുവനന്തപുരത്തെ നൃത്തവിദ്യാലയത്തില്‍ ചേര്‍ത്ത് മാധുരിയെ ഡാന്‍സ് പഠിപ്പിക്കാമെന്ന് കൃഷ്ണക്കുറുപ്പ് ഏറ്റു. അതനുസരിച്ച് പിറ്റേന്ന് ചങ്ങനാശേരി ടൗണില്‍ എത്താനും, ഒരു സുഹൃത്തിനെ കണ്ടിട്ട് താനും അവിടെ എത്തിക്കൊള്ളാമെന്നും കൃഷ്ണക്കുറുപ്പ് പറഞ്ഞു.
വീട്ടിലെത്തിയ കൃഷ്ണക്കുറുപ്പ് രാവിലെ ഉറക്കമുണരുന്നതിനു മുമ്പുതന്നെ മാധുരിയും അമ്മാവനും അവന്റെ വീട്ടിലെത്തി. നൃത്താധ്യാപകനായ അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ വന്നതാണ് അവര്‍.
ഹരിപ്പാട്ടുകാരനാണെന്ന മട്ടില്‍ അവരെ പരിചയപ്പെട്ട കൃഷ്ണക്കുറുപ്പ് ഒളിച്ചുകളിച്ചു. വളഞ്ഞവഴിയിലൂടെ ബസ് സ്റ്റാന്‍ഡിലെത്തി. ഇതിനിടെ വീട്ടില്‍ കൃഷ്ണക്കുറുപ്പിന്റെ ഫോട്ടോ കണ്ടിരുന്നു അവര്‍. അയാള്‍ക്ക് ഹരിപ്പാട്ടുകാരനുമായി രൂപസാദൃശ്യമുണ്ടെന്നു പറയുകയും ചെയ്തു.
എന്തായാലും കൃഷ്ണക്കുറുപ്പ് അവരെയും കൂട്ടി തിരുവനന്തപുരത്തെത്തി ഹോട്ടലില്‍ മുറിയെടുത്തു.

കൃഷ്ണക്കുറുപ്പ് നൃത്തവിദ്യാലയത്തില്‍ എത്തിയപ്പോള്‍ അവിടുത്തെ അഡ്മിഷന്‍ ക്ലോസു ചെയ്തുകഴിഞ്ഞിരുന്നു. എങ്കിലും അയാള്‍ അമ്മാവനെ പറഞ്ഞു പറ്റിച്ച് ഒരു രാത്രി മാധുരിയോടൊപ്പം ശയിച്ചു. ആ രാത്രിയില്‍ തന്നെ സംബന്ധിച്ച സത്യാവസ്ഥകളെല്ലാം കൃഷ്ണക്കുറുപ്പ് അവളോടു തുറന്നു പറയുകയും ചെയ്തു.
മീശക്കാരന്‍ സി.ഐ.ഡി. കൊടുത്ത വിവരമനുസരിച്ച് കൃഷ്ണക്കുറുപ്പിന്റെ അച്ഛന്‍ അയാളെ തേടിയെത്തി. മാധുരിയോടൊത്ത് അവനെ കണ്ടപ്പോള്‍ കരണത്തടിച്ചു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അവരുടെ വിവാഹത്തിന് അയാള്‍ക്ക് സമ്മതം മൂളേണ്ടിവന്നു.
കൃഷ്ണക്കുറുപ്പും മാധുരിയും തമ്മിലുള്ള വിവാഹ തീരുമാനം അറിഞ്ഞ് ആശാദേവി ആത്മഹത്യക്കു ശ്രമിച്ചു. വിവരമറിഞ്ഞ് കുറുപ്പ് ആശുപത്രിയിലേക്കു പാഞ്ഞു.
മരണാസന്നയായ ആശാദേവിയുടെ മനഃസുഖത്തിനുവേണ്ടി അയാള്‍ മറ്റുള്ളവരുടെ പ്രേരണയാല്‍ മാധുരിക്ക് ഒരു കത്തയച്ചു. തന്നെ മറക്കണമെന്നും പറഞ്ഞ്!
പക്ഷേ അതു വലിയൊരു ദുരന്തത്തിനു കാരണമായി. പിറവം റോഡിലെ റെയില്‍വേ പാളത്തില്‍ തലവച്ച് മാധുരി ആത്മഹത്യ ചെയ്തു. നേരത്തെ ആത്മഹത്യാ ശ്രമം നടത്തിയ ആശാദേവിയും മരണത്തിലേക്കു നടന്നുപോയി. 
പിറവം റോഡിലൂടെ തീവണ്ടിയില്‍ കടന്നുപോകുമ്പോള്‍ തന്നെ ഓര്‍മ്മിക്കണമേയെന്നു പറഞ്ഞു മാധുരി അയച്ച കത്തു പിറ്റേന്നാണ് കൃഷ്ണക്കുറുപ്പിനു ലഭിച്ചത്. 

Read: https://emalayalee.com/writer/285

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക