
റോമിലെ സിസ്റ്റൈൻ ചാപ്പൽ വീണ്ടും ലോക ശ്രദ്ധയിലേക്കു വരികയായി. ആഗോള കത്തോലിക്കാ സഭയ്ക്കു പുതിയ ഇടയനെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് അവിടെ മെയ് 5നു ആരംഭിക്കും. തീരുമാനം ഉണ്ടായിക്കഴിഞ്ഞാൽ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്നു പുറത്തു വരുന്ന വെളുത്ത പുക പുതിയൊരു യുഗത്തിന്റെ തുടക്കം അറിയിക്കും.
അഞ്ചു ദിവസം നീളുന്ന തെരഞ്ഞടുപ്പിൽ എത്ര തവണ വേണമെങ്കിലും കറുത്ത പുക ആവർത്തിക്കാം എന്നതാണ് കൗതുകം. വോട്ടിംഗിൽ പങ്കെടുക്കുന്ന 135 കർദിനാൾമാരിൽ ഒരാൾക്കു പോലും ഒരു ഉറപ്പുമില്ല എന്നതാണ് സവിശേഷത.
പന്ത്രണ്ടു വർഷം സഭയെ നയിച്ച ഫ്രാൻസിസ് പാപ്പാ പരിഷ്കരണങ്ങൾ പലതും കൊണ്ടുവന്നു എന്നതു കൊണ്ട് ഇക്കുറി അനിശിചത്വം വർധിക്കുന്നു. ഇറ്റാലിയൻ മുൻതൂക്കം ഉണ്ടെന്നു കരുതപ്പെട്ടിരുന്ന ഇലക്ടറേറ്റിന്റെ ഘടന ഉടച്ചു വാർത്തു ആഗോള പ്രാതിനിധ്യം വർധിപ്പിച്ചു എന്നതാണ് എടുത്തു പറയേണ്ട കാര്യം.
ടോംഗ, ഹെയ്ത്തി, പാപുവ ന്യൂ ഗിനി എന്നിങ്ങനെ പ്രാതിനിധ്യം ചിന്തിക്കാൻ പോലും കഴിയാത്ത രാജ്യങ്ങളിൽ നിന്നുള്ള കർദിനാൾമാർക്കു പുതിയ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഫ്രാൻസിസ് നൽകി. റോമിന്റെ കുത്തക പൊളിഞ്ഞ സാഹചര്യത്തിൽ വോട്ടിങ് എങ്ങിനെ പോകുമെന്നു പ്രവചിക്കാൻ തന്നെ വയ്യാതായി.
എങ്കിലും നേതൃത്വ സവിശേഷതകൾ കൊണ്ടു ശ്രദ്ധിക്കപ്പെട്ട ചിലരെ മുൻനിരക്കാരായി കണക്കാക്കുന്നുണ്ട്. ലോകവേദിയിൽ ഫ്രാൻസിസ് കൈവരിച്ച ധാർമികനേതൃത്വം തുടരാൻ കഴിയുമോ എന്ന പരിഗണന ഉണ്ടാവാം. അതോ അദ്ദേഹം കൊണ്ടു വന്ന മാറ്റങ്ങൾ തള്ളിക്കളയാൻ ആവുമോ തീരുമാനം എന്നതാണ് പ്രധാനപ്പെട്ട ഒരു വിഷയം.
ഏഷ്യയിലാണ് സഭയുടെ ഭാവി എന്നു ചിന്തിക്കുന്നവരുണ്ട്. അവർ സൗത്ത്ഈസ്റ്റ് ഏഷ്യയിൽ നിന്നൊരു പോപ്പ് വരുന്നതിനെ അനുകൂലിക്കുന്നു. ലൂയി അന്റോണിയോ ടാഗിൽ എന്ന ഫിലിപ്പിനോ കർദിനാൾ ആണ് ആ സാധ്യത. വിനീതനും ഊർജസ്വലനുമായ അദ്ദേഹത്തെ 'ഏഷ്യൻ ഫ്രാൻസിസ്' എന്നു വിളിച്ചിരുന്നു.
ഫിലിപ്പൈൻസിൽ നിന്നു തന്നെയുള്ള പാബ്ലോ വിർജിലിയോ ഡേവിഡ് മറ്റൊരു സാധ്യതയാണ്. ഫ്രാൻസിസിനെ പോലെ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിച്ചു ശ്രദ്ധ നേടി. ഫിലിപ്പൈൻ ബിഷപ്‌സ് കോൺഫറൻസ് അധ്യക്ഷൻ ആയിരുന്നു.
കർദിനാൾ മറ്റെയോ സുപ്പി കൂടുതൽ നേതൃത്വ മികവ് തെളിയിക്കാൻ അവസരം ലഭിച്ച കർദിനാൾ ആണ്. ഇറ്റാലിയൻ വംശജൻ. ബോലോണയിൽ സൈക്കിളിൽ സഞ്ചാരിക്കാറുള്ള കർദിനാളിനെ യുക്രൈൻ ഉൾപ്പെടെ പല സമാധാന ദൗത്യങ്ങളും ഫ്രാൻസിസ് പാപ്പാ ഏൽപ്പിച്ചിരുന്നു.
ആർച്ച്ബിഷപ് ഓഫ് കേബെക്ക് ജറാൾഡ് സിപ്രിയൻ ലക്രോയിക്സ് മുൻനിരയിലുണ്ടെന്നു കരുതപ്പെടുന്നു. നേതൃത്വ മികവ് പരിഗണിച്ചാണ് അദ്ദേഹത്തെ ഫ്രാൻസിസ് കൗൺസിൽ ഓഫ് കാർഡിനൽസ് അംഗമാക്കിയത്. എന്നാൽ 1980ൽ ഉണ്ടായ ഒരു ലൈംഗിക ആരോപണത്തിന്റെ നിഴൽ അദ്ദേഹത്തിന്റെ മേലുണ്ട്.
ആഫ്രിക്കയ്ക്കു സമയമായി എന്നു വാദിക്കുന്നവർക്കു ചൂണ്ടിക്കാട്ടാനുളളത് കിൻഷാസ ആർച്ച്ബിഷപ് ഫ്രിഡലിൻ അംബോഗ്‌നോ ബേസുങ്കുവിനെയാണ്. ഏഴു മില്യൺ കത്തോലിക്കർ ധാർമിക നേതാവായി ആരാധിക്കുന്ന അദ്ദേഹത്തിനു ഗണ്യമായ സാധ്യതയുണ്ട്. കപ്പൂച്ചിൻ സന്യാസിയാണ് അദ്ദേഹം. സ്വവർഗ വിവാഹത്തെ എതിർത്തതാണ് അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായ ഏക എതിർപ്പ്.
നുവാർക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ടോബിനും മുന്നിരയിലുണ്ട്. വിശാലഹൃദയനായി അറിയപ്പെടുന്ന അദ്ദേഹം 80 രാജ്യങ്ങളിൽ ദരിദ്രരെ സേവിക്കുന്ന റീഡമ്പ്ടോറിസ്റ് ഓർഡറിലെ മിഷനറിയാണ്. യുഎസിൽ നിന്ന് ഏറ്റവും പരിഗണന ലഭിക്കാവുന്ന സ്ഥാനാർഥി.
Unpredictable conclave set for May 5 as names float