Image

കുഡോവായിലെ തിരസ്‌കരണം (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-13: നീനാ പനയ്ക്കല്‍)

Published on 08 July, 2024
കുഡോവായിലെ തിരസ്‌കരണം (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-13: നീനാ പനയ്ക്കല്‍)

1944 ഡിസംബറിലെ മദ്ധ്യത്തിലോ അവസാനത്തിലോ എന്നറിയില്ല ഒരു ദിവസം (ഞങ്ങള്‍ക്ക് സമയത്തെക്കുറിച്ചോ ആഴ്ചയിലെ ദിവസങ്ങളെക്കുറിച്ചോ ഏതുമാസമാണെന്നു പോലും നിശ്ചയമുണ്ടായിരുന്നില്ല) ഞങ്ങളോട് വേഗം വരിയില്‍ നില്‍ക്കാനും ട്രാന്‍സ്‌പോര്‍ട്ട് ട്രെയിനില്‍ കയറിക്കൊള്ളാനും ടട ആവശ്യപ്പെട്ടു. ഞങ്ങള്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എന്നെയുള്‍പ്പടെ ഏകദേശം അന്‍പതുപേരെ മൃഗങ്ങളെ കയറ്റുന്ന ട്രക്കിലേക്ക് തള്ളിക്കയറ്റി. ഞങ്ങള്‍ ഒരു പകലും രാവും അടച്ചിട്ട തണുത്തു നനഞ്ഞ ആ ട്രക്കില്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ തിങ്ങി ഞെരുങ്ങി നിന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു രൂപവുമില്ല. പലകകൊണ്ടുണ്ടാക്കിയ ആ മൃഗവണ്ടിയില്‍ പുറമെയുള്ള ലോകം കാണാന്‍ തക്കവണ്ണം ഒരു മുടിനാരിഴയ്ക്ക് ഒപ്പമുള്ള വിടവുപോലും ഉണ്ടായിരുന്നില്ല.

ഞാന്‍ ആ ട്രക്കിന്റെ ഒരു മൂലയില്‍ ഇരുന്നു. ഔഷ്‌വിറ്റ്‌സിലെ ആഴ്ചകള്‍ എന്റെ കണ്‍മുന്നിലൂടെ കടന്നുപോയി. വൈദ്യുതി പായുന്ന  വേലികള്‍, മെഷീന്‍ ഗണ്ണുകളുമായി പട്ടാളക്കാര്‍ നില്ക്കുന്ന ഗോപുരങ്ങള്‍ തീപ്പൊരി തുപ്പുന്ന ചിതകള്‍, ഗാര്‍ഡുകളുടെ ക്രൂരമുഖങ്ങള്‍, തുടല്‍പൊട്ടിച്ച് കടിച്ചുകീറാന്‍ വെമ്പുന്ന നായ്ക്കള്‍, വെടിയേറ്റ് സ്വന്തം ചോരയില്‍ മുങ്ങിക്കിടക്കുന്ന സ്ത്രീ, ഞങ്ങളുടെ ബാരക്കില്‍ അഭയം തേടിയ ഹങ്കറിയില്‍ നിന്നു പിടിച്ചുകൊണ്ടുവന്ന യുവതി... എന്താണ് ഇനിയും സംഭവിക്കുക? ഞങ്ങള്‍ എവിടെ അവസാനിക്കും? 

ട്രെയിന്‍ നിന്നു. കതകു തുറക്കപ്പെട്ടു. ഞങ്ങള്‍ സ്റ്റേഷന്റെ പേരു വായിച്ചു. കുഡോവ ഡ്രോജ്  ആ പേര് ഞാന്‍ മുന്‍പ് കേട്ടിട്ടുണ്ടായിരുന്നില്ല.     ഔഷ്‌വിറ്റ്‌സ് വിട്ടശേഷം ഞങ്ങള്‍ നൂറ്റിയെണ്‍പതു മൈലുകളോളം പടിഞ്ഞാറോട്ട് സഞ്ചരിച്ചിട്ടുണ്ടാവണം. ഒരു ഏറോപ്ലെയിന്‍ ഫാക്ടറിക്കടുത്തുള്ള ക്യാമ്പിലേക്കാണ് ടട ഞങ്ങളെ കൊണ്ടുപോയത്. ഞങ്ങള്‍ക്ക് ഭയങ്കര സുഖസൗകര്യങ്ങളുണ്ടെന്നു തോന്നിയ ഒരു താമസസ്ഥലമായിരുന്നു അത്.

ഫാക്ടറിയിലെ ഒരു ഉദ്യോഗസ്ഥന് ഞങ്ങളെ പരിശോധിക്കണമായിരുന്നു. പുതിയ തടവുകാരായ ഞങ്ങളെ താമസസ്ഥലത്തിനടുത്തുള്ള ഒരു സ്ഥലത്ത് കൂടാന്‍ ആവശ്യപ്പെട്ടു. ആ ഉദ്യോഗസ്ഥന്റെ കണ്ണുകള്‍ ഞങ്ങളുടെ നേര്‍ക്ക് നീണ്ടു. ''കണ്ണട ധരിക്കുന്നവര്‍ മുന്നോട്ടു മാറി നില്ക്കണം.'' അയാള്‍ വിളിച്ചു പറഞ്ഞു. ബുഷി ഹില്‍ഡ് എന്റെ തൊട്ടടുത്ത് നില്ക്കുകയായിരുന്നു കണ്ണട ഒളിച്ചു വക്കണം എന്ന ചിന്തയോടെ ഞാനത് മെല്ലെ ഊരി. ''കണ്ണട മുഖത്തിരുന്നോട്ടെ'' ബുഷി എന്നോടു പറഞ്ഞു. ''നമ്മള്‍ വിധിയോട് മതിയാവോളം ചൂതാട്ടം നടത്തിയവരല്ലേ?''
ബുഷി, അവളുടെ ഭര്‍ത്താവിനെ യഹൂദനല്ലായിരുന്നിട്ടും ആംസ്റ്റര്‍ഡാമിലേക്കുള്ള വണ്ടിയില്‍ ടട തള്ളിക്കയറ്റിയ കാര്യം ഓര്‍മ്മിപ്പിക്കയായിരുന്നു. അവര്‍ രണ്ടുപേരും ഡീപ്പോര്‍ട്ട് ചെയ്യപ്പെട്ട യഹൂദരായ കൂട്ടുകാരെ യാത്രയയക്കാന്‍ സ്റ്റേഷനില്‍ ചെന്നതാണ്. ഒരു ടട കാരന്‍ ബുഷിയുടെ ഭര്‍ത്താവിനോട് ''നീ അത്രക്ക് യഹൂദപ്രേമിയാണെങ്കില്‍ അവരുടെ കൂടെ പൊക്കോ'' എന്ന് അലറി അയാളെ ആ വണ്ടിയില്‍ തള്ളിക്കയറ്റി.

ധഎന്റെ പപ്പായും സഹോദരനും സ്വമനസ്സാലെ എന്നോടൊപ്പം തെരിസിന്‍ സ്റ്റാട്ടില്‍ വരാന്‍ തയ്യാറായകാര്യം ഞാന്‍ ബുഷിയോട് പറഞ്ഞിരുന്നു. ഞങ്ങള്‍ പപ്പായോടൊപ്പം വര്‍ക്ക് ക്യാമ്പില്‍ പോകാന്‍ തയ്യാറായതും ഔഷ്‌വിറ്റ്‌സില്‍ എത്തിച്ചേര്‍ന്നതുമായ കാര്യങ്ങളും ഞാനവളെ അറിയിച്ചിരുന്നു. ഞാന്‍ കണ്ണട വച്ച ശേഷം വരിയില്‍ നിന്ന് മുന്നോട്ടു മാറി. കണ്ണട ധരിച്ചിരുന്നതുകൊണ്ട് ഡീനയും മുന്നോട്ട് നീങ്ങിനിന്നു കണ്ണടയില്ലാതിരുന്നിട്ടും ബുഷിയോട് മുന്നോട്ട് നീങ്ങിനില്ക്കാന്‍ ആ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. മൊത്തം ആറുപേരെ അയാള്‍ മാറ്റിനിര്‍ത്തി. ''ഉപയോഗമില്ലാത്ത വൃത്തികെട്ട ജന്മങ്ങള്‍'' അയാള്‍ ഞങ്ങളെ നോക്കി ചിറി വക്രിപ്പിച്ചു. ഞങ്ങള്‍ കുഡോവയില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടു കുഡോവയില്‍ ജോലി ചെയ്യാന്‍ തെരഞ്ഞെടുത്തവരില്‍ നിന്ന് ഞങ്ങളെ വേര്‍തിരിച്ചു.
ഞാന്‍ ബുഷിയോടു പറഞ്ഞു ''എന്തിനാ നിന്നെ മാറ്റി നിര്‍ത്തിയത്? നിനക്ക് കണ്ണട വേണ്ടല്ലോ.'' അവള്‍ പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിലിരിക്കുന്നു. ''വിധി ഉഷി (ഉര്‍സ്യുല എന്ന പേരിനെ ഓമനിച്ചു വിളിക്കുന്നതാണ് ഉഷി). അങ്ങനെ സംഭവിക്കണമെന്നതാണ് വിധി. നമ്മളെ ജോലിക്കു കൊള്ളാത്തവര്‍ എന്ന കാരണത്താല്‍ ഔഷ്‌വിറ്റ്‌സിലേക്ക് അയക്കാന്‍ പോകയാണ്. അതിനര്‍ത്ഥം ഗ്യാസ് ചെയ്മ്പര്‍ എന്നുമാണ്.'' സുഖമില്ലാത്ത ഒരു വലിയ കൂട്ടം സ്ത്രീകള്‍ അവിടെ നില്പുണ്ടായിരുന്നു. അവര്‍ക്കു പകരമാണ് ഞങ്ങള്‍ വന്ന വണ്ടിയിലെ സ്ത്രീകളെ ഫാക്ടറി തെരഞ്ഞെടുത്തത്. ഇപ്പോള്‍ ഫാക്ടറി തള്ളിയ ഞങ്ങള്‍ ആറുപേരും ആ കൂട്ടത്തില്‍ ചേരുവാന്‍ പോകയാണ്.

ഒരല്പം മനുഷ്യത്വമുള്ള ഒരു സ്ത്രീ ഞങ്ങളുടെ ചുമതല ഏറ്റെടുത്തു. ആ സ്ത്രീ ഞങ്ങളോട് അലറുകയോ അസഭ്യവാക്കുകള്‍ പറയുകയോ ചെയ്തില്ല. ഞാന്‍ ആ സ്ത്രീയോട് എന്നെ കുഡോവയില്‍ നില്ക്കാന്‍ അനുവദിക്കണം എന്നപേക്ഷിച്ചു. 'ഞാന്‍ ആരോഗ്യവതിയാണ് എനിക്ക് ജോലി ചെയ്യാന്‍ കഴിവുണ്ട്' ഞാനവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഞാന്‍ അവരോട് ഞാന്‍ സത്യത്തില്‍ യഹൂദപെണ്‍കുട്ടി അല്ല എന്നും എന്റെ മമ്മാ 'ആര്യന്‍' ആണെന്നും ഞങ്ങള്‍ ജര്‍മ്മനിയില്‍ ജനിച്ചു വളര്‍ന്നവരാണെന്നും പറഞ്ഞു. അവര്‍ സഹതാപത്തോടെ എന്നെ നോക്കി. ''എനിക്ക് ഒന്നും ചെയ്യാനാവില്ല.'' ജീവിക്കാന്‍ അനുവദിക്കണമെന്ന് അവരോട് അപേക്ഷിക്കുന്നതില്‍ എനിക്ക് വിഷമം തോന്നി. ഞാനത് നിര്‍ത്തുകയും ചെയ്തു. എന്റെ മൂന്നു വര്‍ഷത്തെ തടവു ജീവിതത്തിനിടിയില്‍ ഇപ്പോള്‍ മാത്രമാണ് എന്റെ പ്രവൃത്തിയില്‍ എനിക്ക് നാണക്കേട് തോന്നിയത്.

ഞങ്ങളെ റെയില്‍വേസ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ ഒരു വലിയ കൂട്ടം ഹങ്കറിയില്‍ നിന്നു വന്ന സ്ത്രീകള്‍, എല്ലാവിധ അസുഖങ്ങളുമുള്ളവര്‍ നില്പുണ്ടായിരുന്നു. പലരുടെയും കാലുകളില്‍ തുറന്ന വലിയ വ്രണങ്ങള്‍ ഉണ്ടായിരുന്നു. പലതരം സാംക്രമിക രോഗങ്ങള്‍ ബാധിച്ചവര്‍ ആയിരുന്നു അവരെല്ലാവരും അവരെ നോക്കാന്‍ എനിക്ക് ഭയമായിരുന്നു. ഞങ്ങള്‍ക്കും ഇതുതന്നെ സംഭവിക്കും എന്ന് തീര്‍ച്ചയുണ്ടെനിക്ക്. ആ സ്ത്രീകളെ ഗാര്‍ഡുകള്‍ ട്രെയിനിലെ മൃഗങ്ങളെ കയറ്റുന്ന ട്രക്കില്‍ കുത്തിനിറച്ചു.
ഞങ്ങളെ ആറുപേരെയും ട്രെയിനിലെ അവസാനത്തെ ഒഴിഞ്ഞ മൃഗവണ്ടിയില്‍ കയറ്റി. എസ്.എസ്‌  അല്ലാത്ത രണ്ട് ജര്‍മ്മന്‍ പട്ടാളക്കാരായിരുന്നു ഞങ്ങളുടെ ഗാര്‍ഡുകള്‍. ഒരാള്‍ മധ്യവയസ്‌കനും മറ്റേയാള്‍ വളരെ ചെറുപ്പവും. കതകുകള്‍ അടഞ്ഞു. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങി. ട്രക്കിന് ജനാലകള്‍ ഉണ്ടായിരുന്നില്ല. ട്രെയിന്‍ എങ്ങോട്ടാണ് പോകുന്നതെന്നു പോലും അറിയാന്‍ സാധിക്കുമായിരുന്നില്ല. തിന്നാനോ കുടിക്കാനോ ഒന്നുമില്ല. ട്രക്കിന്റെ മൂലയില്‍ വച്ചിരിക്കുന്ന തൊട്ടിയാണ് ഞങ്ങളുടെ ലാട്രിന്‍.
ഡീന, ബുഷി പിന്നെ ഞാന്‍. ഞങ്ങളോടൊപ്പമുണ്ടായിരുന്നവര്‍ ഹന്നാ കോഹോണ്‍ കോള്‍ഡ്ബാദ്കാരി, ആങ്കകോണിഡോവ പ്രാഗില്‍ നിന്നുമുള്ളവര്‍, ഹില്‍ഡ് ഡോനന്‍ബര്‍ഗ് (ജര്‍മ്മന്‍കാരി). ഞങ്ങള്‍ ആറുപേരും ജര്‍മ്മന്‍ ഭാഷയിലാണ് സംസാരിച്ചത്. ഞങ്ങളുടെ പശ്ചാത്തലവും അനുഭവങ്ങളും ഭയവും ഞങ്ങള്‍ പരസ്പരം പറഞ്ഞു. ഔഷ്‌വിറ്റ്‌സില്‍ എത്തിയാലുടന്‍ ഞങ്ങളെ ഗ്യാസ് ചെയ്മ്പറില്‍ എറിയുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. റഷ്യന്‍ ചുവന്ന സൈന്യം പോളണ്ടിലെ ഗ്യാസ് ചെയ്മ്പറുള്ളയിടത്തേക്ക് മുന്നേറിക്കൊണ്ടിരിക്കയായിരുന്നിട്ടും ജനുവരിയിലും വണ്ടികള്‍ ഔഷ്‌വിറ്റ്‌സിലേക്ക് വന്നുകൊണ്ടിരുന്നു. ജനുവരി 27, 1945-ല്‍ ഔഷ്‌വിറ്റ്‌സിനെ സ്വതന്ത്രമാക്കിയെങ്കിലും ഗ്രോസ്-റോഡന്‍ തുടങ്ങിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ അപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അസുഖക്കാരികളായ ആ ഹങ്കറിയില്‍ നിന്നുമുള്ള സ്ത്രീകള്‍ അവിടെ അവസാനിച്ചുകാണണം.
ഞങ്ങള്‍ ആറുപേരും ഔഷ്‌വിറ്റ്‌സില്‍ വരുന്നതിനു മുന്‍പ് തെരിസിന്‍സ്റ്റാട്ടില്‍ ആയിരുന്നല്ലോ. പട്ടാളക്കാര്‍ ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവര്‍ പരസ്പരം നോക്കുകയും കണ്ണുകള്‍ കൊണ്ട് സംസാരിക്കുകയും ഞങ്ങളോട് സഹതാപം കാട്ടുകയും ചെയ്തു. ഞങ്ങള്‍ ലാട്രിനില്‍ പോകുമ്പോള്‍ അവര്‍ മാറി നിന്നു. അവരുടെ ബ്രഡും ചീസും ഞങ്ങള്‍ക്ക് പങ്കുവച്ചുതന്നു. ചെറുപ്പക്കാരന്‍ പട്ടാളക്കാരന് ഞങ്ങളുടെ കഥ കേട്ട് വളരെ സങ്കടമായി. അയാള്‍ കരഞ്ഞു. എസ്.എസ് ഞങ്ങളോട് കാട്ടിയ ക്രൂരത അയാള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. ''ഇതൊക്കെ അനുഭവിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് തനിക്ക് സന്തോഷം'' എന്നയാള്‍ പറഞ്ഞു.
തലമുടി മുഴുവന്‍ വടിച്ചുകളഞ്ഞ, ശരീരം വൃത്തിയാക്കാത്ത ഒട്ടും ഇണങ്ങാത്ത, പാകമല്ലാത്ത തുണിക്കണ്ടങ്ങള്‍ ധരിച്ച ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ക്ക് സത്യത്തില്‍ ഭയമാണ് തോന്നിയത് - ഞങ്ങള്‍ അത്രയ്ക്ക് ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഞങ്ങളുടെ ഭയം നിറഞ്ഞ സംസാരം അവര്‍ കേട്ടു. ഔഷ്‌വിറ്റ്‌സിലെത്തുമ്പോള്‍ ഞങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നത് എന്തെന്നും അവര്‍ക്ക് മനസ്സിലായി. ഞാനും ബുഷിയും സംസാരിച്ചത് വൈദ്യുതവേലിയില്‍ ചാടി മരിച്ചു കളയുന്ന കാര്യമാണ്. ഗ്യാസ് ചെയ്മ്പറിനേക്കാള്‍ നല്ലത് അതാണ് എന്ന് ഞങ്ങള്‍ക്കു തോന്നി. ഞങ്ങളുടെ സംസാരം മുഴുവന്‍ പട്ടാളക്കാര്‍ കേട്ടു, മനസ്സിലാക്കി. ജര്‍മ്മന്‍ ഭാഷയിലാണല്ലോ ഞങ്ങള്‍ സംസാരിച്ചത്.
Read: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക