Image

തെക്കന്‍കാറ്റ് (മുട്ടത്തുവര്‍ക്കിക്കഥകള്‍ മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-22: അന്ന മുട്ടത്ത്)

Published on 18 August, 2024
 തെക്കന്‍കാറ്റ് (മുട്ടത്തുവര്‍ക്കിക്കഥകള്‍ മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെ ഒരു പ്രയാണം (ഭാഗം-22: അന്ന മുട്ടത്ത്)

തെക്കന്‍കാറ്റ്

മത്തായി സാര്‍ ഏകപുത്രനായ ബാബുവിനെ വളരെ കഷ്ടപ്പെട്ടാണ് കോളജില്‍ പഠിപ്പിക്കുന്നത്. അവന്റെ നാലു സഹോദരിമാരില്‍ ഒരാളുടെ കല്യാണം മാത്രമേ ഇനിയും നടന്നിട്ടുള്ളൂ. മറ്റുള്ളവര്‍ കെട്ടാമങ്കകളായി കഴിയുന്നു.
അതിനിടയിലാണ് ബാബുവിന്റെ തലയിണക്കീഴില്‍ നിന്ന് ഒരു പ്രണയലേഖനം മത്തായി സാറിനു ലഭിക്കുന്നത്. അവനും അന്നക്കുട്ടി എന്ന പെണ്‍കുട്ടിയും കൂടി ഒളിച്ചോടാന്‍ ഒരുമ്പെടുന്നുവെന്ന് ആ കത്തിലൂടെ ഗ്രഹിച്ച മത്തായി സാര്‍ മകനെ ശാസിക്കുന്നു. കൂടാതെ അവന്‍ ഇനി പഠിക്കാന്‍ കോളജില്‍ പോകേണ്ടെന്നും പറയുന്നു. ആ കത്ത് വീട്ടില്‍ ഉണ്ടാക്കിയ പൊല്ലപ്പ് വലുതായിരുന്നു.
പക്ഷേ, സത്യത്തില്‍ അ കത്ത് അന്നക്കുട്ടി അയച്ചതായിരുന്നില്ല. സ്‌കൂളില്‍ അവളുമായി നിസാര പ്രശ്‌നത്തിനു വഴക്കുണ്ടാക്കിയ കൂട്ടുകാരികള്‍ അന്നക്കുട്ടിയെ ഒന്നു ഫൂളാക്കുവാന്‍ വേണ്ടി പറ്റിച്ച പണിയായിരുന്നു അത്.
പിന്നീട് ആ വ്യാജ കത്തയച്ചത് ആറിന് അക്കരെ താമസിക്കുന്ന ചാക്കോ വക്കീല്‍ എന്ന സമ്പന്നന്റെ പുത്രിയായ ശോശാമ്മയാണെന്നു മനസ്സിലായി.
എന്തായാലും പഠിത്തം നിറുത്തിയ ബാബു തന്റെ പിതാവിനെപ്പോലെ തന്നെ ചിത്രരചനയില്‍ ഏര്‍പ്പെട്ടു. അതിനുള്ള ആദ്യ പ്രതിഫലം അവനു ലഭിച്ചത് ചാക്കോ വക്കീലിന്റെ പക്കല്‍നിന്നുമായിരുന്നു. ശോശാമ്മയ്ക്കും ആ ചിത്രം ഒത്തിരി ഇഷ്ടമായി.
ഒരുനാള്‍ ആറ്റില്‍ വീണ പുസ്തകം എടുക്കാന്‍ തുനിഞ്ഞ ശോശാമ്മ വെള്ളത്തില്‍ മുങ്ങിപ്പോയി. അതു കാണാനിടയായ ബാബുവാണ് അവളെ അപകടത്തില്‍നിന്നും രക്ഷിച്ചത്.
അത് ഒരു പുതിയ പ്രണയബന്ധത്തിന്റെ തുടക്കമായിരുന്നു. ഒരിക്കല്‍ അവന്‍ വരച്ച ഒരു ചിത്രത്തിനുള്ള പ്രതിഫലമായി ശോശാമ്മ തന്റെ വിരലില്‍ കിടന്ന മോതിരം ഊരി ബാബുവിന്റെ വിരലില്‍ അണിയിക്കുക വരെ ചെയ്തു. 
അന്നക്കുട്ടി യാദൃച്ഛികമായി ആ ദൃശ്യം കാണുവാനിടയായി. ബാബുവിനെ മനസ്സില്‍ ആരാധിച്ചിരുന്ന അവളുടെ മോഹങ്ങള്‍ കൊഴിഞ്ഞു പോയി.
പിന്നീട് അന്നക്കുട്ടി തന്റെ പ്രണയം അറിയിക്കുമ്പോള്‍ അനുകൂലമായി ഒരു മറുപടി നല്‍കാന്‍ അവനു കഴിഞ്ഞതുമില്ല.
ഒടുവില്‍ അന്നക്കുട്ടി മറ്റൊരു വിവാഹത്തിനു സമ്മതം മൂളി. മലബാറിലെ കുടിയേറ്റ കര്‍ഷകനും സമ്പന്നനുമായ സെബാസ്റ്റ്യന്‍ അവളെ വിവാഹം കഴിച്ചെങ്കിലും അവളുടെ ദാമ്പത്യജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു.
ബാബുവിന്റെയും ശോശാമ്മയുടെയും പ്രണയം പുറത്തറിഞ്ഞതോടെ ചാക്കോ വക്കീല്‍ രോഷാകുലനായി. ദരിദ്രനായ ബാബുവുമായി മകളുടെ വിവാഹം നടത്തുന്ന പ്രശ്‌നമേയില്ലത്രേ! ഒടുവില്‍ ശോശാമ്മയും ബാബുവും കൂടി ഒളിച്ചോടി.
മലബാറിലെ ഒരു ചെറ്റക്കുടിലില്‍ ഒളിച്ചു താമസിക്കവെ പോലീസുകാര്‍ വന്നു ബാബുവിനെ പൊക്കി. ശോശാമ്മയെ അവളുടെ അപ്പന്‍ പിടിച്ചുകൊണ്ടുപോയി.
പിന്നീട് അവള്‍ പ്രസവിച്ച കുട്ടിയെ രഹസ്യമായി ആര്‍ക്കോ കൈമാറി. ബാബുവിനെ എന്തോ കള്ളക്കേസില്‍ കുടുക്കി. അവന്‍ മരിച്ചു പോയെന്ന് അച്ഛന്‍ പറഞ്ഞെങ്കിലും ശോശാമ്മ അതു വിശ്വസിച്ചില്ല. ബാബുവിനെ കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്നും പറഞ്ഞു ശോശാമ്മ അന്നക്കുട്ടിക്ക് കത്തയയ്ക്കുന്നു.
സമ്പത്തുണ്ടെങ്കിലും ദുര്‍ന്നടപ്പുകാരനായ ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം അന്നക്കുട്ടിക്ക് ദുരിതപൂര്‍ണ്ണമാണ്. മിടുക്കനായ ജോയിമോനെ താലോലിക്കുന്നതാണ് അവളുടെ ഏക ആശ്വാസം.
മത്തായി സാര്‍ കഷ്ടപ്പെട്ടാണെങ്കിലും തന്റെ പെണ്‍മക്കളെയൊക്കെ കെട്ടിച്ചയച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി ബാബു വീട്ടില്‍ തിരിച്ചെത്തുന്നു. അവനെയോര്‍ത്തു നീറിക്കഴിയുന്ന ശോശാമ്മയെ ഉടന്‍ ചെന്നു കാണാന്‍ മാതാപിതാക്കള്‍ ബാബുവിനോടു പറയുന്നു.
ചാക്കോ വക്കീല്‍ മരിച്ചു കഴിഞ്ഞതിനാല്‍ ശോശാമ്മയ്ക്കും ബാബുവിനും പിന്നീട് ഒരുമിക്കുന്നതിനു തടസങ്ങള്‍ ഒന്നും ഉണ്ടായില്ല.
ശോശാമ്മയുടെ ജീവിതകഥകള്‍ കത്തുമുഖേന അവള്‍ പഴയ കൂട്ടുകാരി അന്നക്കുട്ടിയെയും അറിയിക്കാറുണ്ട്.
പണ്ട് ബാബുവിന്റെ പിതൃത്വത്തില്‍ തനിക്കു ജനിച്ച കുട്ടിയേത്തേടി ശോശാമ്മ ഒത്തിരി അലഞ്ഞിരുന്നു. പക്ഷേ ആ കുട്ടി പല കൈമറിഞ്ഞു പോയിരുന്നതിനാല്‍ അവള്‍ക്കു കണ്ടെത്താനായില്ല.
അങ്ങനെയിരിക്കെയാണ് അന്നക്കുട്ടി ദത്തെടുത്തു വളര്‍ത്തുന്ന ജോയിമോന്‍ തന്റെ നഷ്ടപ്പെട്ട മകനാണെന്ന സൂചന ശോശാമ്മയ്ക്കു ലഭിക്കുന്നത്.
അവള്‍ ബാബുവിനോടൊപ്പം കുട്ടിയെ വീണ്ടെടുക്കുന്നതിനായി മലബാറിലെത്തി.
ജോയിമോനെ ശോശാമ്മയും അന്നക്കുട്ടിയും ഓരോ വര്‍ഷവും മാറി മാറി വളര്‍ത്തട്ടെയെന്നായിരുന്നു ഇടവക വികാരിയുടെ മദ്ധ്യസ്ഥ തീരുമാനം. പിന്നീട് പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന്‍ സ്വന്തം ഒരു തീരുമാനം എടുക്കട്ടെയെന്നും.
പക്ഷേ ജോയിമോനെ പിരിഞ്ഞാല്‍ അന്നക്കുട്ടിയുടെ ജീവിതം വന്ധ്യമാകും. അങ്ങനെ ഒരു സാഹചര്യത്തെക്കുറിച്ച് അവള്‍ക്ക് ചിന്തിക്കാനേ വയ്യ. അവള്‍ ബാബുവിന്റെ കാല്‍ക്കല്‍ വീണു. ജോയിമോനെ തന്നില്‍നിന്നും വേര്‍പിരിക്കരുതേ എന്ന അപേക്ഷയുമായി.
ഒടുവില്‍ അന്നക്കുട്ടിക്കുവേണ്ടി ഒരു വലിയ ത്യാഗം അനുഷ്ഠിക്കുവാന്‍ ബാബുവും ശോശാമ്മയും തീരുമാനമെടുക്കുന്നു. അവര്‍ ജോയിമോനെ അവന്റെ വളര്‍ത്തമ്മയായ അന്നക്കുട്ടിയെത്തന്നെ തിരികെ ഏല്പിക്കുന്നു.
അവരേവര്‍ക്കും സാന്ത്വനമായി ഒരു തെക്കന്‍കാറ്റ് മന്ദം മന്ദം വീശി.

Read More: https://emalayalee.com/writer/285

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക