
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശനത്തിൻ്റെ ഭാഗമായി ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ ഊഷ്മളമായി സ്വീകരിച്ചു. ഈ സന്ദർശനത്തിനോടനുബന്ധിച്ച് ആഗ്രയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. താജ്മഹൽ സന്ദർശിച്ച ശേഷം "താജ്മഹൽ അതിശയകരമാണ്. യഥാർത്ഥ സ്നേഹത്തിന്റെയും മനുഷ്യന്റെ കഴിവിൻ്റെയും സാക്ഷ്യപത്രവും ഇന്ത്യയെന്ന മഹത്തായ രാജ്യത്തിനുള്ള ആദരവുമാണ്"എന്ന് ജെ.ഡി. വാൻസ് താജ്മഹലിനെ വിശേഷിപ്പിക്കുകയും സന്ദർശക ഡയറിയിൽ എഴുതുകയുമുണ്ടായി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ സന്ദർശനം നടന്നത്. അദ്ദേഹത്തിൻ്റെ സന്ദർശന വേളയിൽ താജ്മഹലിലേക്കുള്ള യാത്രയിലുടനീളം റോഡുകളിൽ വർണ്ണാഭമായ രംഗോലികളും മണൽ ശില്പങ്ങളും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിരുന്നു. കൂടാതെ അമേരിക്കൻ പതാകയും ഇന്ത്യൻ ത്രിവർണ്ണ പതാകയും വീശി സ്കൂൾ കുട്ടികൾ റോഡിൻ്റെ ഇരുവശങ്ങളിലും നിന്നിരുന്നു. ജെ.ഡി. വാൻസും കുടുംബവും സാധാരണ വേനൽക്കാല വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇതിനു മുൻപ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ജയ്പൂരിലെ അമേർ കോട്ടയും സന്ദർശിച്ചിരുന്നു.
English summary:
US Vice President J.D. Vance visited the Taj Mahal with his family.