Image

നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും, പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി: പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

Published on 24 April, 2025
നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും, പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി: പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി:പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പ് നല്‍കി ഇന്ത്യ. അട്ടാരിയിലെ ഇന്ത്യ  പാക്കിസ്ഥാന്‍ അതിര്‍ത്തി പൂര്‍ണമായും അടച്ചു. നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി.

എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം. ഇനി പാക്ക് പൗരന്മാര്‍ക്ക് വീസ നല്‍കില്ല എന്നും തീരുമാനിച്ചു. സാര്‍ക് വീസ എക്സ്റ്റന്‍ഷന്‍ സ്‌കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാന്‍കാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജ്യം വിടാന്‍ ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ല്‍ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്.

പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാന്‍ തീരുമാനിച്ചു. ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്.

പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാര്‍ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തില്‍ എടുത്തത്. നയതന്ത്ര കാര്യാലയത്തില്‍ ഏതാനും ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നത് ഒഴിച്ചാല്‍ പാക്കിസ്ഥാനുമായി ഇനി ഒരു ബന്ധത്തിനുമില്ല എന്ന തീരുമാനമാണ് ഇന്ത്യ എടുത്തിരിക്കുന്നത്.

പിന്തുണ അറിയിച്ച വിദേശരാജ്യങ്ങള്‍ക്കു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നന്ദി അറിയിച്ചു. ഭീകരാക്രമണത്തിനു അതിര്‍ത്തി കടന്നു പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സേനാ വിഭാഗങ്ങള്‍ക്കും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക