
റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളെല്ലാം യുക്രൈൻ വിട്ടു കൊടുക്കുന്ന കരാർ അംഗീകരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം പരസ്യമായി സമ്മർദം നടത്തുന്നു. യുക്രൈനു നേറ്റോ സഖ്യത്തിൽ ചേരുന്നതിനു നിരോധനം കൂടി ഏർപ്പെടുത്തുന്ന കരാർ പൂർണമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നതാണ്.
യുക്രൈന്റെ ധാതു നിക്ഷേപങ്ങൾ യുഎസ് കമ്പനികൾക്കു തുറന്നു കൊടുക്കുക കൂടി ചെയ്യുന്നതോടെ ആ രാജ്യം ഫലത്തിൽ പൂർണമായ കീഴടങ്ങലാണ് നടത്തുക.
നിർദേശങ്ങൾ സ്വീകാര്യമല്ലെന്നു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി വ്യക്തമാക്കി. "ഒന്നും സംസാരിക്കാനില്ല," സിലിൻസ്കി പറഞ്ഞു. "ഇത് ഞങ്ങളുടെ ഭരണഘടനയുടെ ലംഘനമാണ്. ഇത് ഞങ്ങളുടെ ഭൂമിയാണ്, യുക്രൈന്റെ ഭൂമി." ക്രിമിയ 11 വർഷം മുൻപ് റഷ്യ പിടിച്ചെടുത്തപ്പോൾ യുക്രൈൻ ഒരു വെടിപൊട്ടിക്കുക പോലും ചെയ്തില്ലല്ലോ എന്നു ട്രംപ് പരിഹസിച്ചു.
സമാധാനത്തിനു ഇപ്പോൾ തടസം നിൽക്കുന്നത് സിലിൻസ്കിയാണെന്നു ട്രംപ് ബുധനാഴ്ച്ച തുറന്നടിച്ചതോടെ സമ്മർദം വ്യകതമായി. ഇന്ത്യയിലുള്ള വൈസ് പ്രസിഡന്റ് ജെ ഡി വാൻസും അതേ രീതിയിൽ തന്നെയാണ് സംസാരിച്ചത്.
2014ൽ റഷ്യ യുക്രൈന്റെ ഭൂപ്രദേശമായ ക്രിമിയ പിടിച്ചെടുത്തത് അംഗീകരിക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നു.
സിലിൻസ്കി പ്രകോപനം സൃഷ്ടിക്കയാണെന്നു ട്രംപ് കുറ്റപ്പെടുത്തി. പുട്ടിൻ കരാർ സ്വീകരിക്കുന്നതിനു അനുകൂലമാണ്. "നമുക്ക് റഷ്യയുമായി കരാറായി," അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
"സിലിൻസ്കിയുമായി ഇടപെടാൻ എളുപ്പമാണെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ അദ്ദേഹമാണ് കൂടുതൽ ബുദ്ധിമുട്ടുള്ളയാൾ."
വാൻസ് പറഞ്ഞു: "അമേരിക്ക വച്ചിട്ടുള്ള വ്യക്തമായ നിർദേശങ്ങൾ സ്വീകരിക്കാൻ റഷ്യയോ യുക്രൈനോ തയാറില്ലെങ്കിൽ ഞങ്ങൾ ഈ പരിശ്രമത്തിൽ നിന്നു പിന്മാറും."
ട്രംപ് കാലു മാറിയെന്നു യൂറോപ്പ്
ആക്രമണം ആരംഭിച്ച റഷ്യയ്ക്കു എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊടുക്കുന്ന കരാർ സ്വീകരിക്കാത്തതിനു സിലിൻസ്കിയെ കുറ്റം പറയുന്ന ട്രംപ് കാലു മാറ്റി ചവിട്ടുകയാണെന്നു യൂറോപ്യൻ സഖ്യം ചൂണ്ടിക്കാട്ടി. റഷ്യയുമായി സൗഹൃദം സ്ഥാപിക്കാനാണ് ട്രംപിന്റെ നീക്കം.