Image

ഫൊക്കാന എസ്. ഒ. പി. ആന്‍ഡ് റിഫോംസ് കമ്മിറ്റി: ഡോ. മാമ്മന്‍ സി ജേക്കബ്, ടി.എസ്. ചാക്കോ, ജോര്‍ജ് കോരത് അംഗങ്ങള്‍

ഫ്രാന്‍സിസ് തടത്തില്‍ Published on 15 June, 2019
ഫൊക്കാന എസ്. ഒ. പി. ആന്‍ഡ് റിഫോംസ് കമ്മിറ്റി: ഡോ. മാമ്മന്‍ സി  ജേക്കബ്, ടി.എസ്. ചാക്കോ, ജോര്‍ജ് കോരത് അംഗങ്ങള്‍
ന്യൂജേഴ്സി: ഫൊക്കാനയുടെ നിയമാവലിക്കും പ്രവര്‍ത്തന ശൈലിക്കും പുതിയ രൂപവും ഭാവവും നല്‍കുവനായി പുതിയ കര്‍മ്മസമിതിക്കു രൂപം നല്‍കി. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ് നേതൃത്വം നല്‍കുന്ന സമിതിയില്‍ ഫൊക്കാനയിലെ സീനിയര്‍ അംഗങ്ങളായ കമാന്‍ഡര്‍ ജോര്‍ജ് കൊരുത്, ടി. എസ് ചാക്കോ എന്നിവരാണ് അംഗങ്ങള്‍. അറ്റലാന്റിക്ക് സിറ്റിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ കര്‍മ്മ സമിതിയെ തീരുമാനിച്ചതെന്ന് ഫൊക്കാന ഫ്രാസിഡന്റ് മാധവന്‍ ബി. നായര്‍, സെക്രട്ടറി ടോമി കോക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍ അറിയിച്ചു.

ഡോ. മാമ്മന്‍ സി. ജേക്കബ് നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ പേര് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീവ് പ്രൊസീഡിയര്‍ (SOP) ആന്‍ഡ് റിഫോംസ് കമ്മിറ്റി എന്നാണ്.ഫൊക്കാനയുടെ ഓരോ സബ്കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ്ഒപി തയാറാക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്‍ പ്രകാരമായിരിക്കും ഭാവി പരിപാടികള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഓരോ സബ് കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു അനിവാര്യമായ നയരൂപീകരങ്ങളും ഇവര്‍ തയാറാക്കും. നിലവിലുള്ള നിയമാവലികളും പ്രവര്‍ത്തന മാനദണ്ഡങ്ങളും (പോളിസിസ് ആന്‍ഡ് പ്രൊസീഡിയേര്‍സ് പരിശോധിച്ചു വേണ്ട ഭേദഗതികളും നിര്‍ദ്ദേശിക്കും. കാലഹരണപ്പെട്ട പ്രവര്‍ത്തന ശൈലികളില്‍ സമൂലമാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്ന കമ്മിറ്റി ഭരണഘടനയിലെ ചെറുതും വലുതുമായ പാകപ്പിഴകള്‍ സൂക്ഷ്മമായി പരിശോധിച്ചി കാലോചിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും.

അറ്റ്‌ലാന്റിക്ക് സിറ്റയില്‍ 2020 ജൂലൈ മാസത്തില്‍ നടക്കുന്ന ഫൊക്കാന അന്തരാഷ്ട്ര കണ്‍വെന്‍ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് എത്രയും വേഗം റിപ്പോര്‍ട്ട് തയാറാക്കി ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഡോ മാമ്മന്‍ സി ജേക്കബ് പറഞ്ഞു.
ഫൊക്കാന നേതൃത്വവും അംഗ സംഘടനകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനു ആവശ്യമായ കോഡ് ഓഫ് എത്തിക്സിനു രൂപം നല്‍കാനും സമിതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും. മുന്‍കാലങ്ങളില്‍ സംഭവിച്ച ഒറ്റപ്പെട്ട അസ്വാരസ്യങ്ങള്‍ ഭാവിയില്‍ ഇല്ലാതാക്കുന്നതിനും സൗഹാര്‍ദ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ സുതാര്യത ഉറപ്പുവരുത്തുന്ന നിര്‍ദ്ദേശങ്ങളായിരിക്കും സമിതി സമര്‍പ്പിക്കുക.

ഫൊക്കാന നേതൃനിരയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഡോ.മാമ്മന്‍ സി. ജേക്കബ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുണ്ടായിരുന്ന റോസ്ചെസ്റ്റര്‍ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ സെക്രെട്ടറിയായിരുന്നു. നിലവില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ പദവി അലങ്കരിക്കുന്ന അദ്ദേഹം ട്രസ്റ്റീ ബോര്‍ഡ് അംഗമായി തുടര്‍ച്ചയായി നാലു വര്‍ഷവും ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മീഷണര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എക്കാലവും സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ഡോ. മാമ്മന്‍ സി. ജേക്കബ് കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.1967ല്‍ നിരണം സൈന്റ്‌റ് തോമസ് ഹൈസ്‌കൂളില്‍ കെ.എസ് .യൂ.വിന്റെ സ്ഥാപക പ്രസിഡന്റ് ആയിട്ടാണ് രാഷ്ട്രീയ അരങ്ങേറ്റം.1968ല്‍ ഡി.ബി.പമ്പ കോളേജിന്റെ പ്രഥമ കോളേജ് യൂണിയന്‍ സെക്രട്ടറി ആയിരുന്ന മാമ്മന്‍ കെ.എസ് യു. താലൂക്ക് സെക്രെട്ടറിയുമായിരുന്നു.കൈരളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡണ്ട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഐ . എന്‍ . ഒ. സി കേരളം ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട്,മാര്‍ത്തോമ്മാ സഭ സൗത്ത് ഫ്‌ലോറിഡ ചര്‍ച്ച സെക്രട്ടറി,വൈസ് പ്രസിഡണ്ട് ഇടവക ട്രസ്റ്റി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. തീയോളജിയില്‍ ബിരുദവും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ മാമ്മന്‍ സി. നോവ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൗണ്‌സിലിംഗിലും കെരൂബിയന്‍ സ്‌കൂള്‍ ഓഫ് തിയോളോജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയ ശേഷം മാര്‍ത്തോമാ സഭയ്ക്ക് വേണ്ടി മണിപ്പാല്‍ മെഡിക്കല്‍ കോളേജിലും മംഗലാപുരത്തും സ്റ്റുഡന്റ് കൗണ്‍സിലര്‍ ആന്‍ഡ് ചാപ്ലിന്‍ ആയി സേവനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ മേരിക്കുട്ടി (റിട്ടയേര്‍ഡ് നഴ്സ്). മക്കള്‍: ബീന , മാത്യു , ബ്ലെസി.

81- ന്റെ പടിവാതിക്കലില്‍ നില്‍ക്കുന്ന ഫൊക്കാനയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കന്മാരില്‍ ഒരാളായ ടി. എസ്. ചാക്കോ, ഫൊക്കാനയുടെ ആദ്യകാലം മുതല്‍ സംഘടനയിലുണ്ടെങ്കിലും 1990 മുതലാണ് നേതൃനിരയിലേക്ക് വരുന്നത്. ഫൊക്കാന ഭരണ സമിതിക്ക് ഭരണഘടനാപരമായ ഉപദേശങ്ങള്‍ നല്‍കുന്ന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനാണ് ഇപ്പോള്‍. ഫൊക്കാനയില്‍ തര്‍ക്കങ്ങളും ഭരണ പ്രതിസന്ധികളുമുണ്ടാകുന്ന വിഷയങ്ങളില്‍ ചാക്കോ ചെയര്‍മാനായ ഉപദേശക സമിതി യോഗം ചേര്‍ന്നാണ് തര്‍ക്ക വിഷയങ്ങളില്‍ തീരുമാനമെടുതിരുന്നത്.അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലാണ് ടി. എസ് ചാക്കോയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. 1984-85 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിക്കുന്ന ചാക്കോ നാഷണല്‍ വൈസ് പ്രസിഡന്റ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ നാലുതവണ(എട്ടു വര്‍ഷം) നാഷണല്‍ കമ്മിറ്റി, രണ്ടു തവണ(4 വര്‍ഷം) റീജണല്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു തവണയായി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തുടരുകയാണ്. കേരള കള്‍ച്ചറല്‍ ഫോറം (കെ.സി.എഫ്.) ത്തിന്റെ സ്ഥാപക നേതാവുകൂടിയായ ചക്കോ എപ്പോള്‍ കെ. സി. എഫിന്റെ രക്ഷാധികാരിയാണ്.

2006 ലെ ഒര്‍ലാന്‍ഡോ ഫൊക്കാന കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ഫൊക്കാനയുടെ പ്രസിഡണ്ട് ആയിരുന്ന കമാന്‍ഡര്‍ ജോര്‍ജ് കോരുത് യാക്കോബായ സഭ പാര്‍ത്രിയാര്‍ക്കിസ് ബാവയില്‍ നിന്ന് കമാന്‍ഡര്‍ പദവി ലഭിച്ച അല്‍മായ ശ്രേഷ്ട്ടനാണ്. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡണ്ട്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍, രണ്ടു തവണ ഇലക്ഷന്‍ കമ്മീഷണര്‍ എന്നീ പദവികളും വഹിച്ചിട്ടുള്ള കമാന്‍ഡര്‍ ജോര്‍ജ് കോരുത് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ, മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ എന്നീ സംഘടനകളിലെ അംഗമാണ്.മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡയുടെ രണ്ടാമത് പ്രസിഡന്റ് ആയി സ്ഥാനം അലങ്കരിച്ച അദ്ദേഹം യു. എസ്. പോസ്റ്റല്‍ സര്‍വീസില്‍ നിന്ന് 2017 ല്‍ സ്റ്റാറ്റിസ്റ്റീഷന്‍ ആയി വിരമിച്ചു. മീറ്റ് റോമ്നി, ജോണ്‍ മക്കൈന്‍ എന്നിവരുടെ തെരെഞ്ഞെടുപ്പ് കോമ്പയ്നില്‍ സജീവ പങ്കാളിയായിരുന്ന കമാന്‍ഡര്‍ ജോര്‍ജ് കോരുത് 1997 ലാണ് അമേരിക്കയില്‍ എത്തുന്നത്. ഭാര്യ : ദീന (റിട്ടയേര്‍ഡ് നഴ്സ്). മക്കള്‍ :ഡോ. എയ്മി , സ്‌കൂള്‍ അദ്ധ്യാപികയായ ടീന. മരുമകന്‍ :ജെയ്സണ്‍ ( സി.എഫ്. ഒ)
ഫൊക്കാന എസ്. ഒ. പി. ആന്‍ഡ് റിഫോംസ് കമ്മിറ്റി: ഡോ. മാമ്മന്‍ സി  ജേക്കബ്, ടി.എസ്. ചാക്കോ, ജോര്‍ജ് കോരത് അംഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക