Image

കൊവിഡ് 19; ആസ്ത്മാ രോഗികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എ എ എഫ് എ

പി.പി.ചെറിയാന്‍ Published on 22 March, 2020
കൊവിഡ് 19; ആസ്ത്മാ രോഗികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എ എ എഫ് എ
ആർലിങ്ങ്ടൺ (വെർജീനിയ ) :ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയും ദീര്‍ഘകാല രോഗങ്ങളും ആയി കഴിയുന്ന  ആസ്ത്മാ രോഗികള്‍  കൊറോണ വൈറസിനെ ചെറുക്കാന്‍ ഏറെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്  ആസ്തമ ആൻഡ് അലര്ജി ഫൌണ്ടേഷൻ ഓഫ് അമേരിക്ക വീണ്ടും മുന്നറിയിപ്പു നൽകി .ശ്വാസകോശ സംബന്ധമായ അസുഖമാണ് കൊവിഡ് 19 . രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്തെങ്കിലും വിട്ടുമാറാത്ത അസുഖവുമായി ജീവിക്കുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ പിടിപെടാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന സാധ്യതയുണ്ട്. കോവിഡ് 19 ന്റെ അപകടസാധ്യത കൂടുതലുള്ള ആളുകളാണ് ആസ്ത്മാ രോഗികള്‍.

 ആസ്ത്മ പോലുള്ള ദീര്‍ഘകാല അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഈ വൈറസ് ഏറ്റവും വലിയ ഭീഷണിയാണ്. ആസ്ത്മ രോഗികളെ കൊറോണ വൈറസ് കൂടുതല്‍ ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു, ഇത് ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കുകയും ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും.
കൊറോണ വൈറസ് ബാധയേറ്റ് കടുത്ത അസുഖം വരാന്‍ സാധ്യതയുള്ളവരെ വൈറസ് പകരുന്നത് കുറയ്ക്കുന്നതിനായി സാധ്യമായ ഇടങ്ങളില്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന്റെ അനിവാര്യമല്ലാത്ത ഉപയോഗം ഒഴിവാക്കുക, സാധ്യമാകുന്നിടത്ത് വീട്ടില്‍ നിന്ന് ജോലി ചെയ്യുക, വലിയ ഒത്തുചേരലുകള്‍, ചെറിയ പൊതു ഇടങ്ങളായ ക്ല ബ്ബുകള്‍, സിനിമാശാലകള്‍, റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍ എന്നിവ ഒഴിവാക്കുക, കുടുംബവുമായും സുഹൃത്തുക്കളുമായും ഒത്തുചേരല്‍ ഒഴിവാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കായുള്ള നിര്‍ദേശം ഈ വിഭാഗത്തിലുള്ളവര്‍ മറ്റുള്ളവരുമായി അനിവാര്യമല്ലാത്ത സമ്പര്‍ക്കം അവസാനിപ്പിക്കണം. ആസ്ത്മ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ വൈറസ് വ്യാപനത്തെ അടിച്ചമര്‍ത്തുന്നതിനും സുരക്ഷിതമായി തുടരുന്നതിനുമായി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കത്തിന്റെ അളവ് കുറയ്ക്കുക.

ആസ്ത്മയുള്ളവര്‍ താഴെ പ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകള്‍ പലപ്പോഴും കഴുകുക. നിങ്ങളുടെ മൂക്ക് തുടയ്ക്കുന്നതിനോ തുമ്മുന്നതിനോ ടിഷ്യൂകളോ തുണിയോ ഉപയോഗിക്കുക, എന്നിട്ട് അവയെ നേരിട്ട് ബിന്നില്‍ ഇടുക. കൈകള്‍ ശുദ്ധമല്ലെങ്കില്‍ നിങ്ങളുടെ കണ്ണുകളിലോ മൂക്കിലോ വായിലോ തൊടരുത്.വലിയ ഒത്തുചേരലുകള്‍, ആളുകളുമായി കൈ കുലുക്കുക അല്ലെങ്കില്‍ കെട്ടിപ്പിടിക്കുക, അനാവശ്യമായ യാത്ര, പ്രത്യേകിച്ച് പൊതുഗതാഗതത്തില്‍ മറ്റ് ആളുകളുമായി അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുക.

* സ്വയം പരിരക്ഷിക്കുന്നതിന് ടേബിളുകള്‍, ഡോര്‍ നോബുകള്‍, ലൈറ്റ് സ്വിച്ചുകള്‍, ഡെസ്‌കുകള്‍, ഫോണുകള്‍, കീബോര്‍ഡുകള്‍, ടോയ്‌ലറ്റുകള്‍, സിങ്കുകള്‍ എന്നിവ പോലുള്ള ഉപരിതലങ്ങള്‍ വൃത്തിയാക്കി അണുവിമുക്തമാക്കി സൂക്ഷിക്കുക ,.തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ കൃ ത്യമായി പാലിച്ചാൽ വൈറസിനെ പൂർണമായും പ്രതിരോധിക്കാൻ കഴിയുമെന്ന് എ എ എഫ് എ യുടെ അറിയിപ്പിൽ  പറയുന്നു .
 

കൊവിഡ് 19; ആസ്ത്മാ രോഗികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എ എ എഫ് എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക