Image

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ മലയാളം മിഷന്‍ പഠനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

Published on 16 August, 2020
കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ മലയാളം മിഷന്‍ പഠനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു


ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ മലയാളം മിഷന്‍ പഠനകേന്ദ്രത്തിന്റ ഉദ്ഘാടനം ഓഗസ്റ്റ് 13 വ്യാഴാഴ്ച വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ വഴിയായി നടത്തപ്പെട്ട യോഗത്തില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമന്‍ സാമുവേല്‍ അധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍ മലയാളം മിഷന് നല്‍കുന്ന വലിയ പിന്തുണയെ അഭിനന്ദിച്ച വീണാ ജോര്‍ജ്ജ് എംഎല്‍ എ കൈരളി - മലയാളം മിഷന്‍ പഠനകേന്ദ്രം പ്രവര്‍ത്തകരെ അനുമോദിക്കാനും മറന്നില്ല. മുന്‍തലമുറകള്‍ നടന്നുവന്ന വഴികളിലെ പാദമുദ്രകള്‍, കൃഷി, കലാ, സാഹിത്യം ഇവയൊക്കെ ഭാഷ അടയാളപെടുത്തുന്നു. ആ മഹത്തായ സാംസ്‌കാരിക പാരന്പര്യത്തിലേക്ക് കണ്ണി ചേര്‍ക്കപെടുക എന്നതാണ് മാതൃഭാഷാ പഠനത്തിലുടെ നാം നിര്‍വഹിക്കപ്പെടുന്നതെന്ന് പ്രഫ. സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണത്തില്‍ ചൂണ്ടികാട്ടി.

മലയാളം മിഷന്‍ യുഎ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ.എല്‍. ഗോപി, കൈരളി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി .സന്തോഷ് കുമാര്‍, പ്രസിഡന്റ് സുജിത് വി.പി, മലയാളം മിഷന്‍ ഫുജൈറ മേഖല കോര്‍ഡിനേറ്റര്‍ വി.എസ് സുഭാഷ്, കൈരളി യൂണിറ്റ് സെക്രട്ടറി സുമന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരിപ്പൂര്‍ വിമാനപകടത്തിലും പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവര്‍, നമ്മെ വിട്ടുപിരിഞ്ഞ കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി, മേഖല മലയാളം മിഷന്‍ പഠനകേന്ദ്രത്തിന്റെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഫഹദ് എന്നിവരുടെ വേര്‍പാടില്‍ അനുശോചനം രേഖപെടുത്തി. നമിത പ്രമോദ് അവതരിപ്പിച്ച അനുശോചന പ്രമേയത്തോടെയാണ് യോഗം ആരംഭിച്ചത്.

കൈരളി യൂണിറ്റ് പ്രസിഡന്റ് സുധീര്‍ തെക്കേക്കര സ്വാഗതവും മലയാളം മിഷന്‍ പഠനകേന്ദ്രം കൈരളി യൂണിറ്റ കോര്‍ഡിനേറ്റര്‍ മിജിന്‍ ചുഴലി നന്ദിയും പറഞ്ഞു. പഠനകേന്ദ്രത്തിലെ കൊച്ചു കൂട്ടുകാരായ ഫൈഹ ഹര്‍ഷന്‍, ജോസിന്‍ ജോയിമോന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളുമടക്കം നൂറിലധികം ആളുകള്‍ യോഗത്തില്‍ പങ്കെടുത്തു. ഉദ്ഘാടന സെഷനുശേഷം അനീഷ് മാഷും രാജശേഖരന്‍ മാഷും ചേര്‍ന്ന് കുട്ടികള്‍ക്ക് ആസ്വാദ്യകരമായ ക്ലാസ് ഒരുക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക