Image

പുതുമ തേടിയ സാഹസികര്‍ ആത്മവിശ്വാസത്തോടെ ക്രൂയിസ്‌ കണ്‍വെന്‍ഷനിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2012
പുതുമ തേടിയ സാഹസികര്‍ ആത്മവിശ്വാസത്തോടെ ക്രൂയിസ്‌ കണ്‍വെന്‍ഷനിലേക്ക്‌
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ സംഘചേതനയായ ഫോമയുടെ 2010-12 വര്‍ഷ കമ്മിറ്റി അമേരിക്കന്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ചത്‌ ഒട്ടേറെ പുതുമകള്‍ നിറഞ്ഞ പ്രവര്‍ത്തനപരിപാടികളാണ്‌. ഒട്ടേറെ പുതുമുഖങ്ങളെ സംഘടനയുടെ നേതൃരംഗത്തേക്ക്‌ കൈപിടിച്ചുകൊണ്ടുവരുവാനും ഫോമയുടെ നേതൃത്വത്തിനായി. ഫോമയുടെ 2012-14 വര്‍ഷ നേതൃത്വത്തിലേക്ക്‌ കടുന്നുവരാന്‍ ഒരുങ്ങി ഒട്ടേറെ പുതിയ നേതാക്കള്‍ തയാറായും കഴിഞ്ഞു. ഏതായാലും നേതൃരംഗത്ത്‌ ഓരോ രണ്ടുവര്‍ഷവും ഫോമ സമ്മാനിക്കുന്ന ഫ്രഷ്‌നസ്‌ സുഖമുള്ള ഒരു അനുഭവം തന്നെ.

വര്‍ഷംതോറും ജൂലൈ മാസാദ്യം നടത്തിവരാറുള്ള കണ്‍വെന്‍ഷന്‍ ഓഗസ്റ്റിലേക്ക്‌ മാറ്റിയതുതന്നെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ആശ്വാസമായി. കാരണം, കണ്‍വെന്‍ഷന്‍ മത്സരം ഒഴിവായി എന്നതുകൊണ്ടുതന്നെ. ഫോമയുടെ ഈ നീക്കത്തെ ആശ്വാസത്തോടെയാണ്‌ സാധാരണ ജനം നോക്കികണ്ടതും.

വര്‍ഷത്തിലൊരിക്കല്‍ വീതം നടത്തിയ ജനറല്‍ബോഡി മീറ്റിംഗ്‌ മൂന്നുമാസത്തിലൊരിക്കല്‍ വീതം, കൃത്യമായി നടത്തിയ നാഷണല്‍ കമ്മിറ്റി മീറ്റിംഗ്‌ ഇതൊക്കെ ചിട്ടയായി ക്രമീകരിച്ചപ്പോള്‍ നേതൃത്വത്തില്‍ ഒരു കൂട്ടുത്തരവാദിത്വം ഉണ്ടായതായി ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ കരുതുന്നു.

അധികാരത്തിനോ,ഫോട്ടോ ഓപ്പര്‍ച്യൂണിറ്റിക്കുവേണ്ടിയുള്ള തിക്കിക്കയറ്റവും ഒന്നുമില്ലാതെ, ഒരുപറ്റം മാന്യരായ നേതാക്കള്‍, സത്യസന്ധമായി നടത്തിയ സാമൂഹിക സേവനമാണ്‌ ഫോമയെ വേറിട്ട ഒരു സംഘടനയായി ജനം അഗീകരിച്ചതെന്ന്‌ ഫോമാ സെക്രട്ടറി ബിനോയി തോമസ്‌ കരുതുന്നു.

ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌, മലയാളത്തിന്‌ ഒരുപിടി ഡോളര്‍, ഐ ഫോര്‍ ദ ബ്ലൈന്‍ഡ്‌, ഹൗസിംഗ്‌ പ്രൊജക്‌ട്‌, ഫോമാ ഹെല്‍പ്‌ ലൈന്‍, പ്രൊഫഷണല്‍ സംഗമം, സാഹിത്യശില്‍പശാല തുടങ്ങി ഫോമയുടെതായ ഒട്ടേറെ സിഗ്‌നേച്ചര്‍ പദ്ധതികള്‍ നടപ്പിലാക്കാനും ഫോമയ്‌ക്കായി. ഫോമ നടത്തിയ ദേശീയ സാഹിത്യ മത്സരവും വന്‍ വിജയകരമായിരുന്നു.

പ്രവാസി മലയാളികളെ പ്രതികൂലമായി ബാധിക്കുന്ന .പാസ്‌പോര്‍ട്ട്‌ സറണ്ടര്‍, റീ എന്‍ട്രി പെര്‍മിറ്റ്‌, ഒ.സി.ഐ കാര്‍ഡ്‌ അപേക്ഷയിലെ പോരായ്‌മകള്‍, ഏറ്റവും അവസാനം നാട്ടില്‍ പോകുമ്പോള്‍ കൊണ്ടുപോകാവുന്ന സ്വര്‍ണ്ണത്തിന്റെ അളവ്‌ മൂലം വന്ന ബുദ്ധിമുട്ടുകള്‍ ഇവയിലൊക്കെ ശക്തമായ പ്രതിഷേധവുമായി ഫോമ നിലകൊണ്ടു.

മൂത്തൂറ്റ്‌ ഹോസ്‌പിറ്റലുമായി ചേര്‍ന്ന്‌ ചിറ്റാര്‍ എന്ന ഗ്രാമത്തില്‍ നടത്തിയ ഏകദിന മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറിലേറെ രോഗികള്‍ പങ്കെടുത്തപ്പോള്‍ മറ്റൊരു വിജയകരമായ സാമൂഹിക സേവന പദ്ധതിയാണ്‌ ഫോമ ആവിഷ്‌കരിച്ചത്‌. ദേശീയ സംഘടനകള്‍ കണ്‍വെന്‍ഷന്‍ സംഘടനകളാണെന്ന പൊതുവെയുള്ള വിശ്വാസത്തിന്‌ മാറ്റം വരുത്താന്‍ കഴിഞ്ഞുവെന്നത്‌ ഒരു വലിയ നേട്ടമായി ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ വിലയിരുത്തുന്നു. കണ്‍വെന്‍ഷന്‌ ഒരാഴ്‌ചമുമ്പ്‌ ഏകദിന സാഹിത്യ ശില്‍പശാല നടത്തിയത്‌ ഇതിനുള്ള ഉദാഹരണം തന്നെയാണെന്ന്‌ ഷാജി എഡ്വേര്‍ഡ്‌ പറഞ്ഞു.

പുതുമകളിലൂടെ സഞ്ചരിച്ച 2010-12 കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ കൊട്ടിക്കലാശം എന്നു പറയാവുന്ന `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യും മറ്റൊരു പുതുമയാര്‍ന്ന സാഹസിക സംരംഭം തന്നെയാണെന്ന്‌ ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി പറഞ്ഞു. ഇതുവരെ മറ്റൊരു ഇന്ത്യന്‍ സംഘടനയും കൈവെയ്‌ക്കുവാന്‍ തയാറാവാത്ത ഒരു നൂതന ആശയം- അതിന്‌ അമേരിക്കന്‍ മലയാളികള്‍ നല്‍കിയ അംഗീകാരം, അതാണ്‌ ആയിരത്തിലേറെ വ്യക്തികള്‍ കണ്‍വെന്‍ഷന്‌ രജിസ്റ്റര്‍ ചെയ്‌തതെന്ന്‌ സ്റ്റാന്‍ലി വിലയിരുത്തുന്നു.

തങ്ങള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയ ഒട്ടനവധി പദ്ധതികളും, അതിന്‌ ജനങ്ങള്‍ നല്‍കിയ അംഗീകാരവുമാണ്‌ , കണ്‍വെന്‍ഷനെ നിറഞ്ഞ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിഞ്ഞതെന്ന്‌ ജോയിന്റ്‌ സെക്രട്ടറിയും കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ദേശീയ പ്രസിഡന്റുമായ ആനന്ദന്‍ നിരവേല്‍ പറഞ്ഞു. കേരളാ കണ്‍വെന്‍ഷന്റെ വന്‍ വിജയത്തോടെ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന ഫോമയാണെന്ന്‌ കേരളവും അംഗീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി വയലാര്‍ രവി, തുടങ്ങി കേരള രാഷ്‌ട്രീയം ഒന്നാകെ ജനുവരി 14-ന്‌ കോട്ടയത്ത്‌ നടന്ന കേരളാ കണ്‍വെന്‍ഷന്‌ എത്തിയത്‌ ഇതിന്റെ തെളിവാണെന്ന്‌ ആനന്ദന്‍ നിരവേല്‍ പറഞ്ഞു.

ഓഗസ്റ്റ്‌ 1-ന്‌ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യ്‌ക്ക്‌ തിരിതെളിയുമ്പോള്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, അംബാസിഡര്‍ നിരുപമ റാവു, അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള, സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉപദേഷ്‌ടാവ്‌ മിഥുല്‍ ദേശായി, മുന്‍മന്ത്രി മോന്‍സ്‌ ജോസഫ്‌, എം.മുരളി, ടി.പി. ശ്രീനിവാസന്‍, എം.വി. പിള്ള, ബാബു പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കുമെന്ന്‌ ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ മാരേട്ട്‌ പറഞ്ഞു.
പുതുമ തേടിയ സാഹസികര്‍ ആത്മവിശ്വാസത്തോടെ ക്രൂയിസ്‌ കണ്‍വെന്‍ഷനിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക