കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ്
അസോസിയേഷന്റെ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. സീറ്റുകള്‍ സര്‍ക്കാര്‍
ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാനേജ്മെന്റ് സീറ്റിലും
സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തണമെന്നും
നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്ന 10 കോളജുകളിലെ
പ്രവേശനത്തെയാണ് വിധി ബാധിക്കുക.
സുപ്രീംകോടതിയാണ് മാനേജ്മെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി
നല്‍കിയത്. എന്നാല്‍ മുഹമ്മദ് കമ്മറ്റിയുടെ മേല്‍നോട്ടമില്ലാതെ പരീക്ഷ
നടത്തിയതിനെതിരേ കോഴിക്കോട് സ്വദേശിനിയായ ആമിന നെഹ്ന എന്ന വിദ്യാര്‍ഥിനി
നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. മേല്നോട്ടാധികാരി ഇല്ലാതെ
പ്രവേശന പരീക്ഷ നടത്തിയതിന് മാനേജ്മെന്റുകള്‍ അഞ്ചു ലക്ഷം രൂപ പിഴ
നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷ സുതാര്യമായിരുന്നില്ലെന്നും
കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരിക്ക് കോടതിച്ചെലവായി 25,000 രൂപ മാനേജ്മെന്റ് നല്‍കാനും കോടതി
വിധിച്ചു.
അതേസമയം പരീക്ഷ സുതാര്യമായിരുന്നെന്ന് സ്വാശ്രയ മെഡിക്കല്‍
മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. കോടതി
വിധിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് യോഗം
ചേരുമെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.