കെ.എച്ച്‌.എന്‍.എ നാഷണല്‍ സ്‌പെല്ലിംഗ്‌ ബി മത്സരം ജൂലൈ രണ്ടിന്‌ വാഷിംഗ്‌ടണില്‍

Published on 21 May, 2011
കെ.എച്ച്‌.എന്‍.എ നാഷണല്‍ സ്‌പെല്ലിംഗ്‌ ബി മത്സരം ജൂലൈ രണ്ടിന്‌ വാഷിംഗ്‌ടണില്‍
ജോയിച്ചന്‍ പുതുക്കുളം
വാഷിംഗ്‌ടണ്‍ ഡി.സി: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ബയനിയല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ നാഷണല്‍ ലെവല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എം.ജി. മേനോന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.എച്ച്‌.എന്‍.എ പ്രതിനിധികളായ റെനില്‍ രാധാകൃഷ്‌ണന്‍, ഷിബുകുമാര്‍ ദിവാകരന്‍, ഡോ. നീനാകുമാര്‍, സുനില്‍ നായര്‍, ശ്രീകുമാര്‍ ബാബു, സ്‌മിത ഹരിദാസ്‌, അജിത്‌ കുമാര്‍നായര്‍, രേവതി രവി, ഗണേഷ്‌ നായര്‍ എന്നിവരെ വിവിധ ചുമതലകള്‍ പ്രസിഡന്റ്‌ എം.ജി മേനോന്‍ ഏല്‍പിക്കുകയുണ്ടായി.

2011 ജൂലൈ രണ്ടിനാണ്‌ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്‌. ഒന്നാംസ്ഥാനത്ത്‌ എത്തുന്ന മത്സരാര്‍ത്ഥിക്ക്‌ 3,000 ഡോളര്‍ സമ്മാനത്തുകയായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക്‌ യഥാക്രമം 1,500, 750 ഡോളര്‍ പ്രോത്സാഹന സമ്മാനം ലഭിക്കുമെന്ന്‌ പ്രസിഡന്റ്‌ എം.ജി മേനോന്‍ അറിയിച്ചു. കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷനുകളുടെ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചുവരുന്ന റെനില്‍ രാധാകൃഷ്‌ണന്‍, ഷിബു കുമാര്‍ ദിവാകരന്‍, സുനില്‍ നായര്‍, ശ്രീകുമാര്‍ ബാബു, ഡോ. നീനാകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാഥമിക റൗണ്ട്‌ മത്സരങ്ങള്‍ ജൂലൈ രണ്ടിന്‌ ശനിയാഴ്‌ച രാവിലെ 10 മുതല്‍ 11.30 വരെ നടക്കുന്നതാണ്‌. ഫൈനല്‍ റൗണ്ട്‌ മത്സരങ്ങളും ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30-മുതല്‍ ആരംഭിക്കുന്നതായിരിക്കുമെന്ന്‌ സ്‌പെല്ലിംഗ്‌ബീ ഡയറക്‌ടര്‍കൂടിയായ അജിത്‌ കുമാര്‍ അറിയിച്ചു.

ജൂണ്‍ 15-നകം മത്സരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്‌. പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍മാര്‍ഗ്ഗമോ ഇമെയില്‍ ആയോ, വെബ്‌സൈറ്റ്‌ വഴിയോ അയയ്‌ക്കാവുന്നതാണ്‌. അപേക്ഷാഫോമിനും, സ്റ്റഡി ലിസ്‌റ്റിനുമായി നാഷണല്‍ സ്‌പെല്ലിംഗ്‌ബീ ഡയറക്‌ടേഴ്‌സായ രേവതി രവി, സ്‌മിതാ ഹരിദാസ്‌ എന്നിവരുമായി khnaspellingbee@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.

വളര്‍ന്നുവരുന്ന പുതിയ തലമുറയ്‌ക്ക്‌ പ്രോത്സാഹനം നല്‍കുവാന്‍ ഉതകുന്ന ഈ സംരംഭം ഒരു വിജയമാക്കിത്തീര്‍ക്കണമെന്ന്‌ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ എം.ജി. മേനോന്‍, നാഷണല്‍ സ്‌പെല്ലിംഗ്‌ബി അഡൈ്വസര്‍ ഡോ. നീനാകുമാര്‍, സ്‌പെല്ലിംഗ്‌ബീ നാഷണല്‍ ചെയര്‍മാന്‍ ബിനില്‍ രാധാകൃഷ്‌ണന്‍ എന്നിവര്‍ ചടങ്ങില്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന പരശതം ജനാവലിക്കുമുന്നില്‍ നടക്കുന്ന മത്സരത്തിന്റെ നേതൃത്വം വഹിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വരുംവര്‍ഷങ്ങളില്‍ കെ.എച്ച്‌.എന്‍.എയുടെ എല്ലാ റീജിയനുകളിലും സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ നടത്തുമെന്നും നാഷണല്‍ സ്‌പെല്ലിംഗ്‌ബീ വൈസ്‌ ചെയര്‍മാന്‍ ഷിബു ദിവാകരനും, നാഷണല്‍ കണ്‍വീനര്‍ സുനില്‍ നായര്‍, ശ്രീകുമാര്‍ ബാബു എന്നിവര്‍ നടത്തിയ ആശംസാ പ്രസംഗത്തില്‍ പ്രസ്‌താവിക്കുകയുണ്ടായി. കെ.എച്ച്‌.എന്‍.എ ജോയിന്റ്‌ ട്രഷറര്‍ ഗണേഷ്‌ നായര്‍ നന്ദി പ്രകാശനം നടത്തി. കെ.എച്ച്‌.എന്‍.എ വെബ്‌സൈറ്റ്‌: www.namaha.org ഗണേഷ്‌ നായര്‍ അറിയിച്ചതാണിത്‌
കെ.എച്ച്‌.എന്‍.എ നാഷണല്‍ സ്‌പെല്ലിംഗ്‌ ബി മത്സരം ജൂലൈ രണ്ടിന്‌ വാഷിംഗ്‌ടണില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക