ഫാ. ജോയി ആലപ്പാട്ട്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായി ചുമതലയേറ്റു

ജോയിച്ചന്‍ പുതുക്കുളം Published on 09 September, 2011
ഫാ. ജോയി ആലപ്പാട്ട്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായി ചുമതലയേറ്റു
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ പുതിയ വികാരിയായി ഫാ. ജോയി ആലപ്പാട്ട്‌ ചുമതലയേറ്റു. കഴിഞ്ഞ പത്തുവര്‍ഷമായി ഇടവകയെ സമര്‍ത്ഥമായി നയിച്ചുകൊണ്ടിരുന്ന ഫാ. ആന്റണി തുണ്ടത്തില്‍ രൂപതയുടെ വികാരി ജനറാളായി സ്ഥലംമാറിയതിനെ തുടര്‍ന്നാണ്‌ ഫാ. ജോയി ആലപ്പാട്ട്‌ കത്തീഡ്രല്‍ വികാരിയായി നിയമിതനായത്‌.

ഓഗസ്റ്റ്‌ 21-ന്‌ ഞായറാഴ്‌ച രാവിലെ ന്യൂജേഴ്‌സിയിലെ തന്റെ മുന്‍ പ്രവര്‍ത്തന രംഗങ്ങളായ ഗാര്‍ഫീല്‍ഡ്‌, സ്റ്റാറ്റന്‍ഐലന്റ്‌ എന്നീ സീറോ മലബാര്‍ മിഷന്‍ സെന്ററുകളില്‍ നിന്നും, അത്മായ നേതാക്കളായ ഫ്രാന്‍സീസ്‌ പള്ളുപേട്ട, ജോയി ചാക്കപ്പന്‍, തോമസ്‌ പാലത്തറ, പോള്‍ പ്ലാത്തോട്ടം, തോമസ്‌ ആന്‍ഡ്‌ മരിയ തോട്ടുകടവില്‍, ദേവസി പാലാട്ടി, റ്റോം തോമസ്‌ പൂഞ്ചോല എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതില്‍ അധികം പേരുമായി കത്തീഡ്രല്‍ പള്ളിയിലെത്തിയ ജോയി ആലപ്പാട്ട്‌ അച്ചനെ ഇടവക സമൂഹം സ്‌നേഹോഷ്‌മളമായി സ്വീകരിച്ചു.

തുടര്‍ന്ന്‌ 11 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ ജോയി അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ദിവ്യബലിക്കുമുമ്പ്‌ നിയുക്ത വികാരി ഫാ. ജോയി ആലപ്പാട്ടിനെ മോണ്‍സിഞ്ഞോര്‍ ആന്റണി തുണ്ടത്തില്‍ ഇടവകയിലേക്ക്‌ സ്വാഗതം ചെയ്യുകയും വിശ്വാസി സമൂഹത്തിന്‌ പരിചയപ്പെടുത്തുകയും ചെയ്‌തു. ജോയി അച്ചന്‍ കുര്‍ബാന മധ്യേ വചനസന്ദേശം നല്‌കുകയും, തനിക്ക്‌ നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിന്‌ നന്ദി പറയുകയും ചെയ്‌തു.

ഒന്നര പതിറ്റാണ്ടിനുമുമ്പ്‌ ന്യൂമില്‍ഫോര്‍ഡിലുള്ള അസന്‍ഷന്‍ പള്ളിയില്‍ അസോസിയേറ്റ്‌ പാസ്റ്ററായി സ്ഥാനമേറ്റതു മുതല്‍ വടക്കന്‍ ന്യൂജേഴ്‌സിയിലെ മലയാളി സമൂഹത്തിന്റെ ഭാഗമായിരുന്നു ജോയി അച്ചന്‍. 2004-ല്‍ ഔദ്യോഗികമായി നിലവില്‍ വന്ന ഗാര്‍ഫീല്‍ഡിലെ വ്യാകുലമാതാവിന്റെ നാമഥേയത്തിലുള്ള പള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ പ്രഥമ വികാരി എന്നതിനുപുറമെ, ന്യൂവാര്‍ക്ക്‌ അതിരൂപതയുടെ കീഴിലുള്ള ഈ ദേവാലയത്തിന്റെ പാസ്റ്ററും, സീറോ മലബാര്‍ മിഷന്റെ ഡയറക്‌ടര്‍ എന്ന നിലയിലും, സ്റ്റാറ്റന്‍ഐലന്റിലെ ബ്ലസ്‌ഡ്‌ കുഞ്ഞച്ചന്‍ സീറോ മലബാര്‍ കത്തോലിക്കാ മിഷന്റെ വികാരിയായും സേവനം അനുഷ്‌ഠിച്ചിരുന്നു. കൂടാതെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വടക്കുകിഴക്കന്‍ മേഖലയുടെ കോര്‍ഡിനേറ്ററായും, ന്യൂജേഴ്‌സി എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര, ആലപ്പാട്ട്‌ വര്‍ഗീസ്‌- റോസി ദമ്പതികളുടെ അഞ്ചുമക്കളില്‍ രണ്ടാമനായി 1956- സെപ്‌റ്റംബര്‍ 27-ന്‌ ജനിച്ച ജോയി ആലപ്പാട്ട്‌, സെന്റ്‌ ജോര്‍ജ്‌ കാത്തലിക്‌ സ്‌കൂള്‍, പുത്തന്‍പള്ളി, വരാപ്പുഴ, പി.വി.എസ്‌ ഹൈസ്‌കൂള്‍ പറപ്പൂക്കര എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോയി ആലപ്പാട്ട്‌, 1972-ല്‍ തൃശൂര്‍ സെന്റ്‌ മേരീസ്‌ മൈനര്‍ സെമിനാരിയില്‍ വൈദീക പഠനത്തിനായി ചേര്‍ന്നു.

1975-ല്‍ സെന്റ്‌ തോമസ്‌ കോളജ്‌ തൃശൂരില്‍ നിന്നും ഗ്രാഡ്വേറ്റ്‌ ചെയ്‌ത ജോയി ആലപ്പാട്ട്‌, 1981-ല്‍ കോട്ടയം സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ സെമിനാരിയില്‍ നിന്നും ഫിലോസഫിയിലും, തിയോളജിയിലും ബിരുദം നേടി.

1981-ല്‍ ജോയി ആലപ്പാട്ട്‌ ഇരിഞ്ഞാലക്കുട രൂപതയ്‌ക്കുവേണ്ടി മോസ്റ്റ്‌ റവ. ജയിംസ്‌ പഴയാറ്റില്‍ പിതാവില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ചു.

1987-ല്‍ ഫാ. ജോയി ആലപ്പാട്ട്‌ തിയോളജിയില്‍ മാസ്റ്റേഴ്‌സ്‌ ഡിഗ്രി (M.Th) കരസ്ഥമാക്കി.

വൈദീക പട്ടം സ്വീകരിച്ച ജോയി അച്ചന്‍ ഇരിഞ്ഞാലക്കുട രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം അനുഷ്‌ഠിച്ചതിനുശേഷം 1987-ല്‍ തമിഴ്‌നാട്ടിലെത്തി അവിടുത്തെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി ആറു വര്‍ഷക്കാലം പ്രവര്‍ത്തിച്ചു.

1990-ല്‍ അദ്ദേഹം ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ മാസ്റ്റേഴ്‌സ്‌ ഡിഗ്രി കരസ്ഥമാക്കി.

1994 ഒക്‌ടോബര്‍ മാസം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തിയ ഫാ. ജോയി ആലപ്പാട്ട്‌ വിവിധ മണ്‌ഡലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചതിനുശേഷം, ഷിക്കാഗോ സീറോ മലബാര്‍ സമൂഹത്തിനുവേണ്ടി ഇപ്പോള്‍ സേവനമാരംഭിച്ചിരിക്കുന്നു.

നല്ലൊരു ഗായകനും, സംഘാടകനുമായ ഫാ. ജോയി ആലപ്പാട്ട്‌, കമ്യൂണിറ്റിയുടെ വളര്‍ച്ചയ്‌ക്കുവേണ്ടിയും, സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും നിരവധി സംഘടനകള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും രൂപംനല്‍കിയിട്ടുണ്ട്‌.

സൗമ്യതയും, ശാന്തതയും കലര്‍ന്ന തന്റെ സ്വതസിദ്ധമായ നേതൃത്വശൈലി കൈമുതലായുള്ള ഈ വൈദീകശ്രേഷ്‌ഠന്റെ മഹത്തായ നേതൃത്വം, സീറോ മലബാര്‍ സഭയുടെ അഭിമാനമായി വിരാജിക്കുന്ന ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവകയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.
ഫാ. ജോയി ആലപ്പാട്ട്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായി ചുമതലയേറ്റു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക