ചിരവത്തറ വെരി റവ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ (66)

Published on 21 March, 2024
ചിരവത്തറ വെരി റവ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ (66)

മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സഹവികാരി  ചിരവത്തറ വെരി റവ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ (66) കർത്താവിൽ നിദ്ര പ്രാചിച്ചു. ഭൗതികശരീരം വ്യാഴം വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരും. വെള്ളി രാവിലെ 11 മണിക്ക് ഭവനത്തിൽ പ്രാർത്ഥനയെ തുടർന്ന് സംസ്കാര ശുശ്രൂഷകൾ മണർകാട്സെൻ്റ് മേരിസ് യാക്കോബായ കത്തീഡ്രലിൽ (താഴത്തെ പള്ളിയിൽ)
നടക്കും.

പാറമ്പുഴ ചിരവത്തറ ഈപ്പന്റെയും അച്ചാമ്മയുടെയും പുത്രനായി 1958 നവംബർ അഞ്ചിന് ജനനം. കേരള സർവകലാശാലയിൽനിന്നും ബികോം ബിരുദം നേടി. മലേക്കുരിശ് സെൻറ് ജെയിംസ് തിയോളജിക്കൽ സെമിനാരിയിൽനിന്നു വൈദിക പഠനം പൂർത്തിയാക്കി.  ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽനിന്നും 1984 ജനുവരി 22ന് കോറൂയോ സ്ഥാനവും  യാക്കൂബ് മാർ തിമോത്തിയോസ് തിരുമേനിയിൽനിന്ന് 1985 മാർച്ച് 17ന് യൗഫതിയാക്നോ സ്ഥാനവും ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽനിന്ന് 1987 ജൂലൈ മൂന്നിന് ശെമ്മാശ സ്ഥാനവും 1987 സെപ്റ്റംബർ 17ന് കശീശാപട്ടവും സ്വീകരിച്ചു.
അന്ത്യോഖ്യ പാത്രിയാർക്കീസ്  മോർ ഇഗ്നാത്തിയോസ് തിരുമനസ്സുകൊണ്ട് കൽപ്പിച്ച അനുവദിച്ച് മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനം മെത്രാപ്പോലീത്ത  തോമസ് മോർ തീമോത്തിയോസ് തിരുമേനിയിൽനിന്നും 2021 ജനുവരി 9 ഞായറാഴ്ച മണർകാട് സെൻ്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വെച്ച് കോറപ്പിസ്കോപ്പ സ്ഥാനം സ്വീകരിച്ചു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി  മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സഹവികാരിയായി സേവനമനുഷ്ഠിക്കുന്നു. സെൻ്റ് മേരിസ് കത്തീഡ്രൽ പ്രോഗ്രാം കോ ഓർഡിനേറ്റർ, സെൻ്റ് മേരിസ് ഐടിസി മാനേജർ, തിരുവഞ്ചൂർ വൈഎംസിഎയുടെയും നാലു മണിക്കാറ്റ് വഴിയോര വിനോദസഞ്ചാര കേന്ദ്രത്തിൻ്റെയും രക്ഷാധികാരി, ഒന്നര പതിറ്റാണ്ടോളം പള്ളിയിലെ വി. മർത്തമറിയം വനിതാസമാജത്തിൻ്റെ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
മണർകാട് സെൻ്റ് മേരീസ്  കോളജ്, ഹോസ്പിറ്റൽ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ അടക്കം എല്ലാ സ്ഥാപനങ്ങളുടെയും മാനേജർ, ആത്മീയ സംഘടനകളുടെ ഭാരവാഹി, സഭാ കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, ഹെയിൽമേരി ലീഗ് കോട്ടയം ഭദ്രാസന വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും  പ്രവർത്തിച്ചിരുന്നു.
മലേകുരിശ് സെൻറ് ജെയിംസ് സെമിനാരി പ്രിൻസിപ്പൽ  യാക്കോബ് മോർ തിമോത്തിയോസ് തിരുമേനിയുടെ സെക്രട്ടറി, മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ കോട്ടയം ഭദ്രാസന ഡയറക്ടറും മണർകാട് ഡിസ്ട്രിക്ട് ഇൻസ്പെക്ടറും, യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, വി മർത്തമറിയം സമാജം വൈസ് പ്രസിഡന്റ്, തിയോളജിക്കൽ സെമിനാരി ഓഡിറ്റർ, മഞ്ഞനിക്കര തീർത്ഥാടക സംഘത്തിൻറെ കിഴക്കൻ സോൺ കോ ഓർഡിനേറ്റർ, തിരുവഞ്ചൂർ സെൻറ് മേരീസ് സൺഡേ സ്കൂൾ അധ്യാപകനും ഹെഡ്മാസ്റ്ററും, സിറിയൻ യാക്കോബായ വിബിഎസിന്റെ ഭദ്രാസന ഡിസ്ട്രിക്ട് കൺവീനറും കോ ഓർഡിനേറ്ററും ഇങ്ങനെ വിവിധ ആധ്യാത്മിക കർമ്മ രംഗങ്ങളിലും പ്രവർത്തിച്ചു.

യാക്കോബായ സഭയുടെ തിരുവനന്തപുരം സെൻ പീറ്റേഴ്സ്, ചീന്തലാർ സെൻ്റ് മേരിസ്, പുതുപ്പള്ളി സെൻറ് ജോർജ്ജ് (യാക്കോബായ) പള്ളി, പേരൂർ സെൻറ്  ഇഗ്നാത്തിയോസ്, കുറിച്ചി സെൻ്റ് മേരീസ് , വടവാതൂർ മോർ അപ്രേം, ഈസ്റ്റ് പാമ്പാടി സെൻ്റ് മേരിസ്, തിരുവഞ്ചൂർ സെൻറ് മേരീസ്, നീലിമംഗലം സെൻ്റ് മേരിസ് എന്നീ പള്ളികളിൽ വികാരിയായും മാങ്ങാനം സെൻ്റ് മേരിസ്, കോട്ടയം സെൻറ് ജോസഫ് കത്തീഡ്രൽ, കുമളി സെൻ്റ് മേരീസ്, മീനടം സെൻ്റ് ജോർജ്ജ്, അരിപ്പറമ്പ് സെൻ്റ് മേരിസ്, മീനടം സെന്റ് മേരീസ് ബേതലഹേം പള്ളി, ഉള്ളായം സെൻ്റ് ജോർജ്ജ്, മീനടം സെൻ്റ് ജോൺസ്, തിരുവാർപ്പ് മർത്തശ്മുനി എന്നീ ദേവാലയങ്ങളിൽ സഹവികാരിയായും പ്രവർത്തിച്ചു.

പാത്രിയാർക്കീസ് ബാവയുടെ  സ്ഥാനാരോഹണത്തിന്റെ 29 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദമാസ്കസിലെ ആസ്ഥാനമന്ദിരത്തിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ സിറിയയും 2008 മുതൽ ആണ്ടുതോറും സംഘടിപ്പിച്ചു വരുന്ന വിശുദ്ധനാട് സന്ദർശന പരിപാടികളുടെ സംഘാടകനായി സിറിയ, യോർദ്ദാൻ , ഇസ്രായേൽ, ഈജിപ്ത് അടക്കം വിവിധ മധ്യപൂർവേഷ്യൻ രാജ്യങ്ങളും സന്ദർശിച്ചു.
 
ഭാര്യ : തിരുവഞ്ചൂർ കാക്കനാട് കുര്യന്റെയും മറിയാമ്മയുടെയും മകൾ സാലമ്മ ആൻഡ്രൂസ്.

മക്കൾ: നിതിൻ ഈപ്പൻ ആൻഡ്രൂസ് (സോഫ്റ്റ്‌വെയർ എൻജിനീയർ, യു എസ് എ), ഡോ ജിതിൻ കുര്യൻ ആൻഡ്രൂസ് (മണർകാട് സെൻ്റ് മേരീസ് കത്തിഡ്രൽ ട്രസ്റ്റി, സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാത്താമുട്ടം)

മരുമക്കൾ: തിരുവഞ്ചൂർ മുക്കാലിത്തറയിൽ ജാക്സിൻ സാറാ ഈപ്പൻ (യുഎസ്എ), തിരുവഞ്ചൂർ വേങ്കടത്ത് എസ്സാ മറിയം ജോസഫ് (സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാത്താമുട്ടം)

https://www.youtube.com/live/njZ6WXV7zhk?si=1yNoI_Os3nFM7kuC
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക