Image

ഹൈഫയില്‍ നേരിട്ട് പതിച്ച് ഹിസ്ബുല്ല റോക്കറ്റുകള്‍; 10 പേര്‍ക്ക് പരിക്ക്; അമ്പരന്ന് ഇസ്രായേല്‍

Published on 07 October, 2024
 ഹൈഫയില്‍ നേരിട്ട് പതിച്ച് ഹിസ്ബുല്ല റോക്കറ്റുകള്‍; 10 പേര്‍ക്ക് പരിക്ക്; അമ്പരന്ന് ഇസ്രായേല്‍

തെല്‍അവീവ്: ഇസ്രായേല്‍ തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ല റോക്കറ്റ് വര്‍ഷം. ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.  വടക്കന്‍ ഇസ്രായേലില്‍ റോക്കറ്റാക്രമണം നടത്തുന്ന ഹിസ്ബുല്ല, ആദ്യമായാണ് ഹൈഫ നഗരത്തെ ലക്ഷ്യമിടുന്നത്.

ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമുകളും വ്യോമ പ്രതിരോധ സംവിധാനവും ഹിസ്ബുല്ലയുടെ റോക്കറ്റുകള്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. റോക്കറ്റുകള്‍ പതിക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള വാണിങ് സൈറണുകളൊന്നും മുഴങ്ങിയില്ല. ആക്രമണത്തില്‍ കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു.

അഞ്ചു റോക്കറ്റുകളാണ് ഹൈഫ നഗരത്തില്‍ പതിച്ചത്. റോക്കറ്റുകളെ പ്രതിരോധിക്കുന്നതില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടതിനെക്കുറിച്ച് ഇസ്രായേല്‍ പ്രതിരോധ സേന അന്വേഷണം പ്രഖ്യാപിച്ചു. റോക്കറ്റ് വര്‍ഷത്തോടൊപ്പം അയേണ്‍ ഡോം പ്രതിരോധ സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതായാണ് സംശയം.

ഇന്ന് പുലര്‍ച്ചെയും ഇസ്രായേലിന് നേര്‍ക്ക് ഹിസ്ബുല്ല ആക്രമണം നടത്തി. വടക്കന്‍ ഇസ്രായലിലെ കര്‍മിയേല്‍ നഗരത്തിലാണ് റോക്കറ്റ് വര്‍ഷം. കര്‍മിയേലിലും അപ്പര്‍ ഗലീലിയിലും അപകട സൈറണുകള്‍ മുഴങ്ങി. 15 റോക്കറ്റുകളാണ് അപ്പര്‍ ഗലീലിയില്‍ പതിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഫാര്‍ വാദിമില്‍ റോക്കറ്റുകള്‍ പതിച്ച് നിരവധി കാറുകള്‍ അഗ്‌നിക്കിരയായി.


തെക്കന്‍ ഇസ്രായേലില്‍ ഖസ്സാം ബ്രിഗേഡ് ആക്രമണം
തെക്കന്‍ ഇസ്രായേലില്‍ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് റോക്കറ്റാക്രമണം നടത്തി. അല്‍ ഔദ, ഹോലിത്, കറം അബൂ സാലെ തുടങ്ങിയ ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്കും റേഡിയം റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

അതേസമം, ഇസ്രായേലിന് നേര്‍ക്ക് കൂടുതല്‍ ആക്രമണം നടത്താനുള്ള ഹമാസിന്റെ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം എക്സില്‍ അറിയിച്ചു. ഹമാസ് റോക്കറ്റ് ലോഞ്ചറുകളും തുരങ്കങ്ങളും ബോംബിട്ട് തകര്‍ത്തതായാണ് സൈന്യത്തിന്റെ അവകാശവാദം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക