ദോഹ: മികച്ച ഡിജിറ്റൽ ട്രാൻസ്ഫോർമേഷനുള്ള ഖത്തറിലെ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ (MCIT) അവാർഡ് വെൽകിൻസ് മെഡിക്കൽ സെന്ററിന് ലഭിച്ചു. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകുന്ന ഖത്തറിലെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മിനിസ്ട്രി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൽകി വരുന്ന ഖത്തർ ഡിജിറ്റൽ ബിസിനസ്സ് അവാർഡിൽ (QDBA) "ചെറുകിട ഇടത്തരം സംരംഭങ്ങളിലെ മികച്ച ഡിജിറ്റൽ ട്രാൻഫോർമേഷൻ" എന്ന വിഭാഗത്തിലെ പുരസ്‌കാരമാണ് വെൽകിൻസ് മെഡിക്കൽ സെന്റർ കരസ്ഥമാക്കിയത്.
ദോഹ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ഖത്തർ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയായ HE. മുഹമ്മദ് ബിൻ അലി അൽ-മന്നായിൽ നിന്നും വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സമീർ മൂപ്പൻ, ഡയറക്ടർ ഖലീൽ മൻസൂർ അൽ-ഷഹ്വാനി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിഖിൽ ജോസഫ് എന്നിവരോടൊപ്പം ഈ പുരസ്കാരം ഏറ്റുവാങ്ങി.
മിനിസ്ട്രിയിൽ നിന്നും ഇത്തരത്തിലൊരു പുരസ്‌കാരം ലഭിച്ചതിലും നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടുകൂടി പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യസംരക്ഷണം നൽകാൻ സാധിച്ചതിലും ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഡോ. സമീർ മൂപ്പൻ പറഞ്ഞു. വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ ഹെൽത്ത് ലോക്കറിലൂടെ ആളുകൾക്ക് വളരെ എളുപ്പത്തിൽ ലോകത്തിൽ എവിടെ നിന്നും തങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞൊടിയിടയിൽ അറിയാൻ സാധിക്കും. ഒപ്പം ഏറെ നൂതന സൗകര്യങ്ങളോടെ സ്വന്തമായി വികസിപ്പിച്ചെടുത്ത പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ സെന്ററിന്റെ ദിവസേനയുള്ള പ്രവർത്തനങ്ങൾ കുറഞ്ഞ ചിലവിൽ ഏറെ കാര്യക്ഷമമായി നടത്താനും സാധിച്ചു. ഈ ഒരു സംവിധാനം ഒരുക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ച വെൽക്കിൻസിലെ മുഴുവൻ ജീവനക്കാരെയും വേണ്ട സാങ്കേതികസഹായവും നിർദ്ദേശങ്ങളും നൽകിയ അൽ-കിദ്മ സിസ്റ്റംസ്, പാർപ്പിൽഗ്രിഡ് Inc, ബ്ലൂആരോ, ടാലിബു കമ്യൂണിക്കേഷൻസ് തുടങ്ങിയ കമ്പനികളോടുള്ള നന്ദിയും ഈ അവസരത്തിൽ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾക്ക് വളരെ എളുപ്പത്തിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ശ്രദ്ധയൂന്നിക്കൊണ്ട് വികസിപ്പിച്ചെടുത്തതാണ് ഞങ്ങളുടെ ക്ലിനിക്കൽ ഇൻഫോർമേഷൻ സിസ്റ്റം. ഇത് ചികിത്സാവിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനോടൊപ്പം ഡാറ്റകളുടെ പ്രൈവസിയും കൃത്യതയും ഉറപ്പുവരുത്തുവാൻ പര്യാപ്‌തമാണ്. ഇവ രോഗികൾക്ക് മികച്ച അനുഭവം നൽകുന്നതോടൊപ്പം, ഖത്തറിലെ ആരോഗ്യപരിപാലന മേഖലയിൽ നവീകരണത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 'വെൽബി' എന്ന AI അധിഷ്ഠിത അസിസ്റ്റന്റിന്‍റെ സഹായത്തോടെ ആളുകൾക്ക് ഡോക്ടർ കൺസൾട്ടേഷൻ ബുക്കിംങ്ങിൽ നിന്ന് തുടങ്ങീ എളുപ്പത്തിൽ രെജിസ്ട്രേഷൻ പ്രോസസും എന്തിന് ഏറ്റവും ഒടുവിൽ ആവശ്യമായ മരുന്ന് വീട്ടിലെത്തിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ ഈ സിസ്റ്റത്തിലൂടെ ഏറെ ലളിതമാക്കുന്നുണ്ട്, ഇത് തന്നെയാണ് ഞങ്ങൾക്ക് ഈ ഒരു അവാർഡ് ലഭിക്കാൻ സഹായിച്ചതെന്നും വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ നിഖിൽ ജോസഫ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ദോഹ റമദാ സിഗ്നലിന് സമീപം വെസ്റ്റിൻ ഹോട്ടലിന് എതിർവശത്തായി സ്ഥിതിചെയ്യുന്ന വെൽകിൻസ് മെഡിക്കൽ സെന്ററിൽ ഇന്റെർണൽ മെഡിസിൻ, ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി & കോസ്‌മെറ്റോളജി, ഓഫ്‍താൽമോളജി, സൈക്കോളജി എന്നീ വിഭാഗങ്ങളിൽ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിലായി പതിനഞ്ചോളം ഡോക്ട്ടർമാരുടെ സേവനങ്ങളും ഒപ്പം റേഡിയോളജി, ലബോറട്ടറി, ഫാർമസി സർവീസുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.