Image

ഇടതുപക്ഷം വലതുപക്ഷവ്യതിയാനങ്ങളെ അതിജീവിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: ബിനോയ് വിശ്വം

Published on 08 December, 2024
ഇടതുപക്ഷം വലതുപക്ഷവ്യതിയാനങ്ങളെ അതിജീവിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: ബിനോയ് വിശ്വം

 

ദമ്മാം: ഇടതുപക്ഷത്തെ ഇടതുപക്ഷമാക്കുന്ന മൂല്യങ്ങളുടെ തകർച്ച ഇല്ലാതാക്കാൻ ജാഗ്രത പാലിയ്ക്കേണ്ടത് എല്ലാ ഇടതുപക്ഷക്കാരുടെയും കടമയാണ് എന്ന് സിപിഐ സംസ്ഥാന സെക്രെട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. നവയുഗം സാംസ്ക്കാരികവേദിയുടെ 2025 ലെ മെമ്പർഷിപ്പ് വിതരണോത്‌ഘാടനം നിർവ്വഹിയ്ക്കുന്ന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വലതുപക്ഷവും ഇടതുപക്ഷവും തമ്മിൽ യാതൊരു വ്യത്യാസവും എന്ന് വരുത്തി തീർക്കാൻ വ്യാപകമായ നുണപ്രചാരങ്ങൾ മാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും നടത്തുകയാണ് ഇടതുപക്ഷവിരോധികൾ. മാറുന്ന കാലത്തിന്റെ പുഴുക്കുത്തുകൾ ചില ഇടതുപക്ഷ പ്രവർത്തിയ്ക്കുന്നവരെയും ബാധിയ്ക്കാറുണ്ട് എന്നത് ബോധ്യമുണ്ട്. ഇടതുപക്ഷത്തിന് അത്തരം മൂല്യച്യുതികൾ സംഭവിയ്ക്കുമ്പോൾ എല്ലാം അത്തരം ചോർച്ചകൾ ചൂണ്ടിക്കാണിയ്ക്കുകയും, അതിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്യുക എന്നത് ഒരു യഥാർത്ഥ ഇടതുപക്ഷ പ്രവർത്തകന്റെ കടമയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷനായിരുന്നു. നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു. നവയുഗത്തിന്റെ 2025ലെ മെമ്പർഷിപ്പ് വിതരണം ബിനോയ് വിശ്വം ഉത്‌ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

സിപിഐ ദേശീയ കൗൺസിൽ അംഗവും, മുൻ എം.എൽ.എയുമായ സത്യൻ മൊകേരി, നവയുഗം രക്ഷാധികാരി ഷാജി മതിലകം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിയ്ക്കും യോഗത്തിൽ നവയുഗത്തിന്റെ വിവിധ മേഖല കമ്മിറ്റികളും ബഹുജന സംഘടനകളെയും പ്രതിനിധീകരിച്ചു ഷിബു കുമാർ, മഞ്ജു മണിക്കുട്ടൻ, പ്രിജി കൊല്ലം, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു വർക്കി, ശരണ്യ ഷിബു, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, ഷീബ സാജൻ, നന്ദകുമാർ, റിയാസ്, രാജൻ കായംകുളം എന്നിവർ സ്വീകരണം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക