ബഹുമാന്യ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി, അഭിവന്ദ്യ മെത്രാന്മാരായ മാര്‍
എടയന്ത്രത്ത്, മാര്‍ പുത്തൂര്‍, മാര്‍ പുതിയവീട്ടില്‍,
യേശുവില്‍ ഞങ്ങളുടെ
ജ്യേഷ്ഠസഹോദരന്മാരേ, നിങ്ങള്ക്ക്എളിയവരായ ഞങ്ങളുടെ സ്നേഹം നിറഞ്ഞ
അഭിവാദനങ്ങള്‍!
പതിറ്റാണ്ടുകളായിട്ട് അല്മായസംഘടനകളും നേതാക്കളും സീറോ
മലബാര്‍ സഭാനേതൃത്വവുമായി സഭാനവീകരണം സംബന്ധിച്ചുള്ള വിഷയങ്ങളില്‍
കൂടിയാലോചനക്കുള്ള വഴികള്‍ തിരക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിങ്ങളില്‍ നിന്ന്
ധാര്ഷ്ട്യഭാവേനയുള്ള നിസ്സംഗതയുടെയനുഭവം മാത്രമാണ് അവര്‍ക്കുണ്ടായിട്ടുള്ളത്.
ഇതുതന്നെയാണ് വിദേശങ്ങളിലുള്ള സഭാപൌരന്മാരുടെയുമനുഭവം. അല്മായര് എന്ന് നിങ്ങള്‍
വിളിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ദൈവജനത്തെ നിങ്ങള്‍ ഇങ്ങനെ അവഗണിക്കുന്നതിനു
പിന്നില്‍ അധികാരപ്രമത്തമായ സ്വാര്‍ത്ഥത മാത്രമാണ് കാരണമായിട്ടുള്ളത്.
സഭാകാര്യങ്ങളില്‍ ദൈവജനത്തിനുണ്ടായിരിക്കേണ്ട പങ്കാളിത്തത്തെപ്പറ്റി രണ്ടാം
വത്തിക്കാന്‍ രേഖകള്‍ ഉദ്ധരിച്ച് നിങ്ങള്‍ പ്രസംഗിക്കാറുണ്ട്. നിങ്ങള്‍
അല്മായവര്‍ഷം ആഘോഷിക്കുന്നു. എന്നാല്‍ സഭാപൌരന്മാരുടെ ന്യായമായ അവകാശങ്ങളെപ്പറ്റി
അവരുമായി തുറന്നുസംസാരിക്കാന്‍ നിങ്ങള്‍ക്ക് ഭയമാണ്.
ഏതാനും
ആഴ്ചകള്‍ക്ക് മുമ്പ്, ശ്രീ ജെയിംസ് കോട്ടൂര്‍ കര്‍ദിനാള്‍ ആലഞ്ചേരിയേയും
എറണാകുളത്ത് സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്തുള്ള മറ്റു മൂന്ന് മെത്രാന്മാരെയും
കണ്ടു സംസാരിക്കുകയും സഭാപൌരന്മാരില്‍ ചിലര്‍ തങ്ങളുടെ ആവലാതികള്‍
ഉള്‍പ്പെടുത്തിയെഴുതിയ കുറിപ്പുകള്‍ അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ബോസ്കോ പുത്തൂര്‍ മെത്രാന്റെ ഒരു ചെറിയ മറുപടിയൊഴിച്ച് മറ്റൊരു പ്രതികരണവും
അവരില്‍നിന്ന് ഉണ്ടായില്ല എന്നത് ഇതുവരെയുള്ള നിരാശതാജനകമായ അവഗണനശൈലിയുടെ
തുടര്‍ച്ചയായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. സഭയുടെ നന്മ മാത്രം ആഗ്രഹിക്കുന്ന
സഭാപൌരന്മാരുടെ നവീകരണപരമായ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍
നിങ്ങള്‍ക്കെന്താണിത്ര വൈമുഖ്യം?
സഭയെന്ന കുടുംബം നിലനില്ക്കണമെങ്കില്
അതിലെ അംഗങ്ങളെല്ലാം ഒരുമിച്ചു പ്രവര്‍ത്തിക്കണം. രണ്ടാം വത്തിക്കാന്റെ
നവീകരണോദ്യമങ്ങളെ അട്ടിമറിച്ചതില്‍ ലോകമെങ്ങുമുള്ള മെത്രാന്മാര്ക്ക്
പങ്കുണ്ടെങ്കിലും അവരുടെ മുന്‍പന്തിയിലായിരുന്നു കേരളത്തിലെ മെത്രാന്മാര്.
സത്യസന്ധതയോടെ ആ തെറ്റ് ഏറ്റെടുത്ത്, വീണ്ടുമൊരു തുടക്കമിടാന്‍ പോപ്
ഫ്രാന്‍സിസ് ഓരോ മെത്രാനെയുമെന്നപോലെ ഓരോ വിശ്വാസിയേയും ആഹ്വാനം ചെയ്യുന്നുണ്ട്.
ആ വിളിയെ എളിമയോടെ സ്വീകരിക്കുക മാത്രമേ നിങ്ങള്‍ക്കെഴുതുന്നതിലൂടെ കേരളത്തിലെയും
വിദേശത്തെയും ചിന്തിക്കുന്ന സഭാമക്കളായ ഞങ്ങള്‍ ചെയ്യുന്നുള്ളൂ. എന്നാല്‍
ഇക്കാര്യത്തില്‍ മെത്രാന്മാരായ നിങ്ങള്‍ കര്‍ശനമായ നിസ്സഹകരണം കാണിക്കുമ്പോള്‍,
ഫെബ്രുവരി 5 മുതല്‍ 12 വരെ പാലായില്‍ കൂടുന്ന നിങ്ങളുടെ സിനഡിന്റെ മുഖവാക്യമായി
പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'നവീകരിക്കപ്പെട്ട സഭ സമൂഹത്തെ നവീകരിക്കുന്നു' എന്ന
ആശയത്തിന് എന്ത് പ്രസക്തിയാണുള്ളത്? ഏതുള്‍ക്കാഴ്ചയുടെ ആവിഷ്ക്കാരമാണത്
എന്ന് ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. സഭയെപ്പറ്റിയുള്ള നിങ്ങളുടെ ധാരണയിലെ
കഴമ്പില്ലായ്മയാണ് ഈ മുഖവാക്യം വിളിച്ചുപറയുന്നത്. നവീകരിക്കപ്പെട്ട ഒരു സഭ
ഒരിക്കലുമില്ല, നിരന്തരം നവീകരിക്കപ്പെടേണ്ടതും സ്വയം
നവീകരിച്ചുകൊണ്ടിരിക്കുന്നതുമായ ദൈവജനം (Ecclesia semper reformanda = A church to
be renewed constantly) എന്നാണ് പണ്ടുതൊട്ടേ സഭ സ്വയം മനസ്സിലാക്കിയിട്ടുള്ളത്. ഈ
ആപ്തവാക്യമായിരുന്നു രണ്ടാം വത്തിക്കാന്റെ ജീവശ്വാസം. അത് ഇതുവരെ
ഉള്ളില്‍തട്ടാത്തതുകൊണ്ടാണ് യാതൊരു നവീകരണാശയത്തെയും സ്വാഗതം ചെയ്യാന്‍
നിങ്ങള്‍ക്കാകാത്തത്. ആദ്ധ്യാത്മീയത എന്തെന്നറിയാതെ, ക്രിസ്തു സന്ദേശത്തിന്റെ
അടിസ്ഥാനപാഠങ്ങള്‍ പോലും സ്വായത്തമാക്കാതെ എങ്ങനെ, ഏതു സമൂഹത്തെയാണ്, നിങ്ങളോ സഭയോ
നവീകരിക്കാന്‍ പോകുന്നത്?
അതുപോലെ തന്നെ, സഭയോടൊപ്പം ചിന്തിക്കുക
എന്നുവച്ചാല്‍, സഭയിലെ പുരോഹിതശ്രേണിയുടെ ചിന്താരീതികളുമായി സാധര്‍മ്യം പുലര്‍ത്തുക
എന്നല്ല എന്ന് നമ്മുടെ പാപ്പാതന്നെ പഴയ ധാരണകളെ തിരുത്തിക്കൊണ്ട് സഭാപൗരരെ
ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണല്ലോ, ആധുനിക ലോകത്ത് കുടുംബജീവിതത്തെ
അലട്ടുന്ന കാര്യങ്ങളെപ്പറ്റി (പുനര്‍വിവാഹം, സ്വലിംഗ, വിവാഹേതര ഒത്തുജീവിതം
തുടങ്ങിയ നവീന സ്ത്രീപുരുഷബന്ധങ്ങള്‍, ഇവിടെയൊക്കെ കൂദാശകളുടെ സ്ഥാനം എന്നതൊക്കെ
അതില്‍പ്പെടും) വിശ്വാസികളില്നിന്ന് ആശയങ്ങളും ആശങ്കകളും ചോദിച്ചറിഞ്ഞ് അവയെ ഒരു
പുതിയ പഠനത്തിനായി റോമായിലെത്തിക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ പോപ് ലോകമെങ്ങുമുള്ള
എല്ലാ മെത്രാന്മാരെയും ആഹ്വാനംചെയ്തത്. വത്തിക്കാനില്‍ വച്ച് അടുത്ത ഒക്ടോബറില്‍
മെത്രാന്മാരുടെ ഒരു സമിതി ഇതെപ്പറ്റി പഠിക്കുകയും അവരുടെ തീരുമാനങ്ങളും
നിര്‍ദ്ദേശങ്ങളും ആഗോളസഭക്ക് സമര്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റു
രാജ്യങ്ങളില്‍ ഈ പഠനം ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍
ഇക്കാര്യത്തില്‍ ഒന്നും ചെയ്തുതുടങ്ങിയിട്ടുപോലുമില്ലെന്നത് ലജ്ജാകരവും സ്വന്തം
കടമകളെപ്പറ്റിയുള്ള മനപ്പൂര്‍വമായ ഉപേക്ഷയുമാണ്. അവസാനം നിങ്ങളുടെ സ്വന്തം
മനസ്സിലിരുപ്പ് ജനങ്ങളുടേതായി റോമിലെത്തിക്കും. അതും ഇതുവരെ നിങ്ങള്‍ ശീലിച്ച
ധാര്‍ഷ്ട്യപരമായ ചതിയുടെ ഭാഗമാണ്. സഭ നവീകരിക്കപ്പെടണമെങ്കില്‍ പഴയവയെ പുതുതായി
വിലയിരുത്തണം, പുതിയ ആശയങ്ങള്‍ സമാഹരിക്കപ്പെടണം, അവയെപ്പറ്റി വിദഗ്ദ്ധപഠനം
നടത്തണം. അതൊന്നും നിങ്ങള്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ പെടുന്നില്ല എന്നാണു
ഞങ്ങള്‍ മനസ്സിലാക്കുന്നത്.
അതെന്തുതന്നെയായിരുന്നാലും, സാധാരണ
സംഭവിക്കാറുള്ളതുപോലെ, സ്വേശ്ഛാപരമായ ചൂഷണ, ഭരണ, തന്ത്രങ്ങളിലേയ്ക്ക് നിങ്ങളുടെ
ചര്‍ച്ചകള്‍ ഒതുങ്ങിപ്പോവില്ലെന്നും, അനുദിന സഭാജീവിതത്തെയും സാമുദായിക
ഇടപെടലുകളെയും അര്‍ത്ഥവത്തായി മെച്ചപ്പെടുത്തുന്ന കര്‍മ്മപരിപാടികളിലേയ്ക്ക്
നിങ്ങളുടെ വീക്ഷണങ്ങളും ചര്‍ച്ചകളും ഊര്‍ജ്ജസ്വലമാകുമെന്നും പ്രതീക്ഷിക്കാമോ
എന്നതിലേയ്ക്കാണ് സഭാപൗരന്മാര്‍ ഇത്തരുണത്തില്‍ ആശങ്കയോടെ ഉറ്റുനോക്കുന്നത്.
അതുണ്ടാകുന്നില്ലെങ്കില്‍ വത്തിക്കാന്‍ രണ്ടിന്റെ കാര്യത്തിലെന്നപോലെ,
ഭാരതമെത്രാന്മാര്‍ മലപോലെ വന്ന് എലിപോലെ ഒരു മാളത്തില്‍ നിന്ന്
വേറൊന്നിലേയ്ക്ക് കയറിപ്പോകുകമാത്രമായിരിക്കും ചെയ്യുന്നത്.
നമ്മുടെ
പൈതൃകമായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായ ഒരു നവീകരണം സീറോ മലബാര്‍
സഭയില്‍ ഇതുവരെ നടന്നിട്ടില്ല. പകരം, നമ്മുടെ സഭയെ അടിമുടി
പാശ്ചാത്യവല്‍ക്കരിക്കുന്ന കര്‍മ്മപരിപാടികള്‍ക്കാണ് നിങ്ങള്‍ മുന്‍തൂക്കം
കൊടുത്തുകൊണ്ടിരിക്കുന്നത്. നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗവും കാതലുമായിരുന്ന
പള്ളിയോഗങ്ങല്‍ നിങ്ങള്‍ നിറുത്തലാക്കിയില്ലേ? പാശ്ചാത്യരീതിയിലുള്ള, വികാരിയെ
ഉപദേശിക്കുകമാത്രം ചെയ്യാനുതകുന്ന, പാരിഷ് കൌണ്‍സില്‍ അതിനു
പകരമാകുന്നതെങ്ങനെ?
സീറോ മലബാര്‍ സഭയെ ഒരുവിധത്തിലും ബാധിക്കരുതാത്ത
പൌരസ്ത്യ കാനോന്‍ നിയമത്തിന്റെ മറവില്‍ നിങ്ങള്‍ സഭാപൌരന്മാരുടെ ആളോഹരിയി, സംഭാവന,
നേര്ച്ചകാഴ്ചകള് വഴി കുമിഞ്ഞുകൂടുന്ന പള്ളിസ്വത്തു മുഴുവന്‍ യഥേഷ്ടം കൈകാര്യം
ചെയ്യുകയാണ്. രൂപതകളുടെ നടത്തിപ്പില്‍, ഉദാഹരണത്തിന് ശബരിമലയിലെ വരുമാനത്തിന്റെ
കാര്യത്തിലെന്നപൊലെ, എന്ത് സുതാര്യതയാണ് ക.സഭയില്‍ ഇപ്പോഴുള്ളത്? ആരെയും ഒരു
കണക്കും ബോധിപ്പിക്കാതെ ഏതു ധൂര്‍ത്തിനും ആര്‍ഭാടത്തിനുംവേണ്ടി നിങ്ങള്‍ സഭയുടെ
പൊതുമുതലില്‍ കൈയിട്ടുവാരുകയാണ്. ഈ നാട്ടിലെതന്നെ ജനലക്ഷങ്ങളുടെ വിശപ്പിന്റെ വിളി
നിങ്ങള്‍ ശ്രദ്ധിക്കാറേയില്ലയെന്നത് ലജ്ജാകരവും സുവിശേഷവിരുദ്ധവുമായ ഒരു
ധര്മ്മച്യുതിയാണ്.
സീറോമലബാര്‍ സഭയുടെ ആരാധനക്രമം മൊത്തത്തില്‍
ഏകപക്ഷീയമായി നിങ്ങള്‍ കല്‍ദായമാക്കിക്കഴിഞ്ഞു. അതുപോലൊന്നാണ് മാനിക്കേയന്‍
കുരിശിന്റെ കഥയും. വിവാദപരമായ ഇത്തരം വിഷയങ്ങളിലേയ്ക്ക് ഇപ്പോള്‍
കടക്കുന്നില്ല.
യേശു വാക്കിലൂടെയും മാതൃകയിലൂടെയും പ്രഘോഷിച്ച ആത്മാവിലുള്ള
ദാരിദ്ര്യത്തിലൂടെ ജീവിതലാളിത്യത്തിലേയ്ക്ക് സഭാനേതൃത്വത്തെ മാടിവിളിക്കുന്ന
നമ്മുടെ പാപ്പായ്ക്ക് നിങ്ങള്‍ ഒട്ടും ചെവികൊടുക്കുന്നില്ലെന്ന് ജനങ്ങള്‍
മനസ്സിലാക്കുന്നുണ്ട്. അനുദിനമെന്നോണം പിടിമുറുകിവരുന്ന നിങ്ങളുടെ അധികാരകുത്തകയും
പരസ്യമായ ആഡംഭരശൈലികളും സഭാപൗരന്മാരെ നിങ്ങളില്‍നിന്ന് വളരെയധികം അകറ്റിക്കഴിഞ്ഞു.
എത്രയും വേഗം സഭാപൌരന്മാരുടെ അഖിലേന്ത്യാ പ്രാതിനിധ്യമുള്ള ഒരു സഭാസിനഡ്
വിളിച്ചുകൂട്ടേണ്ടിയിരിക്കുന്നു. അതുണ്ടാകാതെ, നിങ്ങളുടേതുമാത്രമായ ഒരു
മെത്രാന്‍സിനഡിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ സഭാപൂരിപക്ഷം ബാദ്ധ്യസ്ഥരല്ല എന്ന
സത്യം വൈകിയെങ്കിലും നിങ്ങളംഗീകരിക്കുന്നത് നന്നായിരിക്കും. കാരണം, അപക്വമായ
നിങ്ങളുടെ പോക്ക് എല്ലാ അതിരുകളെയും കവച്ചുവച്ചിരിക്കുന്നു. അതില്‍
പ്രതിഷേധിച്ച്, വിശ്വാസിസമൂഹത്തിന്റെ പ്രാതിനിധ്യമില്ലാതെ സമ്മേളിക്കുന്ന ഈ
മെത്രാന്‍സിനഡു് അെ്രെകസ്തവവും സഭാവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്,
തത്സമയത്തു തന്നെ ഒരു അല്മായ അസംബ്ലി നടത്താന്‍, വിവിധ െ്രെകസ്തവ സംഘടനകളും
ചിന്തകരും എഴുത്തുകാരും ചേര്‍ന്ന് തീരുമാനിച്ച കാര്യം നിങ്ങള്‍
അറിഞ്ഞിരിക്കുമല്ലോ. സഭാംഗങ്ങള്‍ എന്ന നിലയില്‍ പുരോഹിതരും സന്യസ്തരും
മെത്രാന്മാരും അതിലേയ്ക്ക് സമത്വദീക്ഷയോടെ സ്വാഗതം ചെയ്യപ്പെടും. വേദപുസ്തകം
തന്നെ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സാധുതയും ന്യായീകരണവും നല്‍കുന്നുവെന്ന്
മനസ്സിലാക്കാന്‍ അപ്പോ. പ്രവ. 6,16, 6, 24; എ.ഡി. 140ല്‍ പ്രസിദ്ധീകൃതമായ
'ഡിഡാക്കെ' എന്നിവ തുറന്നുനോക്കേണ്ടതേയുള്ളൂ. സഭയുടെ ആദ്ധ്യാത്മിക, ഭൌതിക
കാര്യങ്ങളില്‍ വിശ്വാസിസമൂഹത്തിനുണ്ടായിരുന്ന മേല്‍ക്കൈയാണ് ഈ അപ്പോസ്തലരേഖകള്‍
തെളിയിക്കുന്നത്. ഇതേ രീതിയാണ് സഭാകാര്യങ്ങളില്‍ ഭാരത നസ്രാണിസഭയിലും
നിലനിന്നിരുന്നത് എന്ന് നിങ്ങളെ ഞങ്ങള്‍ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ.
തങ്ങളുടെ പള്ളിയോഗപാരമ്പര്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ പറഞ്ഞ
അല്മായ അസംബ്ലിയും. തന്നെയല്ല, സഭാനവീകരണത്തിനു മുന്നിട്ടിറങ്ങാന്‍ എല്ലാ
സഭാമക്കളെയും ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ ഫ്രാന്‍സിസ് പാപ്പായ്ക്കു
കൊടുക്കാവുന്ന ഏറ്റവും വലിയ പിന്തുണയായും ഞങ്ങളിതിനെ
വിലയിരുത്തുന്നു.
മെത്രാന്മാര് യോഗംചേര്‍ന്ന് ഏകപക്ഷീയമായി എടുക്കുന്ന
തീരുമാനങ്ങള്‍ സാധാരണ വിശ്വാസികളുടെമേല്‍ ഉടമ അടിമ വ്യവസ്ഥിതിയിലെന്നതുപോലെ
അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സഭയില്‍
നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റം വരുത്തിയേ തീരൂ. ഇത്തരം ഏകപക്ഷീയമായ
തീരുമാനങ്ങള്‍ വിശ്വാസികളുടെമേല്‍ ഇനിയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന്
പ്രഖ്യാപിച്ചുകൊണ്ട് സഭാകാര്യങ്ങളില്‍ അവരുടെ സുചിന്തിതമായ അഭിപ്രായങ്ങള്‍
പരസ്യമായി പ്രകടിപ്പിക്കുന്നതിനായി മെത്രാന് സിനഡിനു സമാന്തരമായി കൂടുന്ന അല്മായ
അസ്സംബ്ലി ചര്‍ച്ചയ്ക്കെടുത്ത് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന
വിഷയങ്ങള്‍ താഴെ കൊടുക്കുന്നു. 1. ക്രിസ്തീയസഭയുടെ ആത്മീയമണ്ഡലവും ഭൗതികമണ്ഡലവും
തമ്മിലുള്ള വേര്‍തിരിവ് 2. സഭയെ ആത്മീയതയിലൂടെ നയിക്കുന്നതിന്
മാര്‍ഗദീപങ്ങളായിരിക്കേണ്ടവരായ മെത്രാന്മാരുടെ െ്രെകസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങളും
സാമൂഹിക തിന്മകളും 3. പൗരസ്ത്യ കാനോന്‍ നിയമത്തിന്റെയും പള്ളിയോഗ
നടപടിക്രമങ്ങളുടെയും രൂപതാനിയമങ്ങളുടെയും പരസ്പര വൈരുദ്ധ്യങ്ങള്‍ 4. പ്രസ്തുത
നിയമങ്ങളും ക്രിസ്തീയ വിശ്വാസതത്ത്വങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ 5.
പ്രസ്തുത നിയമങ്ങളും ഇന്ത്യന്‍ ദേശീയതയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ 6. പ്രസ്തുത
നിയമങ്ങളും ഇന്ത്യന്‍ ഭരണഘടനയും തമ്മിലുള്ള വൈരുദ്ധ്യങ്ങളും മെത്രാന്മാരും
വത്തിക്കാനുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും രാജ്യദ്രോഹ കുറ്റങ്ങളും 7.
നസ്രാണിസഭയുടെ അപ്പൊസ്തല പൈതൃകവും സഭാപാരമ്പര്യവും പ്രവര്‍ത്തനങ്ങളും 8.
നസ്രാണിസമൂഹത്തിന്റെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും
ആര്‍ജ്ജിതസ്വഭാവവും മൂലരേഖകളും വിലയിരുത്തല്‍, തീരുമാനങ്ങളെടുക്കല്‍ 9. യേശുവിന്റെ
പ്രബോധനങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും മാത്രമല്ല, സന്മാര്‍ഗ്ഗത്തിനും മാനുഷികമായ
സ്വാഭാവിക നീതിക്കുതന്നെയും വിരുദ്ധമായി മെത്രാന്മാരില്‍നിന്നും പുരോഹിതരില്‍
നിന്നും അല്‍മായരനുഭവിക്കുന്ന പീഡനങ്ങള്‍. 10. ഇന്ത്യന്‍ ദേശീയതക്കും ഇന്ത്യന്‍
ഭരണഘടനക്കും വിധേയമായ സഭാനിയമങ്ങളുടെ നിര്‍മ്മാണം.
സ്നേഹാദരവുകളോടെ,
സക്കറിയാസ് നെടുങ്കനാല്‍ znperingulam@gmail.com,
ചാക്കോ കളരിക്കല്‍
ckalarickal10@hotmail.com, ജോസഫ് മറ്റപ്പള്ളി jmattappally@gmail.com, ജോസഫ്
പടന്നമാക്കല്‍ padannamakkel@yahoo.com, ജോര്‍ജ് മൂലേച്ചാലില്‍ gmool@yahoo.com,
ജോസ് ആന്റണി മൂലേച്ചാലില്‍ josantonym@gmail.com, തോമസ് പെരുംപള്ളില്‍
tperumpallil@gmail.com, ജിജോ ബേബി ജോസ് j.babyjose@edu.salford.ac.uk, ബാബു
പാലത്തുംപാട്ട്, ജര്‍മനി babu.palath@gmail.com, Joy Paul Puthussery
joypaulp@hotmail.com, Mathew M Tharakunnel mtharakunnel@gmail.com, Theresia
Manayath theresiamanayath@gmail.com, Shaji Joseph:
shajikjoseph@hotmail.com,
Joseph Kalarickal: jskalarickal@yahoo.com, Thomas
Koovalloor: tjkoovalloor@live.com,
Thomas Thomas: tthomas07@hotmail.com,
Jacob Kallupurackal: jkallupu@hotmail.com,
Jose Kalliduckil:
jose.kalliduckil@gmail.com, Joseph Mannancheril mannan110@hotmail.com